സേരയിലിരുന്ന് മുൻവശത്തുള്ള മേശയിൽ വച്ചിരിക്കുന്ന ലാപ്ടോപ്പിൽ സസൂക്ഷ്മം നോക്കി വാർത്തകൾ വായിക്കുന്ന മുത്തശ്ശി. റെഡ്ഡിറ്റിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ചിത്രമാണിത്. തൃശ്ശൂർ കുണ്ടന്നൂർ സ്വദേശിയായ മേരി മാത്യു എന്ന മുത്തശ്ശിയാണ് സമൂഹമാധ്യമത്തിൽ താരമായിരിക്കുന്നത്. തൊണ്ണൂറാം വയസ്സിലാണ് മുത്തശ്ശി വായനാശീലത്തിനൊപ്പം ലാപ്ടോപ്പിനെയും കൂട്ടുപിടിച്ചതെന്നോർക്കുമ്പോഴാണ് അതിശയം ഇരട്ടിക്കുക. ലാപ്ടോപ്പിൽ വാർത്തകൾ വായിക്കുന്ന തന്റെ ചിത്രം വൈറലായതിനെക്കുറിച്ച് മാതൃഭൂമി ഡോട്ട്കോമുമായി വിശേഷങ്ങൾ പങ്കുവെക്കുകയാണ് മേരി മുത്തശ്ശി. 

തൊണ്ണൂറുകാരിയായ എന്റെ മുത്തശ്ശി പത്രംവായനയ്ക്കായി ലാപ്ടോപ് ഉപയോ​ഗിക്കാൻ പഠിക്കുന്നു. മാറ്റത്തെ അം​ഗീകരിക്കാനും പൊരുത്തപ്പെടാനുമുള്ള മുത്തശ്ശിയുടെ സന്നദ്ധത  പ്രശംസനീയമാണ്- എന്ന അടിക്കുറിപ്പോടെ കൊച്ചുമകൻ അരുൺ തോമസാണ് ചിത്രം റെഡ്ഡിറ്റിൽ പങ്കുവച്ചത്. തുടർന്നങ്ങോട്ട് മുത്തശ്ശിയെ അഭിനന്ദിച്ച് നിരവധി പേർ രം​ഗത്തെത്തി.

തന്റെ ചിത്രം കൊച്ചുമകനായ അരുൺ തോമസ് എടുക്കുന്നതു കണ്ടെങ്കിലും അതു സമൂഹമാധ്യമത്തിൽ ഇത്ര വൈറലായ വിവരമൊന്നും മുത്തശ്ശിക്കറിയില്ല. തന്നെ സംബന്ധിച്ചിടത്തോളം ചെറുപ്പത്തിലേ തുടങ്ങിയ വായനാശീലത്തിന് പുതിയ ചില മാനങ്ങൾ കൈവന്നതൊഴിച്ചാൽ ചിത്രം വൈറലായതൊന്നും മുത്തശ്ശിയെ ബാധിക്കുന്നതേയില്ല.

arun
മേരി മാത്യു കൊച്ചുമക്കളായ അരുൺ തോമസിനും കിരൺ തോമസിനുമൊപ്പം

‌ദിവസവും പത്രം വായിക്കുന്നതൊരു ശീലമാണ്, അതിനൊരു മുടക്കവും വരുത്താറില്ല. കൊച്ചുമക്കളാണ് ലാപ്ടോപ് ഉപയോ​ഗിച്ച് പത്രം വായിക്കുന്ന വിധം പറഞ്ഞുതന്നത്.- മുത്തശ്ശി പറയുന്നു.

തന്റെ ഇരട്ട സഹോദരനായ കിരൺ തോമസാണ് മുത്തശ്ശിക്ക് ലാപ്ടോപ് ഉപയോ​ഗിക്കേണ്ടതിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയതെന്ന് അരുൺ പറയുന്നു. ലാപ്ടോപ്പെടുത്ത് മാതൃഭൂമിയുടെ ഇ പേപ്പർ വായിക്കുന്ന മുത്തശ്ശിയെ കണ്ടപ്പോൾ കൗതുകമായി തോന്നിയെന്നും ഈ പ്രായത്തിലും മാറ്റങ്ങളെ അം​ഗീകരിക്കാനുള്ള മുത്തശ്ശിയുടെ ആർജവം പങ്കുവെക്കുക എന്ന ഉദ്ദേശത്തിലാണ് ചിത്രം പങ്കുവച്ചതെന്നും അരുൺ പറയുന്നു.

മുത്തശ്ശിയുടെ പത്രവായന പണ്ടുതൊട്ടേ കണ്ടുവരുന്നതാണെന്നും അരുൺ പറയുന്നു. ഒരു ദിവസം പോലും പത്രവായന മുടക്കാത്തയാളാണ്. മുത്തശ്ശന്റെ കാലം തൊട്ടുതന്നെ വീട്ടിൽ മാതൃഭൂമി വായന മുടക്കാറില്ല. മുത്തശ്ശിയുടെ വായനയ്ക്കുമുണ്ട് പ്രത്യേകത. വീട് മൊത്തം കേൾക്കുന്ന വിധത്തിലായിരിക്കും വായന. ചരമ കോളമാണ് ആദ്യം വായിക്കുന്നത്. എത്രപേർ മരിച്ചു എന്നൊക്കെ കൃത്യമായി നോക്കുന്നതു കാണാം. അരമണിക്കൂറോളം പത്രവായനയ്ക്കായി മാറ്റിവെക്കുന്നതാണ് മുത്തശ്ശിയുടെ ശീലം-അരുൺ പറയുന്നു.

ചിത്രത്തിനു കീഴെ വന്ന കമന്റുകളെല്ലാം പോസിറ്റീവായിരുന്നെന്നും അരുൺ. ഫ്രീക്ക് മുത്തശ്ശി എന്നും ഈ പ്രായത്തിലും പുതിയ സാങ്കേതികവിദ്യ ഉപയോ​ഗപ്പെടുത്തുന്ന മുത്തശ്ശി നിരവധി പേർക്ക് പ്രചോദനമാണെന്നുമൊക്കെ പറഞ്ഞവരുണ്ട്. ഈയാഴ്ച്ചയിലെ റെഡ്ഡിറ്റ് ഇന്ത്യയിലെ ട്രെൻഡിങ് പോസ്റ്റായിരുന്നു മുത്തശ്ശിയുടേത്-അരുൺ.

എന്തായാലും ഒരൊറ്റ ചിത്രത്തിലൂടെ താരമായ മുത്തശ്ശിക്ക് പത്രവായന വിട്ടൊരു കളിയുമില്ലെന്നാണ് കൊച്ചുമക്കളുടെ പക്ഷം. 

Content Highlights:  grandmother who uses a laptop to read news viral photo