പെൺകുട്ടികൾക്ക് പ്രായപൂർത്തിയാവുമ്പോഴേക്കും വിവാഹം കഴിപ്പിച്ചയക്കാൻ പദ്ധതിയിടുന്ന വീട്ടകങ്ങളുണ്ട്. വിദ്യാഭ്യാസത്തിനും കരിയറിനുമൊക്കെ സ്ത്രീകൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്ന ഈ കാലത്തു തന്നെയാണ് പ്രായം തികയും മുമ്പുപോലും വിവാഹങ്ങൾ നടക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത് ഒരു വധുവിന്റെ വീഡിയോ ആണ്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം പകരുന്ന വധുവാണ് വീഡിയോയിലുള്ളത്.

​ഗുജറാത്തിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. വിവാഹവേഷത്തിൽ ഒരുങ്ങിയെത്തിയ യുവതി പരീക്ഷ എഴുതുന്നതാണ് വീഡിയോയിലുള്ളത്. ചുവപ്പ് നിറത്തിലുള്ള ലെഹം​ഗയും ആഭരണങ്ങളുമൊക്കെ ധരിച്ചെത്തിയ ശിവാം​ഗി ഭ​ഗ്ദാരിയ പരീക്ഷ എഴുതുന്നത് കാണാം. പരീക്ഷ തീർന്നയുടൻ നേരെ വിവാഹവേദിയിലേക്ക് പോവുകയാണ് ശിവാം​ഗി ചെയ്തത്. 

ശാന്തി നികേതൻ കോളേജ് വിദ്യാർഥിനിയായ ശിവാം​ഗി ബിഎസ്ഡബ്യു വിദ്യാർഥിനിയാണ്. അഞ്ചാം സെമസ്റ്റർ പരീക്ഷയും വിവാഹവും ഒരേ ദിനമായതിനാൽ ഇരുകാര്യങ്ങളും വിട്ടുവീഴ്ച ചെയ്യാതെ കൈകാര്യം ചെയ്യുകയായിരുന്നു ശിവാം​ഗി. 

പരീക്ഷാതീയതി പുറത്തു വരും മുമ്പായിരുന്നു ശിവാം​ഗിയുടെ വിവാഹം നിശ്ചയിച്ചത്. അപ്രതീക്ഷിതമായാണ് വിവാഹം നിശ്ചയിച്ച ദിനം തന്നെ പരീക്ഷയും വന്നത്. അങ്ങനെയാണ് പരീക്ഷ പ്രധാനമാണെന്നും അതിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ശിവാം​ഗിയും കുടുംബവും തീരുമാനിച്ചത്. ശേഷം വിവാഹവേഷത്തിൽ പരീക്ഷാ ഹാളിലെത്തി പരീക്ഷയും തീർത്ത് വിവാഹവേദിയിലേക്ക് പോവുകയാണുണ്ടായത്. 

നിരവധി പേരാണ് ശിവാം​ഗിക്ക് അഭിനന്ദനവുമായെത്തിയത്. വിവാഹത്തോടെ പഠനം ഉപേക്ഷിക്കുന്നവരും വിവാഹത്തിനു വേണ്ടി വിദ്യാഭ്യാസം മാറ്റിവെക്കുന്നവരുമൊക്കെ ശിവാം​ഗിയെ കണ്ടു പഠിക്കണമെന്നാണ് വീഡിയോക്ക് കീഴെ കമന്റുകൾ വരുന്നത്. 

Content Highlights: exam on wedding day, gujarat bride viral video, exam on wedding day, bride writing exam, viral wedding videos