റോമ്മെൽ ബാസ്ക്കോയ്ക്ക് വയസ് അമ്പത്തിയഞ്ചായി. റോസ്​ലിൻ ഫെറർക്ക് അമ്പതും. വലിയ ആഘോഷപൂർവമായിരുന്നു ഇവരുടെ വിവാഹം. തൂവെള്ള വസ്ത്രമൊക്കെയണിഞ്ഞ് ശരിക്കും ആർഭാ​ടപൂർവം തന്നെ. സാക്ഷികളായി ആറ് മക്കളും.

ധനികരായ കമിതാക്കളുടെ വിനോദമാണിതെന്ന് തെറ്റിദ്ധരിക്കേണ്ട. വലിയൊരു കഥയുണ്ട് ഇവരുടെ വിവാഹത്തിന്.  ധനികർ പോയിട്ട് നിത്യവൃത്തിക്ക് തന്നെ വകയില്ല ഇവർക്ക്. ഔദ്യോഗികമായി വിവാഹിതരാകും മുൻപ് ഇരുപത്തിനാല് വർഷം ഫിലിപ്പീൻസിലെ തെരുവിൽ പാട്ട പെറുക്കി ഉപജീവനം കഴിക്കുകയായിരുന്നു  അവർ. തല ചായ്ക്കാൻ സ്വന്തമായി ഒരു കൂരപോലുമുണ്ടായിരുന്നില്ല ഇവർക്കും ആറ് മക്കൾക്കും.

തെരുവിൽ കഴിയുമ്പോഴും പഴയ പാട്ടയും കുപ്പിയും പെറുക്കി ജീവിക്കുമ്പോഴും വിവാഹത്തിനുള്ള സാഹചര്യമൊന്നുമുണ്ടായിരുന്നില്ല ഇവർക്ക്. എങ്കിലും ചെറിയൊരു മോഹം ഇരുവരും മനസിൽ ഒളിപ്പിച്ചുവച്ചു. സാമാന്യം ഭേദപ്പെട്ട രീതിയിലുള്ള ഒരു വിവാഹം. പഴയ പാട്ട പെറുക്കുന്നതിനിടെ പരിചയപ്പെട്ട ഹെയർ ഡ്രസ്സറായ റിച്ചാർഡ് സ്ട്രാൻഡ്സുമായുള്ള അടുപ്പമാണ് ഇവരുടെ സ്വപ്നസാക്ഷാത്കാരത്തിന് വഴിവച്ചത്. ഇവരുടെ ദുരിതജീവിതം അടുത്തറിഞ്ഞ സ്ട്രാൻഡ്സ് കൂട്ടുകാരുമായി ബന്ധപ്പെട്ട് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. വിവാഹത്തിനുള്ള ലൈസൻസ് സംഘടപ്പിച്ചതും ഫോട്ടോഷൂട്ടിനുവേണ്ട ഒരുക്കങ്ങൾ നടത്തിയതും പള്ളിയിൽ വച്ചുള്ള വിവാഹത്തിനുള്ള  പണം കണ്ടെത്തിയതുമെല്ലാം സ്ട്രാൻഡ്സ് തന്നെ. യഥാർഥ സ്നേഹം ആഘോഷിക്കപ്പെടേണ്ടതാണ്. നിങ്ങൾ  പണക്കാരനാണോ പാവപ്പെട്ടവനാണോ എന്നതൊന്നും ഒരു വിഷയമല്ല-സ്ട്രാൻഡ്സ് പറഞ്ഞു.

റൊമ്മെൽ ഒരു വെള്ള സ്യൂട്ടും റോസ്​ലിൻ ഒരു വെള്ള ഗൗൺ ധരിച്ചുമാണ് വിവാഹത്തിനെത്തിയത്. ഇത്തരമൊരു വിവാഹവേഷം ചെറുപ്പകാലം മുതലുള്ള തന്റെ മോഹമായിരുന്നുവെന്ന് റോസ്​ലിൻ പറഞ്ഞു. ഞങ്ങളുടെ പക്കൽ ഒട്ടും പണമുണ്ടായിരുന്നില്ല. എങ്ങനെയും ഭക്ഷണം കണ്ടെത്തുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ-റോസ്​ലിൻ പറഞ്ഞു.

Content Highlights: Homeless Couple for 24 Years to Get Married