പൊതുസ്ഥലങ്ങളില്‍ വച്ച് കുഞ്ഞിനെ മുലയൂട്ടുന്നത് അപമാനമായി കണക്കാക്കുന്ന ചിലരുണ്ട്. പൊതുസ്ഥലത്തെ തുറിച്ചു നോട്ടങ്ങള്‍ക്കിടെ കുഞ്ഞിനു പാല്‍ കൊടുക്കാന്‍ സാധിക്കാത്ത അമ്മമാരുമുണ്ട് നമുക്കു ചുറ്റും. എന്നാല്‍ ഹാഫ് മാരത്തോണ്‍ ഓട്ടത്തിനിടെ മാറില്‍ ചുരന്നപാല്‍ കുഞ്ഞിനു കരുതി വച്ച അമ്മയെ അറിയണോ? അതാണ് അന്ന യങ്ങ് എന്ന അമേരിക്കക്കാരി.

അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ അമ്മയാണ് അന്ന. 13 മൈല്‍ അഥവാ 21കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തോണില്‍ പങ്കെടുക്കുകയായിരുന്നു അന്ന. സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നടക്കുന്ന ഹാഫ് മാരത്തോണില്‍ പങ്കെടുക്കാന്‍ മകള്‍ ജനിക്കുന്നതിനും മുമ്പേ അന്ന രജിസ്റ്റര്‍ ചെയ്തിരുന്നു. അങ്ങനെ അന്ന മാരത്തോണില്‍ പങ്കെടുക്കുകയും ചെയ്തു. 

6.45 നായിരുന്നു മാരത്തോണ്‍ ആംരഭിച്ചത്. ഇതില്‍ പങ്കെടുക്കാന്‍ പുലര്‍ച്ചെ നാലേ മുക്കാലോടെ അന്ന സാള്‍ട്ട് ലേക്ക് സിറ്റിയിലേക്കു തിരിച്ചു. ഓട്ടം ആരംഭിച്ചു. എട്ടു കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും അന്നയുടെ മാറില്‍ കുഞ്ഞിനുള്ള പാല്‍ നിറഞ്ഞു. ബ്രസ്റ്റ് മില്‍ക്കിങ് മെഷീന്‍ ഉപയോഗിച്ച് ഓട്ടത്തിനിടയില്‍ അവള്‍ പാല്‍ ശേഖരിച്ചു. ബാക്കി ദൂരം പൂര്‍ത്തിയാക്കിയ ശേഷം ശേഖരിച്ച പാല്‍ കുഞ്ഞിനു നല്‍കുകയും ചെയ്തു.

ഇതു മാത്രമല്ല, മെഷീനുപയോഗിച്ച് പാല്‍ ശേഖരിക്കുന്നതിന്റെ ചിത്രം അന്ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. നോര്‍മലൈസ് ബ്രസ്റ്റ് ഫീഡിങ് എന്ന ഹാഷ്ടാഗോടെ ഇട്ട പോസ്റ്റിന് ഇതിനോടകം 1984 ഷെയറും പതിനൊന്നായിരത്തിലേറെ റിയാക്ഷനുകളുമാണ് ലഭിച്ചിട്ടുള്ളത്. പൊതുസ്ഥലങ്ങളില്‍ വച്ച് കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് അപമാനകരമാണെന്നു കരുതുന്നവര്‍ക്കുള്ള മറുപടിയാണ് അന്നയുടെ പ്രവൃത്തിയും പോസ്റ്റും. 

അന്നയുടെ പോസ്റ്റ്

ഫോട്ടോ: ഫേസ്ബുക്ക് / അന്ന യങ്