രുപത്തിയൊന്നു വർഷങ്ങൾക്കിപ്പുറം വീണ്ടും ഇന്ത്യൻ സുന്ദരി മിസ് യൂണിവേഴ്സ് രാജ്യത്തിലെത്തിച്ചിരിക്കുകയാണ്. ചണ്ഡി​ഗഢ് സ്വദേശിയായ ഇരുപത്തിയൊന്നുകാരി ഹർനാസ് കൗർ സിന്ധുവാണ് വിജയപ്പട്ടം അണിഞ്ഞത്. ഹർനാസിന് വിജയകിരീടം നേടിക്കൊടുത്ത ചോദ്യവും അതിനു നൽകിയ ഉത്തരവും എന്താണ് എന്നറിയാൻ കാത്തിരിക്കുകയായിരുന്നു പലരും. ഇപ്പോഴിതാ അവ എന്താണെന്ന് പുറത്തു വന്നിരിക്കുകയാണ്, 

ടോപ് ഫൈവ് റൗണ്ടിൽ കാലാവസ്ഥാ  വ്യതിയാനവുമായി ബന്ധപ്പെട്ട ചോ​ദ്യമാണ് നേരിട്ടത്. കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണെന്നാണ് നിരവധി പേർ കരുതുന്നത്. അത്തരക്കാരെ യാഥാർഥ്യം ബോധ്യപ്പെടുത്താൻ എന്തു ചെയ്യാൻ കഴിയും എന്നായിരുന്നു ചോദ്യം. പ്രകൃതി കടന്നുപോകുന്ന പ്രശ്നങ്ങൾ കാണുമ്പോൾ തന്റെ ഹൃദയം തകരാറുണ്ടെന്നും അവയിലേറെയും നമ്മുടെ നിരുത്തരവാദപരമായ പ്രവർത്തി കൊണ്ടാണെന്നും പറഞ്ഞാണ് ഹർനാസ് തുടങ്ങിയത്. സംസാരം കുറച്ച് പ്രവർത്തിക്കാനുള്ള സമയമായി. കാരണം ഓരോ ചുവടും പ്രകൃതിയെ നശിപ്പിക്കുകയോ അല്ലെങ്കിൽ സംരക്ഷിക്കുകയോ ചെയ്യുന്നതാണ്. മനസ്താപപ്പെടുകയും പരിഹരിക്കുകയും ചെയ്യുന്നതിനേക്കാൾ നല്ലത് പ്രതിരോധിക്കുകയും സംരക്ഷിക്കുകയുമാണ്. ഇതാണ് നിങ്ങളോട് എനിക്ക് ബോധ്യപ്പെടുത്താനുള്ളത്- ഹർനാസ് പറഞ്ഞു. 

ടോപ് ത്രീ റൗണ്ടിൽ പെൺകുട്ടികളുമായി ബന്ധപ്പെട്ട ചോദ്യമാണ് ഹർനാസ് നേരിട്ടത്. ചെറിയ പെൺകുട്ടികൾ ഇന്ന് നേരിടുന്ന സമ്മർ​​ദങ്ങളെ നേരിടാൻ എന്ത് ഉപദേശമാണ് നൽകുക എന്നതായിരുന്നു അത്. അവനവനിൽ വിശ്വസമില്ലാതിരിക്കുക എന്നതാണ് ഇന്നത്തെ യുവത നേരിടുന്ന പ്രധാന സമ്മർദം എന്നു പറഞ്ഞാണ് ഹർനാസ് ആ ഉത്തരം ആരംഭിച്ചത്. നിങ്ങൾ വ്യത്യസ്തരാണെന്നും അതാണ് നിങ്ങളെ മനോഹരമാക്കുന്നതെന്നും തിരിച്ചറിയുക. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കുക, പകരം ലോകത്ത് സംഭവിക്കുന്ന മറ്റു പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കാം. അതാണ് നിങ്ങൾ മനസ്സിലാക്കേണ്ടത് എന്നാണ് ഞാൻ കരുതുന്നത്. പുറത്തു വന്ന് നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, കാരണം നിങ്ങളുടെ ജീവിതത്തിന്റെ ലീഡർ നിങ്ങളാണ്. നിങ്ങളുടെ സ്വരം നിങ്ങളാണ്. ഞാൻ എന്നിൽ വിശ്വസിച്ചു. അതാണ് ഞാൻ ഇന്നിവിടെ നിൽക്കാൻ കാരണം- ഹർനാസ് പറഞ്ഞു. 

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് തനിക്ക് അവസരം കിട്ടുന്ന വേദികളിൽ സംസാരിക്കാറുള്ളയാളുമാണ് ഹർനാസ്. പ്രിയങ്കാ ചോപ്രയാണ് തന്റെ പ്രചോദനം എന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്. ആ​ഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനയത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുകൾ പങ്കുവെക്കാറുള്ളയാളാണ് ഹർനാസ്.

1994 ല്‍ സുസ്മിത സെന്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്. രണ്ടായിരത്തില്‍ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഹർനാസ് ആണ് വീണ്ടും ഇന്ത്യക്കായി കിരീടം നേടുന്നത്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹര്‍നാസ് സന്ധുവിന്റെ കിരീടനേട്ടം.

 

2020 ലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. പരാഗ്വേ ഫസ്റ്റ് റണ്ണര്‍അപ്പും ദക്ഷിണാഫ്രിക്ക സെക്കന്‍ഡ് റണ്ണറപ്പുമായി.

വിശ്വസുന്ദരി മത്സരത്തിൽ നിന്നുള്ള ഹർനാസ് സന്ധുവിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം

Content Highlights: harnaaz sandhu winning answer, harnaaz sandhu miss universe, harnaaz sandhu miss universe 2021 india