ബാര്‍ബി പാവയെ സ്വപ്‌നം കാണാത്ത കുട്ടികള്‍ വളരെ വിരളമായിരിക്കും. എന്നാല്‍ എല്ലാവര്‍ക്കുമൊന്നും ബാര്‍ബി പാവയെ തങ്ങളുടെ ബാല്യത്തില്‍ ലഭിക്കണമെന്നുമില്ല. അത്തരത്തില്‍ ബാല്യത്തില്‍ ഏറെ കൊതിച്ച ബാര്‍ബിയെ കയ്യില്‍ കിട്ടിയ സന്തോഷത്തിലാണ് ഒരു മുത്തശ്ശി. കൊച്ചുമകളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബാര്‍ബി ഡോളിനെ മുത്തശ്ശിയ്ക്ക് സമ്മാനമായി നല്‍കിയത്. കൊച്ചുമകള്‍ മുത്തശ്ശിക്ക് സമ്മാനം നല്‍കുന്ന വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാണ്.

ഡോണ കാര്‍മോസ എന്ന മുത്തശ്ശിക്കാണ് ചെറുമകള്‍ നിന്ന് ബാര്‍ബി ഡോളിനെ സമ്മാനമായി നല്‍കിയത്. വളരെ ആവേശത്തോടെ സമ്മാനപ്പൊതി തുറക്കുന്ന മുത്തശ്ശിയെ വീഡിയോയില്‍ കാണാം. ഒരു കൊച്ചു കുട്ടിക്ക് സമ്മാനപ്പൊതി ലഭിച്ചാല്‍ ഉണ്ടാകുന്ന അതേ ആവേശത്തോടെയാണ് മുത്തശ്ശി സമ്മാനപ്പൊതി തുറക്കുന്നത്. ബാര്‍ബി ഡോളിനെ കണ്ട് മുത്തശ്ശിയുടെ കണ്ണ് നിറയുന്നതും വീഡിയോയിലുണ്ട്. 

ഈ വീഡിയോയിലെ നിഷ്‌കളങ്കതയും സ്‌നേഹവുമാണ് ട്വിറ്റര്‍ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. നിരവധി ആളുകള്‍ ഇത്തരത്തിലുള്ള സമാന അനുഭവങ്ങള്‍ പങ്കിടുകയും ചെയ്തിട്ടുണ്ട്. സ്വന്തമായി നിര്‍മ്മിച്ച ടെഡി ബിയറുകളിലൊന്ന് ഒരു സഹപ്രവര്‍ത്തകയ്ക്ക് സമ്മാനിച്ച നിമിഷമാണ് ഇത് കണ്ടപ്പോള്‍ ഓര്‍മ വന്നതെന്ന് ഒരാള്‍ കമന്റ് ചെയ്തു. അവള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും ഒരു ടെഡി ബിയറിനെ സമ്മാനമായി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം കുറിക്കുന്നു. 

Content Highlights: Grandma gets her first-ever Barbie doll gifted by her granddaughter