2019 ഒക്ടോബറില്‍ കോഴിക്കോട് പന്നിയങ്കര മാനാരി ഇസ്ലാഹിയ പള്ളി വരാന്തയില്‍ നാലുദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തയത് പത്രമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്തതിനാല്‍ ചികിത്സ തേടുന്ന ഒട്ടേറെ ദമ്പതിമാർ തങ്ങള്‍ക്കു കുഞ്ഞിനെ തരുമോ എന്ന് ചോദിച്ച് പോലീസ് സ്റ്റേഷനിലും ശിശുക്ഷേമ സമിതി മുമ്പാകെയും എത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാല്‍, കുഞ്ഞിനെ ദത്തെടുക്കുന്നതിന് ഒട്ടേറെ നിയമനടപടികളുണ്ടെന്നും അവ പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമെ ദത്തെടുക്കാന്‍ കഴിയുള്ളൂവെന്ന് കാണിച്ച് അധികൃതര്‍ അവരെ മടക്കി അയക്കുകയായിരുന്നു. ഇപ്പോൾ പ്രസവിച്ച് മൂന്നാം നാൾ തന്റെ പക്കൽനിന്നും മാതാപിതാക്കൾ തന്റെ കുഞ്ഞിനെ വേർപെടുത്തി ദത്തു നൽകിയെന്ന ആരോപണവുമായി അനുപമ എസ്. ചന്ദ്രനും ഭർത്താവ് അജിത്തും രംഗത്തെത്തിയതോടെ ദത്തെടുക്കലും നടപടികളും വീണ്ടും ചർച്ചയായിരിക്കുകയാണ്. 

കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് സംബന്ധിച്ച് നമ്മുടെ സമൂഹത്തില്‍ പല മിഥ്യാധാരണകളും നിലനില്‍ക്കുന്നുണ്ട്. ദത്തെടുക്കലിന് ആവശ്യമായ നടപടികളേതൊക്കെയെന്നും ആര്‍ക്കൊക്കെയാണ് ദത്തെടുക്കാന്‍ കഴിയുകയെന്നും വിശദമായി അറിയാം.

ദത്തെടുക്കാവുന്നത് ആരെ?

അനാഥരും മാതാപിതാക്കള്‍ ഉപേക്ഷിച്ചവരും ഏല്‍പിച്ചുകൊടുക്കപ്പെട്ടവരുമായ കുട്ടികളെയാണ് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ CARA (Central Adoption Resource Authority) മാര്‍ഗനിര്‍ദേശം പ്രകാരം ദത്തെടുക്കാന്‍ കഴിയുന്നത്. ദത്തെടുക്കലിന് ഇന്ത്യയിലൊട്ടാകെ ഒരു മാനദണ്ഡവും നിയമവുമാണ് ഉള്ളത്.

ആര്‍ക്കൊക്കെ ദത്തെടുക്കാം?

ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായി സ്ഥിരതയും കഴിവുമുള്ള ഏതൊരു വ്യക്തിക്കും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്കും സ്വന്തം മക്കളുള്ള മാതാപിതാക്കള്‍ക്കും ദത്തെടുക്കാവുന്നതാണ്.

'വിവാഹം കഴിഞ്ഞ ദമ്പതികളാണെങ്കില്‍ രണ്ടുവര്‍ഷത്തിനുശേഷമാണ് ദത്തെടുക്കാനുള്ള അനുമതി ഉള്ളത്. ഒട്ടേറെ തവണ കൗണ്‍സിലിങ് നടത്തി നേരിട്ട് സംസാരിച്ചതിനുശേഷം ദത്തെടുക്കുന്നവരുടെ ചുറ്റുപാടുകളും ആരോഗ്യസ്ഥിതിയും മറ്റേതെങ്കിലും ബന്ധങ്ങളുള്ളവരാണോ എന്നൊക്കെ അന്വേഷിച്ചതിനുശേഷമാണ് ദത്തെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോകുക'-കോഴിക്കോട് സെന്റ് ജോസഫ് ഫോണ്ടലിങ് ഹോമിലെ സോഷ്യല്‍ വര്‍ക്കര്‍ അതുല്യ കെ. പറഞ്ഞു.

ഒരു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിലോ അല്ലെങ്കില്‍ അമ്മതൊട്ടിലിലോ കണ്ടെത്തിയാല്‍ ആ കുഞ്ഞിന്റെ പേരില്‍ സമീപത്തുള്ള പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണം.

സാധാരണഗതിയിൽ കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾ ബോധപൂർവം കുഞ്ഞിനെ ദത്തുനൽകാൻ അനുമതി നൽകി കഴിഞ്ഞാൽ പിന്നീട് കുഞ്ഞിനെ അവർക്കുതന്നെ തിരികെ ലഭിക്കാൻ നിലവിലെ നിയമം അനുവദിക്കുന്നില്ല. 

മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ കുട്ടികളെ ദത്തുനല്‍കാനുള്ള നടപടിക്രമങ്ങള്‍

മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്ന കേസുകളില്‍ കുട്ടികളെ ശിശു ക്ഷേമസമിതിയില്‍ രണ്ടുതരത്തിലാണ് ഏല്‍പിക്കപ്പെടുക. അവര്‍ നിയമപരമായി കുട്ടികളെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പിക്കുകയാണ് ഒന്ന്. കുട്ടിയെ ബോധപൂര്‍വം ഏല്‍പിക്കുന്നതായിട്ടുള്ള എല്ലാ രേഖകളും അവര്‍ കൈമാറണം. ഇന്ത്യയിലും വിദേശത്തും ദത്തു നല്‍കാന്‍ സമ്മതമാണെന്നും ഭാവിയില്‍ കുട്ടി മാതാപിതാക്കളെ തിരഞ്ഞുവന്നാല്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറരുത് എന്നീ കാര്യങ്ങള്‍ സറണ്ടര്‍ ഡീലായി നല്‍കണം. ഇക്കാര്യം നന്നായി വായിച്ച് മനസ്സിലാക്കിയതിനുശേഷം കരാറില്‍ മാതാപിതാക്കള്‍ ഒപ്പു വയ്ക്കണം. ശിശുക്ഷേമസമിതിയിലായിരിക്കും ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. ശിശുക്ഷേമസമിതി ചെയര്‍പേഴ്സണും മറ്റ് രണ്ട് അംഗങ്ങളും ഈ കരാറില്‍ നിര്‍ബന്ധമായും ഒപ്പു വയ്ക്കണം.

കുട്ടിയെ വഴിയിലും അമ്മ തൊട്ടില്‍ പോലുള്ള സ്ഥലങ്ങളിലും ഉപേക്ഷിച്ചു പോകുന്നതാണ് രണ്ടാമത്തെ കേസ്. ഉപേക്ഷിക്കപ്പെട്ടത്(Abandoned)എന്ന വിഭാഗത്തിലാണ് ഈ കുട്ടികളെ ഉള്‍പ്പെടുത്തുക. പത്രങ്ങളില്‍ പരസ്യം നല്‍കിയതിനുശേഷം 30 ദിവസത്തിനുള്ളില്‍ അവകാശികളാരും എത്തിയില്ലെങ്കില്‍ ഈ കുട്ടികളെ ദത്തുനല്‍കും. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ മാതൃഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളില്‍ പരസ്യം നല്‍കേണ്ടതുണ്ട്. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന കുട്ടിയ്ക്ക് സമീപത്തെ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍. തയ്യാറാക്കണം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞുങ്ങളെ കണ്ടാല്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്യണം.

കുഞ്ഞുങ്ങളെ ദത്ത് നല്‍കുന്നതിന് മുന്‍ഗണനകളുണ്ടോ?

കുഞ്ഞുങ്ങളെ ദത്തു നല്‍കുന്നതിന് നിലവില്‍ മുന്‍ഗണനകളൊന്നും നിശ്ചിയിച്ചിട്ടില്ലെന്ന് അതുല്യ പറഞ്ഞു. രജിസ്റ്റര്‍ ചെയ്തിന്റെ ക്രമത്തിലും വയസ്സ്, ലിംഗം, തിരഞ്ഞെടുപ്പ്, കുട്ടികള്‍ ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തിലുമാണ് ദത്തുനല്‍കുക. ഉദാഹരണത്തിന് ഒരു വയസ്സുള്ള കുട്ടിക്കുവേണ്ടിയും നാലു വയസ്സുള്ള കുട്ടിക്കുവേണ്ടിയും രണ്ട് പേര്‍ രജിസ്റ്റര്‍ ചെയ്തുവെന്നിരിക്കട്ടെ. ആദ്യം രജിസ്റ്റര്‍ ചെയ്തത് ഒരു വയസ്സുള്ള കുട്ടിക്കുവേണ്ടിയാണെങ്കില്‍ പോലും നാലു വയസ്സുള്ള കുട്ടിയാണ് ആദ്യം ലഭ്യമാകുന്നതെങ്കില്‍ ആ കുട്ടിയെയായിരിക്കും ആദ്യം നല്‍കുക.

ദത്തെടുക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍

കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന മാനഃദണ്ഡങ്ങള്‍ കേന്ദ്ര സ്ത്രീ, ശിശുവികസന മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

1. ശാരീരികവും മാനസികവും വൈകാരികവുമായി സ്ഥിരതയുള്ളവരും സാമ്പത്തിക ശേഷിയുള്ളവരും ജീവന് ഭീഷണിയുള്ള രോഗങ്ങളില്ലാത്തവരും ആയിരിക്കണം
2. സ്ത്രീകള്‍ക്ക് ഏതു കുട്ടിയെയും ദത്തെടുക്കാവുന്നതാണ്. എന്നാല്‍, പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമെ ദത്തെടുക്കാന്‍ കഴിയുകയുള്ളൂ.
3. വിവാഹിതരായ ദമ്പതികളുടെ കാര്യത്തില്‍ രണ്ടുപേരുടെയും സമ്മതം ദത്തെടുക്കല്‍ നടപടിക്ക് ആവശ്യമാണ്.
3. വിവാഹം കഴിഞ്ഞു രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികള്‍ക്കു മാത്രമെ ദത്തെടുക്കാന്‍ സാധിക്കുകയുള്ളൂ.
4. മൂന്ന് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ദത്തെടുക്കാന്‍ അര്‍ഹതയില്ല.
5. കുട്ടിയും മാതാപിതാക്കളില്‍ ഒരാളും തമ്മിലുള്ള പ്രായവ്യത്യാസം ഇരുപത്തിയഞ്ചു വയസ്സില്‍ താഴെയായിരിക്കരുത്.
6. ദമ്പതികളുടെ രജിസ്ട്രേഷന്‍ സമയത്തെ പ്രായമാണ് ദത്തെടുക്കലിനു പരിഗണിക്കുക.

ദത്തെടുക്കുന്നവരുടെ പ്രായം പരിഗണിച്ചാണ് ദത്തു നല്‍കുന്ന കുഞ്ഞുങ്ങളെയും നിശ്ചയിക്കുന്നത്. നാലുവയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിന് ദമ്പതിമാരാണെങ്കില്‍ ഇരുവര്‍ക്കും കൂടി പരമാവധി 90 വയസ്സ് മാത്രമെ പ്രായം പാടുള്ളു. സിംഗിള്‍ പേരന്റാണെങ്കില്‍ പരമാവധി പ്രായം 45 വയസ്സാണ്.

നാലുവയസ്സ് മുതല്‍ എട്ട് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിന് ദമ്പതിമാർക്ക് ഇരുവര്‍ക്കും കൂടി പരമാവധി 100 വയസ്സാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. സിംഗിള്‍ പേരന്റാണെങ്കില്‍ പരമാവധി 50 വയസ്സും.

എട്ടു വയസ്സ് മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്നതിന് ദമ്പതിമാർക്ക്  ഇരുവര്‍ക്കും കൂടി പരമാവധി 110 വയസ്സാണ് പ്രായപരിധി. സിംഗിള്‍ പേരന്റാണെങ്കില്‍ 55 വയസ്സുമാണ് പരമാവധി പ്രായപരിധി.

അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികളെ സംബന്ധിച്ച നടപടി ക്രമങ്ങള്‍

* ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയെ ദത്തെടുക്കല്‍ സ്ഥാപനത്തില്‍ (SAA)ലഭിച്ചാല്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കണം. ഇതോടൊപ്പം കുട്ടിയുടെ ഫോട്ടോയും അനുബന്ധ വിവരങ്ങളും അടങ്ങിയ റിപ്പോര്‍ട്ടും സമര്‍പ്പക്കണം. ഈ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലും കൊടുക്കേണ്ടതാണ്.

* കുട്ടിയുടെ മാതാപിതാക്കളെയോ നിയമപരമായ അവകാശികളെയോ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എഴുപത്തിരണ്ട് മണിക്കൂറിനകം പത്രപ്പരസ്യം നല്കേണ്ടതാണ്.

* ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുട്ടിയുടെ താല്‍ക്കാലിക സംരക്ഷണത്തിനായി സ്ഥാപനത്തില്‍ ഏല്‍പ്പിക്കുകയും കുട്ടിക്ക് അവകാശികള്‍ ആരും എത്തിയില്ലെങ്കില്‍, അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടിക്ക് രണ്ടുമാസത്തിനകവും രണ്ടു വയസ്സിനു മുകളിലുള്ള കുട്ടിക്ക് നാല് മാസത്തിനകവും ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റു നല്കുന്നു.

* ജില്ലാ മജിസ്ട്രേറ്റ് നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനസിക വൈകല്യമുള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നു.

ഏല്‍പ്പിച്ചു കൊടുക്കുന്ന കുട്ടികളെ സംബന്ധിച്ച നടപടി ക്രമങ്ങള്‍

ദത്തെടുക്കല്‍ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചു കൊടുക്കുന്ന ഒരു കുട്ടിയെ കിട്ടിയാല്‍ കുട്ടിയുടെ പേര്, ജനന തീയതി, സ്ഥലം, മാതാപിതാക്കളുടെ വിശദാംശങ്ങള്‍, ഏല്പ്പിച്ചു കൊടുക്കുന്ന രക്ഷിതാവ് പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍ കൂടെയുള്ള മുതിര്‍ന്ന ആളിന്റെ വിശദാംശങ്ങള്‍, ലഭ്യമായ കുടുംബ വിവരങ്ങള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, കുട്ടിയെ ഏല്‍പ്പിച്ചു കൊടുക്കാനുണ്ടായ സാഹചര്യം, സാമൂഹ്യ പശ്ചാത്തലം എന്നിവ ഉള്‍ക്കൊള്ളുന്ന വിവരങ്ങള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ സമര്‍പ്പിക്കുന്നു. കുട്ടിയെ ഏല്‍പ്പിച്ചു കൊടുക്കുന്ന മാതാപിതാക്കള്‍ക്ക് കൗണ്‍സിലിംഗ് നല്കുകയും അറുപത് ദിവസത്തെ കാലയളവില്‍ കുട്ടിയെ തിരികെ ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ അറുപതു ദിവസത്തിനു ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നു.

എങ്ങനെയാണ് ദത്തെടുക്കുക

ഇന്ത്യയില്‍ താമസിക്കുന്ന ദത്തെടുക്കാന്‍ സന്നദ്ധരായ മാതാപിതാക്കള്‍ www.cara.nic.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

* ഓര്‍ഫനേജുകളിലും ഫൗണ്ട്ലിംഗ് ഹോമുകളിലും അനാഥരായ കുട്ടികളെ പാര്‍പ്പിക്കുന്നതിന് (SARA)മുഖേനയുള്ള സര്‍ക്കാര്‍ ലൈസന്‍സ് ഉണ്ടായിരിക്കേണ്ടതാണ്.

* ആറു വയസ്സിനു താഴെയുള്ള കുട്ടികളെ SARA-യുടെ ഉത്തരവിനു വിധേയമായും 6 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികളെ ഉത്തരവിനു വിധേയമായുമാണ് ഇത്തരം ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ പാര്‍പ്പിക്കേണ്ടത്.

ദത്തെടുക്കല്‍ നടപടികള്‍ രണ്ടു പ്രത്യേക വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്നു.

1. രാജ്യത്തിനകത്തുള്ള ദത്തെടുക്കല്‍

2. രാജ്യാന്തര ദത്തെടുക്കല്‍

രാജ്യത്തിനകത്തുള്ള ദത്തെടുക്കല്‍ നടപടികള്‍

(1.) ദത്തെടുക്കുന്ന ദമ്പതികളോ വ്യക്തിയോ അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സിയില്‍ പേര് രജിസ്ട്രര്‍ ചെയ്യണം.

(2) ഒരു യോഗ്യനായ സാമൂഹികപ്രവര്‍ത്തകനെ കൊണ്ട് ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെയോ, ദമ്പതികളുടേയോ ഗാര്‍ഹിക പഠന റിപ്പോര്‍ട്ട് (Home Study Report) തയ്യാറാക്കണം. കൂടാതെ ദത്തെടുക്കലിന്റെ മാനസിക തയ്യാറെടുപ്പിലേക്കായി അവരെ കൗണ്‍സിലിങ്ങിനു വിധേയരാക്കണം.

(3) ദത്തെടുക്കാനുദ്ദേശിക്കുന്ന വ്യക്തിയോ ദമ്പതികളോ അവരുടെ ആരോഗ്യവും സാമ്പത്തികവുമായ നില വ്യക്തമാക്കുന്ന രേഖകള്‍ ഏജന്‍സി മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്.

(4) ഗാര്‍ഹിക പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം അനുയോജ്യനായ കുട്ടിയെ ദമ്പതിമാര്‍ക്കോ, വ്യക്തിക്കോ കാണിച്ചുകൊടുക്കാവുന്നതാണ്.

(5) കുട്ടിയെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഏജന്‍സി കോടതിയിലോ ജുവനൈല്‍ജസ്റ്റിസ് ബോര്‍ഡിലോ ഹര്‍ജി ഫയല്‍ ചെയ്ത് ഉത്തരവ് നേടേണ്ടതും പിന്നീട് കുട്ടിയുടെ കസ്റ്റഡി ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന ദമ്പതിമാര്‍ക്കോ വ്യക്തിക്കോ നല്‍കേണ്ടതാണ്.

രാജ്യത്തിനകത്തുള്ള ദത്തെടുക്കലിന് ആവശ്യമായ രേഖകള്‍

(1.) ദത്തെടുക്കല്‍ ഏജന്‍സിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സ്

(2) ശിശുക്ഷേമ സമിതിയോ ജില്ലാ കളക്ടറോ മറ്റുവേണ്ടപ്പെട്ട അധികാരികളോ നല്‍കിയ അവകാശമൊഴിഞ്ഞ സര്‍ട്ടിഫിക്കറ്റ്് (Relinquishment deed/ Abandment Certificate)

(3) സാമൂഹികപ്രവര്‍ത്തകന്‍ തയ്യാറാക്കിയ ശിശു പഠന റിപ്പോര്‍ട്ട് (Childs Study Report)

(4) അംഗീകൃത ശിശുവിദഗ്ദ്ധന്‍ തയ്യാറാക്കിയ കുട്ടിയുടെ ശാരീരിക പരിശോധനാ റിപ്പോര്‍ട്ട്

(5) സാമൂഹിക പ്രവര്‍ത്തകന്‍ തയ്യാറാക്കിയ ഗാര്‍ഹിക പഠന റിപ്പോര്‍ട്ട്

(6) ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന മാതാപിതാക്കളുടെ

(എ) ആരോഗ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

(ബി) സാമ്പത്തികനില തെളിയിക്കാനുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഇന്‍കംടാക്‌സ് റിട്ടേണ്‍

(സി)  വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

(ഡി)  താമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

(ഇ)   വിവാഹ സര്‍ട്ടിഫിക്കറ്റ്

(എഫ്) ദമ്പതിമാരുടെ കുടുംബ ഫോട്ടോ

(ജി)  ദമ്പതിമാരുടെ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

(എച്ച്) കുട്ടിയെ സ്വന്തം കുട്ടിയായി വളര്‍ത്തികൊള്ളാമെന്ന് ഉറപ്പ്

(ഐ) ആധാര്‍ കാര്‍ഡ്-കോപ്പി(ഒറിജിനലും ഗസറ്റഡ് അറ്റെസ്റ്റെഡ് കോപ്പിയും)

(ജെ) ദമ്പതിമാരുടെ പാന്‍ കാര്‍ഡ്-കോപ്പി(ഒറിജിനലും ഗസറ്റഡ് അറ്റെസ്റ്റഡ് കോപ്പി)

(കെ) ദമ്പതിമാരുടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്-(ഒറിജിനലും അറ്റെസ്റ്റ് ചെയ്യാത്ത കോപ്പിയും)
(എല്‍) ദമ്പതിമാരെ നന്നായി അറിയുന്ന എന്നാല്‍, ഇരുവരുടെയും അടുത്ത ബന്ധുക്കളല്ലാത്ത രണ്ടുപേരുടെ സാക്ഷ്യപത്രം
(എം) ഭാവിയില്‍ കുട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടായാല്‍ ദത്തെടുക്കുന്ന കുട്ടിയെ സംരക്ഷിക്കാന്‍ തയ്യാറെന്ന് ഉറപ്പുനല്‍കുന്ന ദമ്പതിമാരുടെ ബന്ധുവിന്റെ കത്ത് 

7. കുട്ടിയുടെ ഫോട്ടോ

ഇത് കൂടാതെ ആവശ്യമുണ്ടെങ്കില്‍ താഴെപ്പറയുന്ന രേഖകള്‍ കൂടി ഹാജരാക്കണം

1. ദത്തെടുക്കുന്ന മാതാപിതാക്കള്‍ക്ക് മുമ്പ് ദത്തെടുക്കപ്പെട്ട കുട്ടികളോ സ്വന്തം കുട്ടികളോ ഉണ്ടെങ്കില്‍ അവരുടെ അഭിപ്രായം

2. ദമ്പതിമാർ മുമ്പ് വിവാഹമോചനം നേടിയിട്ടുണ്ടെങ്കില്‍ വിവാഹമോചനവിധി (Divorc decree) യുടെ പകര്‍പ്പ്

3. ദത്തെടുക്കുന്ന കുട്ടി 6 വയസ്സിനുമുകളിലാണെങ്കില്‍ കുട്ടിയുടെ സമ്മതം.

4. കുട്ടിയെ വളര്‍ത്താന്‍ ഏല്പിക്കുന്ന കരാര്‍ (Foster care agreement)  ഉണ്ടെങ്കില്‍ ആയത്

CARA രാജ്യാന്തര ദത്തെടുക്കലിന്റെ മുന്‍ഗണനാക്രമം  

1. നോണ്‍ റസിഡന്റ് ഇന്ത്യന്‍സ് (N.R.I.)

2. ഓവര്‍സീസ് ഇന്ത്യന്‍സ്

3. ഇന്ത്യന്‍ വംശജര്‍

4. വിദേശികള്‍

രാജ്യാന്തര ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍

1. ശിശുക്ഷേമ സമിതിയില്‍ നിന്നും നിയമപരമായ അന്വേഷണ (Legal enquary)ത്തിനുശേഷം നിയമപരമായ ബാധ്യതയില്ല (No legal claim Certificate) സര്‍ട്ടിഫിക്കറ്റ് വാങ്ങണം

2. കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും അവകാശമൊഴിഞ്ഞ കരാര്‍ വാങ്ങണം.

3. രാജ്യാന്തര ദത്തെടുക്കലില്‍ ദത്തെടുക്കലിനുദ്ദേശിക്കുന്ന മാതാപിതാക്കള്‍ക്ക് കൗണ്‍സിലിംഗും കുട്ടിയുടെ ഗാര്‍ഹിക പഠന റിപ്പോര്‍ട്ട് തയ്യാറാക്കലും നടത്തിയ ശേഷമാണ് ദത്തെടുക്കാനുദ്ദേശിക്കുന്നവരുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നത്.

4. പിന്നീട് രാജ്യത്തിനകത്തുള്ള ദത്തെടുക്കല്‍പോലെ തന്നെ  ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന മാതാപിതാക്കളുടെ ആവശ്യവുമായി യോജിക്കുന്ന കുട്ടിയെ കണ്ടെത്തിയശേഷം ടി കുട്ടിയെ മാതാപിതാക്കളുമായി കാണാന്‍ അവസരമുണ്ടാക്കണം.

5. ഏജന്‍സികള്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണം.

6. ഏജന്‍സികള്‍ ദത്തെടുക്കല്‍ ഉത്തരവു നേടാനായി വേണ്ട രേഖകള്‍ കോടതിയില്‍ ഹാജരാക്കണം.

7. കോടതി ദത്തെടുക്കല്‍ ഏജന്‍സിയോ ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന മാതാപിതാക്കളോ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച ശേഷം കുട്ടിയുടെ സംരക്ഷണ ഉത്തരവ് (Guardianship order) അനുവദിക്കും. ഇപ്രകാരം കോടതി ഉത്തരവു കിട്ടിയശേഷം കുട്ടിയെ രാജ്യത്തിനു പുറത്തേക്ക് ദത്ത് കൊണ്ടുപോകാവുന്നതാണ്.

സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി(CARA)

കേന്ദ്ര ഗവണ്‍മെന്റിന്റെ വനിതാ ശിശുക്ഷേമവകുപ്പിന്റെ കീഴില്‍ സ്വയംഭരണാവകാശമുള്ള ഒരു സ്ഥാപനമാണ് CARA. രാജ്യത്തിനകത്തും രാജ്യാന്തരവുമായ ദത്തെടുക്കലിനെ ഏകോപിപ്പിക്കുന്ന ഏജന്‍സിയാണിത്. അനാഥരും ഉപേക്ഷിക്കപ്പെട്ടവരും ദത്തെടുക്കലിനായി നല്‍കുന്നവരുമായ കുട്ടികളെ അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സിവഴിയാണ് ദത്ത് നല്‍കുക. ദത്തെടുക്കപ്പെടാന്‍ യോഗ്യരായ കുട്ടികളുടെ വിവരം ശേഖരിക്കുക, ദത്തെടുക്കലിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക, ദത്തെടുക്കലിനുവേണ്ടി എല്ലാ സഹായങ്ങളും ചെയ്യുക ഇവയാണ് CARA യുടെ ചുമതലകള്‍. കൂടാതെ ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന ദമ്പതിമാരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പേര് അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുക എന്നിവയും CARA യുടെ ചുമതലയാണ്.

CARA യുടെ കീഴില്‍ ഓരോ സംസ്ഥാനത്തും ദത്തെടുക്കല്‍ ഏകീകരണ ഏജന്‍സിളുണ്ട്(Adoption Co-ordination agency). കേരളത്തിലെ അത്തരം സ്ഥാപനങ്ങള്‍ ഇവയെല്ലാമാണ്.

CARA ലൈസന്‍സ് ഉള്ള കേരളത്തിലെ ദത്തെടുക്കല്‍ ഏജന്‍സികള്‍

1. ക്വീന്‍ മേരി ഫൗണ്ടലിങ് ഹോം, തൃശ്ശൂര്‍
2. ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്ലം
3. സെന്റ് ജോസഫ് ഫൗണ്ടലിങ് ഹോം, കോഴിക്കോട്
4. ശിശു ക്ഷേമ ഭവന്‍, കോട്ടയം
5. കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍, തിരുവന്തപുരം
6. സായ് നികേതന്‍, തൃശ്ശൂര്‍
7. ഹോളി ഇന്‍ഫന്റ് മേരീസ് ഗേള്‍ ഹോം, വയനാട്
8. ഹോളി ഏയ്ഞ്ചല്‍സ് ഫൗണ്ടലിങ് ഹോം, തൃശ്ശൂര്‍
9. ആനന്ദഭവന്‍(ഫൗണ്ടലിങ് ഹോം), പാലക്കാട്
10. ശിശുപരിപാലന കേന്ദ്രം, മലപ്പുറം
11. ഇന്‍ഫന്റ് ജീസസ് ശിശുഭവന്‍, കോട്ടയം
12. ദിനസേവന സഭ, സ്‌നേഹനികേതന്‍ ഫൗണ്ടലിങ് ഹോം, കണ്ണൂര്‍
13. സേവിയേഴ്‌സ് ഫൗണ്ടലിങ് ഹോം, ഇടുക്കി
14. സ്‌നേഹജ്യോതി ശിശുഭവന്‍, എറണാകുളം
15. ശ്രേയ ഫൗണ്ടലിങ് ഹോം, മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷന്‍, ഇടുക്കി
16. വാത്സല്യം ശിശുഭവന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിസ്റ്റേഴ്‌സ് ഓഫ് നസറത്ത്, എറണാകുളം
17. ശിശുഭവന്‍, എറണാകുളം

 

Content highlights: guidlines for adopting child and documents needed in depth