2022 ജനുവരി 21. അന്നൊരു ചരിത്രനിമിഷം പിറക്കും. അന്താരാഷ്ട്ര നാണയനിധിയുടെ തലപ്പത്ത് ആദ്യ രണ്ടുസ്ഥാനങ്ങളിൽ രണ്ടുസ്ത്രീകൾ വരുന്നു. മാനേജിങ് ഡയറക്ടറായി ബൾഗേറിയക്കാരി ക്രിസ്റ്റലീന ജോർജിയേവയും ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി (എഫ്.ഡി.എം.ഡി.) ഗീതാഗോപിനാഥ് എന്ന ഇന്ത്യൻ വംശജയും. ഇപ്പോൾ അമേരിക്കൻ പൗരത്വമാണെങ്കിലും ഗീതയുടെ അച്ഛൻ ടി.വി. ഗോപിനാഥും അമ്മ വി.സി. വിജയലക്ഷ്മിയും കണ്ണൂരിൽനിന്നാണെന്നത് കേരളത്തിന്റെ സ്വകാര്യ അഭിമാനമാണ്.

പിറന്നാൾമധുരമായി നിയമനം

1971 ഡിസംബർ എട്ടിന് ബംഗ്ലാദേശ് യുദ്ധകാലത്ത് കൊൽക്കത്തയിലാണ് ഗീത ജനിച്ചത്. ബുധനാഴ്ച 50 വയസ്സ് പിന്നിടാനിരിക്കെയാണ് പിറന്നാൾമധുരമായി പുതിയ നിയമനമെത്തുന്നത്. കൊൽക്കത്തയിൽനിന്ന് ഗോപിനാഥും കുടുംബവും കൃഷിയുംമറ്റുമായി 1980-ൽ മൈസൂരുവിലേക്ക്‌ താമസംമാറ്റി. അന്ന് ഒമ്പതുവയസ്സുകാരിയായ ഗീത മൈസൂരുവിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കൊൽക്കത്ത, ഹൈദരാബാദ്, മൈസൂരു എന്നിവിടങ്ങളിലെ താമസത്തിൽ ഇംഗ്ലീഷ്, ഹിന്ദി, കന്നട, തെലുഗ്‌ ഉൾപ്പെടെ പല ഭാഷകളും ഗീത വശത്താക്കി. എങ്കിലും മലയാളം പരിചിതമായിരുന്നില്ല. 2016-ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികോപദേഷ്ടാവാകുന്ന കാലത്താണ് മലയാളം കുറച്ചെങ്കിലും പഠിച്ചതെന്ന് അച്ഛൻ ഗോപിനാഥ് പറയുന്നു.

സ്കൂൾ പഠനശേഷം ഡൽഹി ലേഡി ശ്രീറാം കോളേജിൽനിന്ന് ബി.എ. ഓണേഴ്‌സും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് എം.എ.യും പൂർത്തിയാക്കി. തുടർന്നാണ് ഉപരിപഠനത്തിനായി അമേരിക്കയിലേക്കുപോയത്. വാഷിങ്ടൺ സർവകലാശാലയിൽനിന്ന് എം.എസും പ്രിൻസ്റ്റൻ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. 2001-ൽ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി. 200­5­-ൽ ഹാർവാഡിലെത്തിയ അവർ 2010-ൽ പ്രൊഫസറായി. അമേരിക്കയിൽ സ്ഥിരതാമസമാക്കിയതോടെ അവിടെ പൗരത്വവുമെടുത്തു.

കോവിഡ്കാലത്തെ പ്രവർത്തനത്തിളക്കം

2018-ൽ ഹാർവാഡിൽനിന്ന് അവധിയെടുത്താണ് ഐ.എം.എഫിൽ ചീഫ് ഇക്കണോമിസ്റ്റായി ചേരുന്നത്. ഈ തസ്തികയിലെത്തുന്ന ആദ്യവനിതയായിരുന്നു ഗീത. ലോകസാമ്പത്തികവീക്ഷണം എന്ന ത്രൈമാസ സാമ്പത്തികഗവേഷണ വിശകലനരേഖയുടെ ചുമതലക്കാരിയായിരുന്നു. 2020-ൽ ലോകമാകെ പടർന്ന കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി മറികടക്കാൻ ഐ.എം.എഫിന്റെ അംഗരാജ്യങ്ങളെ സഹായിച്ചതിൽ ഗീതയുടെ പങ്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതാണ് അവരെ പുതിയ ചുമതലകളിലേക്കെത്തിച്ചത്. ജനുവരിയിൽ ഹാർവാഡിൽ അധ്യാപനത്തിലേക്ക്‌ മടങ്ങാനിരുന്നതാണെങ്കിലും അഞ്ചുവർഷത്തേക്കാണ് പുതിയ നിയമനമെന്നതിനാൽ ഹാർവാഡിലെ ജോലി ഒഴിവാക്കേണ്ടിവരും.

ഐ.എം.എഫിൽ തസ്തികയുടെ പേരാണ് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ. എം.ഡി.യായി യൂറോപ്യനും എഫ്.ഡി.എം.ഡി.യായി അമേരിക്കനും. ഇതാണ് ഐ.എം.എഫ്. നയം. ഇവർ രണ്ടുപേരുമാണ് പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുക. ചീഫ് ഇക്കണോമിസ്റ്റായിരിക്കെ പദവിക്കപ്പുറം മഹാമാരിക്കാലത്ത് സമ്പന്ന രാജ്യങ്ങളിൽനിന്ന് ധനസമാഹരണം നടത്തി. ആഫ്രിക്കയിലുൾപ്പെടെ ദരിദ്രരാജ്യങ്ങൾക്ക് വാക്സിനും മറ്റുസഹായങ്ങളും ലഭ്യമാക്കുന്നതിന് ഗീതയുടെ നേതൃപാടവം വലിയ വിജയം കണ്ടു. ലോകാരോഗ്യസംഘടന, ലോക വാണിജ്യസംഘടന, ലോകബാങ്ക് എന്നിവയുൾപ്പെട്ട സമിതിയിൽ ഗീതയായിരുന്നു അധ്യക്ഷ. 3.15 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ സമാഹരിച്ചത്. ലോകരാഷ്ട്രങ്ങളെ തകർച്ചയിൽനിന്ന്‌ കരകയറ്റുന്നതിനായി അവർ വഹിച്ച പങ്ക് ശ്രദ്ധിക്കപ്പെട്ടു. ഇതാണ് ഗീതയെ പുതിയ പദവിയിലേക്ക് ഉയർത്താൻ കാരണമെന്ന് ഐ.എം.എഫ്. മാനേജിങ് ഡയറക്ടറർ ക്രിസ്റ്റലീന ജോർജിയേവ പറയുന്നു. ‘ശരിയായ സമയത്ത് ശരിയായ വ്യക്തി’ എന്നാണ് നിയമനത്തെക്കുറിച്ച് അവർ അടിവരയിട്ട് പറഞ്ഞത്. ഇത്രയേറെ നിർണായകകാലം ഐ.എംഎഫിന് ഉണ്ടായിട്ടില്ലെന്നും ഇതുമുൻനിർത്തി എല്ലാവരുമായി ചേർന്നുപ്രവർത്തിക്കുമെന്നും ഗീത വ്യക്തമാക്കിയിട്ടുണ്ട്.

ഐ.എം.എഫിൽ മുതിർന്ന മാനേജ്‌മെന്റ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും പുനരവലോകനം ചെയ്യാനിരിക്കയാണ്. അംഗരാജ്യങ്ങളുടെ മേലുള്ള നിരീക്ഷണ പ്രവർത്തനങ്ങൾക്കും ഗവേഷണ-പ്രസിദ്ധീകരണ ജോലികൾക്കുമായിരിക്കും ­ഗീതാഗോപിനാഥ് നേതൃത്വം നൽകുക.

ലോകബാങ്കിൽ സി.ഇ.ഒ. ആയിരിക്കെ ചൈനയ്ക്ക് അനുകൂലമായി റിപ്പോർട്ടുകൾ തയ്യാറാക്കാൻ ഇടപെട്ടെന്ന് ക്രിസ്റ്റലീന ജോർജിയേവയ്ക്കെതിരേ നേരത്തേ ആരോപണങ്ങളുയർന്നിരുന്നു. ഐ.എം.എഫ്. ഇത്‌ തള്ളിയെങ്കിലും അമേരിക്കയ്ക്ക് സ്വീകാര്യമായിട്ടില്ല. ഐ.എം.എഫിലെ ഉന്നതതലത്തിലെ മാറ്റങ്ങൾക്കുപിന്നിൽ ഇതുമുണ്ടെന്നാണ് സൂചന.

ഗീതാഗോപിനാഥിന്റെ പ്രവർത്തനരീതിക്ക് അമേരിക്ക നൽകുന്ന പിന്തുണകൂടിയായി നിയമനത്തെ കാണാം.

Content Highlights: gita gopinath, imfs new first deputy managing director, gita gopinath imf