രുപത്തിയൊന്നാം വയസ്സില്‍, സര്‍ള തുക്ക്‌റാല്‍ എന്ന യുവതി നടന്നു കയറിയത് ചരിത്രത്തിലേക്ക് മാത്രമല്ല, ഇന്ത്യന്‍ വനിതകളുടെ ജീവിതങ്ങളിലേക്കു കൂടിയാണ്. സാരിയുടുത്ത് ഒരു ചെറിയ എയര്‍ ക്രാഫ്റ്റിനരികില്‍ നില്‍കുന്ന സര്‍ളയുടെ മങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാവും ഇന്നത്തെ തലമുറയ്ക്ക് പരിചയം. എന്നാല്‍ ഇന്ത്യയുടെ ആദ്യ വനിതാപൈലറ്റിന്റെ സ്ഥാനം അതിനും എത്രയോ മുകളിലാണ്. സര്‍ള പറത്തിയത് ചെറു വിമാനമാണെങ്കിലും ഇന്ത്യന്‍ വനിതകള്‍ക്കു വലിയ സ്വപ്നങ്ങള്‍ കാണാനുള്ള പ്രചോദനമായിരുന്നു അത്. ഓഗസ്റ്റ് എട്ടിന് സര്‍ളയുടെ 107-ാം പിറന്നാളായിരുന്നു. ഗൂഗിള്‍ ഡൂഡില്‍ സര്‍ളയെ തങ്ങളുടെ ഡൂഡിലില്‍ ഉള്‍പ്പെടുത്തി ആദരിക്കാനും മറന്നില്ല. 

1914 ഓഗസ്റ്റ് 8-നു ഡല്‍ഹിയിലാണ് സര്‍ള ജനിച്ചത്. പക്ഷേ വളര്‍ന്നത് ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗമായ ലഹോറില്‍. പതിനാറാം വയസ്സില്‍ വിവാഹം. നാല് പെണ്‍മക്കള്‍ പിറന്നതിന് ശേഷമാണ് സര്‍ള പൈലറ്റായ ഭര്‍ത്താവ് പി.ഡി.ശര്‍മയുടെ പിന്തുണയോടെ 21-ാം വയസ്സില്‍, പരിശീലനത്തിനുപയോഗിക്കുന്ന ഇരട്ടച്ചിറകുള്ള ചെറു വിമാനം ഒറ്റയ്ക്കു പറത്താന്‍  തീരുമാനിക്കുന്നത്. 

ലഹോര്‍ ഫ്‌ളയിങ് ക്ലബില്‍നിന്നാണു സര്‍ള പൈലറ്റാകാനുള്ള പരിശീലനം നേടിയത്. പരിശീലനത്തിന്റെ ഭാഗമായി 1000 മണിക്കൂര്‍ വിമാനം പറത്തിയ ആദ്യ ഇന്ത്യന്‍ വനിതയും സര്‍ളയാണ്. ഈ സമയത്ത് പി.ഡി.ശര്‍മയാകട്ടെ, എയര്‍മെയില്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനുമായി. 1939-ല്‍ ഉണ്ടായ ഒരു വിമാന അപകടത്തില്‍ ഭര്‍ത്താവ് ശര്‍മ മരണപ്പെട്ടു. തുടര്‍ന്നാണു സര്‍ള ജോധ്പൂരിലെത്തി കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സിനായി ശ്രമിക്കുന്നത്. കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയെങ്കിലും രണ്ടാം ലോകയുദ്ധത്തിന്റെ സമയമായിരുന്നതിനാല്‍ അവര്‍ക്കു പൈലറ്റായി ജോലി ചെയ്യാന്‍ കഴിഞ്ഞില്ല.

women

മക്കളെ വളര്‍ത്താനും ജീവിതമാര്‍ഗം കണ്ടെത്താനും തിരികെയെത്തി ആര്‍ട്ട് ആന്‍ഡ് പെയിന്റിങ് പഠിക്കുകയും തുടര്‍ന്നു ആഭരണങ്ങളും മറ്റും ഡിസൈന്‍ ചെയ്യുന്നതില്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. 2008-ലാണ് ഈ ചരിത്ര വനിത ലോകത്തോടു വിടപറഞ്ഞത്. 

Content Highlights: Google doodle honours Sarla Thukral, first Indian woman to fly an aircraft