കാട്ടില്‍ കായ്കനികള്‍ കഴിച്ചും തേന്‍ ശേഖരിച്ചും കഴിഞ്ഞിരുന്നവരുടെ ഗ്രാമത്തില്‍നിന്ന് അറിവിന്റെ പടവുകള്‍ കയറുകയാണ് ആറു മിടുക്കികള്‍. ഗൂഡല്ലൂര്‍ ബിദര്‍ക്കാടിനടുത്ത ബെണ്ണൈ ഗ്രാമത്തിലെ കാട്ടുനായ്ക്ക വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥിനികള്‍ തുടര്‍പഠനത്തിനായി ഹയര്‍സെക്കന്‍ഡറിയില്‍ ചേര്‍ന്നു. തമിഴ്നാട്-കേരള അതിര്‍ത്തിയിലെ ഈ ഗ്രാമത്തില്‍നിന്ന് ആദ്യമായാണ് കാട്ടുനായ്ക്ക കുട്ടികള്‍ ഉന്നതവിദ്യാഭ്യാസത്തിനെത്തുന്നത്. ജാനു, മീന, ദുര്‍ഗ, സചിത, സുജാത, സന്ധ്യ എന്നിവരാണവര്‍.

പത്തുവര്‍ഷംമുമ്പ് മുക്കട്ടി മിഡില്‍ സ്‌കൂളിലെ അധ്യാപകരുടെ പ്രയത്‌നത്താലാണ് ഈ കുട്ടികള്‍ സ്‌കൂളിലെത്തിയത്. അതിരാവിലെ തങ്ങള്‍ താമസിക്കുന്ന തമ്പിലെത്തി അധ്യാപകര്‍ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പക്ഷേ ഒപ്പം പഠിക്കാന്‍ ചേര്‍ന്ന മറ്റുകുട്ടികളെ പോലെ ഇവരും ആറാംക്ലാസില്‍ പഠനം നിര്‍ത്തി. സ്‌കൂളില്‍ നിന്ന് ആരെങ്കിലും തിരഞ്ഞുവന്നാല്‍ ഓടിയൊളിക്കാനും തുടങ്ങി. എന്നാല്‍ സ്‌കൂളിലേക്ക് എ. സമുദ്രപാണ്ഡ്യനെന്ന അധ്യാപകനെത്തിയത് വഴിത്തിരിവായി. സ്‌കൂള്‍സമയം മുഴുവനും അധ്യാപകന്‍ കാട്ടുനായ്ക്കരുടെ തമ്പില്‍ ചെലവഴിക്കാന്‍ തുടങ്ങിയതോടെ ഇവരുള്‍പ്പെടെ 24 കുട്ടികള്‍ വീണ്ടും സ്‌കൂളിലേക്കെത്തി. എട്ടാംക്ലാസില്‍നിന്ന് വിജയിച്ചവരെ സമുദ്രപാണ്ഡ്യനിടപെട്ട് ബിദര്‍ക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിച്ചു. സമുദായംഗങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയാണ് ഈ കുട്ടികള്‍ക്ക് ഇപ്പോള്‍ കിട്ടുന്നതെന്ന് സമുദ്രപാണ്ഡ്യന്‍ പറഞ്ഞു. തങ്ങള്‍ക്ക് എല്ലാ സഹായവുംചെയ്ത അധ്യാപകനെ ഏറെ നന്ദിയോടെയാണ് ആറുപേരും കാണുന്നതും. ആറുപെണ്‍കുട്ടികളും ഉന്നതപഠനത്തിന് പോകുന്നതില്‍ മുതിര്‍ന്ന സ്ത്രീകളും സന്തോഷത്തിലാണ്.

അടിസ്ഥാനസൗകര്യങ്ങള്‍ ഏറെയകലെ

മുതുമല കടുവസംരക്ഷണ മേഖലയിലായിരുന്ന കാട്ടുനായ്ക്കര്‍ സമുദായംഗങ്ങളെ 2009-ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ബെണ്ണൈ ഗ്രാമത്തിലേക്ക് പുനരധിവസിപ്പിച്ചത്. 18 വയസ്സു തികഞ്ഞ യുവതീയുവാക്കള്‍ക്ക് 11 ലക്ഷം രൂപയും ഭൂമിയും നല്‍കി. 35 കുടുംബങ്ങളെ ബെണ്ണൈ ഗ്രാമത്തിലും 24 കുടുംബാംഗങ്ങളെ ബാലാപ്പള്ളിയിലും പുനരധിവസിപ്പിച്ചു.

അവശേഷിക്കുന്ന 11 കുടുംബങ്ങള്‍ ഇപ്പോഴും മുതുമല വനത്തിലുണ്ട്. വൈദ്യുതിയും കുടിവെള്ളവും ഇവരുടെ താമസസ്ഥലങ്ങളില്‍ ഇപ്പോഴുമില്ല. തേനും മറ്റു വനവിഭവങ്ങളും ശേഖരിച്ചാണ് വരുമാനം കണ്ടെത്തുന്നത്. ആടുമേക്കലും പച്ചക്കറിനടീലുമായി വീടുനോക്കിക്കഴിയുന്നവരാണ് സ്ത്രീകള്‍. പ്രായപൂര്‍ത്തിയെത്തുംമുന്‌പെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതും ഇവര്‍ക്കിടയില്‍ സ്വാഭാവികം. വിദ്യാഭ്യാസത്തിന് യാതൊരു പരിഗണനയും നല്‍കാത്ത ഈ സാഹചര്യങ്ങളില്‍നിന്നാണ് ഈ മിടുക്കികള്‍ ഉന്നതപഠനം സ്വപ്നം കാണുന്നത്

Content Highlights: girls from katunaykar community joined for higher education