ഹിജാബി മോഡല്‍ എന്ന പേരില്‍ ലോകശ്രദ്ധ നേടിയ വനിതയാണ് ഹലീമ ഏഡന്‍. എന്നാല്‍ താന്‍ മോഡലിങ്ങ് വിടുകയാണെന്ന പ്രസ്താവന കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇവര്‍ പുറത്ത് വിട്ടത്. ഫാഷന്‍ ലോകം ഞെട്ടലോടെയാണ് ഈ വാര്‍ത്ത സ്വീകരിച്ചത്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിടവാങ്ങലിനെ കുറിച്ച് ഹലീമ വ്യക്തമാക്കിയത്.

മോഡലിങ്ങില്‍ എന്റെ ഹിജാബിനെയും ഒപ്പം കൂട്ടാനാണ് ആഗ്രഹിച്ചത് ഇക്കാര്യത്തില്‍ ഞാനെന്റെ ടീമിനെ വിശ്വിസിച്ചു. സ്റ്റൈലിങ്ങിന്റെ ഭാഗമായി സാധാരണ ഹിജാബിന് പകരം അവര്‍ ജീന്‍സ് വെച്ചു. ഒരോ ഷൂട്ട് കഴിയുമ്പോഴും എന്റെ ഹിജാബിന്റെ അളവ് ചെറുതായി കൊണ്ടിരുന്നു. ചിലപ്പോള്‍ കഴുത്ത് കാണിക്കേണ്ടി വന്നു

ഫാഷന്‍ വ്യവസായത്തിലെ ആളുകള്‍ വളരെ ചൂഷണകാരികളാണെന്നും വൈവിധ്യത്തെ പലപ്പോഴും ചുരുക്കുന്നുവെന്നും ഇവര്‍ പറയുന്നു.മോഡലുകളെ ചൂഷണം ചെയ്യാന്‍ എളുപ്പമാണെന്ന് ചിന്തിക്കുന്നവരാണ് ഈ ഇന്‍ഡസ്ട്രിയിലെ ഭൂരിഭാഗം പേരും. ക്യാറ്റ് വാക്കില്‍ മാത്രം വൈവിധ്യം കൊണ്ടു വന്നാല്‍ പോര. എല്ലാ വിഭാഗങ്ങളിലും വൈവിധ്യം ആവശ്യമാണ്.

തനിക്ക് പിറകേ വന്ന ഹിജാബി മോഡലുകള്‍ നിരവധി വിവേചനം നേരിട്ടുവെന്നും വസ്ത്രം മാറാന്‍ ൃത്യമായ ഡ്രെസ്സിങ്ങ് റൂം നല്‍കിയില്ലെന്നും ഹലീമ പറയുന്നു.തന്റെ തുറന്ന്പറച്ചില്‍ നിരവധി പേര്‍ക്ക് ശക്തി നല്‍കിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.

2016 ലാണ് ഹിജാബി മോഡലായി മിസ് മിനിസോട്ട മത്സരത്തില്‍ ഇവര്‍ പങ്കെടുക്കുന്നത്. പിന്നീട് ഐ.എം.ജി മോഡല്‍സില്‍ കരാര്‍ ഒപ്പുവെയ്ക്കുകയായിരുന്നു. 2019 ല്‍  ബുര്‍ക്കിനി അണിഞ്ഞ ആദ്യ മോഡല്‍ എന്ന പേരില്‍ ഹലീമ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Content Highlights: Halima Aden on quitting modelling