കറുത്ത ടാര്‍പായ കൊണ്ട് മറച്ച ഒറ്റമുറി ഷെഡിന്റെ മുമ്പില്‍ ജീവിതത്തില്‍ ആദ്യമായി സ്കൂള്‍ യൂണിഫോം ധരിച്ച് ബാഗുമായി നിന്നപ്പോള്‍ മോത്തി ദിവ്യക്ക് അമ്പരപ്പും കൗതുകവും അടക്കാന്‍ കഴിഞ്ഞില്ല. അവളുടെ ശ്രദ്ധമുഴുവന്‍ യൂണിഫോം ഷര്‍ട്ടിലായിരുന്നു അതില്‍ പിടിച്ചുനോക്കിയും ഇടയ്ക്ക് കൈയിലുള്ള നോട്ട്ബുക്കിന് പെന്‍സില്‍ കൊണ്ട് വരച്ചുമൊക്കെ അവള് തന്റെ അത്ഭുതം പ്രകടിപ്പിച്ചു. ഇന്നലെ വരെ സ്കൂളില്‍ പോകുന്ന കുട്ടികളെ കൊതിയോടെ നോക്കിരുന്ന ദിവ്യയ്ക്ക് ഇത് ഒരു സ്വപ്ന സാക്ഷാത്ക്കാരമാണ്. ഒപ്പം വിശപ്പടക്കാമെന്ന ആശ്വാസവും. ഇന്നലെ വരെ ആ കുഞ്ഞു ജീവിതം ഇങ്ങനെയായിരുന്നില്ല.
ഒറ്റ ദിവസം കൊണ്ട്, ഒരു ചിത്രം ദിവ്യയുടെ ജീവിതം മാറ്റിമറിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയും പതിവുപോലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടി ഷെഡ്ഡിന് 300 മീറ്റര്‍ ദൂരെയുള്ള ഗുഡിമല്ക്പൂര് (ഹൈദരബാദ് ) ദോല് ജം സിങ് സര്‍ക്കാര്‍ സ്കൂളില്‍ എത്തിയതായിരുന്നു ദിവ്യ. മുഷിഞ്ഞ വസ്ത്രം ധരിച്ച് കൈയില്‍ ഒരു പഴകിയ അലുമിനിയം പാത്രവുമായി ദിവ്യ ക്ലാസ് മുറിയുടെ വാതില്ക്കല് നിന്ന് അകത്തേയ്ക്ക് എത്തിനോക്കി. സ്കൂളിലെ കുട്ടികള്‍ കഴിച്ചിട്ട് ബാക്കിവരുന്ന ഭക്ഷണം വേണം അവള്‍ക്ക് കഴിക്കാന്‍, അതാണ് പതിവ്.

ഡെങ്കിപ്പനി ബാധയെ കുറിച്ചുള്ള വാർത്തയ്ക്കായി കുറച്ച് ചിത്രങ്ങള്‍ എടുക്കുന്നതിന് വേണ്ടിയെത്തിയ തെലുങ്ക് പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ അവുല ശ്രീനിവാസിന്റെ കണ്ണിൽ ഈ നിൽപ് പതിഞ്ഞു. ദിവ്യയുടെ നില്‍പ്പ് അവുല ക്യാമറയിലാക്കി. 'വിശപ്പിന്റെ നോട്ടം' എന്ന അടിക്കുറിപ്പോടെ ചിത്രം പിറ്റേന്ന് തന്നെ പത്രത്തില്‍ പ്രസിദ്ധീകരിച്ചു.
ഈ ചിത്രം എം.വി. ഫൗണ്ടേഷന് എന്ന എന്‍.ജി.ഒയുടെ ദേശീയ കണ്‍വീനര്‍ വെങ്കിട്ട റെഡ്ഡിയുടെ ശ്രദ്ധയിൽ പെട്ടു. ഇതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. റെഡ്ഡി സ്കൂള്‍ മാനേജുമെന്റുമായി ബന്ധപ്പെട്ട് ദിവ്യയ്ക്ക് സ്കൂളില്‍ പ്രവേശനം നേടിക്കൊടുത്തു. മുഷിഞ്ഞ വസ്ത്രങ്ങള്‍ക്ക് പകരം പുത്തന്‍ യൂണിഫോം വസ്ത്രങ്ങള്‍ വാങ്ങി നൽകി. അന്നുവരെ ഭക്ഷണത്തിനായി കാത്തുനിന്ന സ്കൂളില്‍ ദിവ്യയ്ക്ക് സൗജന്യ ഭക്ഷണവും വിദ്യാഭ്യാസവും ഉറപ്പാക്കി.

സ്കൂളിനടുത്തുള്ള ചേരിയിലാണ് ദിവ്യയും കുടുംബവും താമസിക്കുന്നത്. അച്ഛന് മാലിന്യ ശേഖരണമാണ് ജോലി. അമ്മ പലയിടങ്ങളിലായി തൂപ്പുജോലി ചെയ്തുവരുന്നു. രണ്ടുപേരുടെയും വരുമാനം കൂട്ടിവച്ചാലും മകളെ സ്കൂളില്‍ വിട്ട് പഠിപ്പിക്കാന്‍ തികയുമായിരുന്നില്ല.

ദിവ്യയുടെ വീട്ടിലും സമീപമുള്ള വീടുകളിലും വൈദ്യുതിയും ശുദ്ധജലവും ലഭ്യമല്ലെന്ന് ദിവ്യയുടെ വീട് സന്ദർശിച്ച ശേഷം വെങ്കിട്ട റെഡ്ഡി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു. പലപ്പോഴും മലിനജലം ഉപയോഗിച്ചാണ് ഇവര്‍ വീട്ടുകാര്യങ്ങള്‍ പോലും നടത്തുന്നത്. കുട്ടികള്‍ക്കായി കോളനിയില്‍ ഒരു അംഗനവാടി പോലും ഇല്ല. കോളനിയിലെ പല കുട്ടികളും വിദ്യാഭ്യാസം പാതിവഴിക്ക് ഉപേക്ഷിച്ചവരാണ്. മാത്രമല്ല ചില കുട്ടികള്‍ പോലീസ് കേസുകളിൽ പെട്ടിട്ടുണ്ടെന്നും റെഡ്ഡി കുറിപ്പിൽ വ്യക്തമാക്കുന്നു.