ലിയ പാട്ടുകാരിയാവണം, ചെറുപ്പത്തില്‍ തന്നെയും അമ്മയെയും ഉപേക്ഷിച്ചുപോയ അച്ഛനെ കണ്ടെത്തണം. കസാഖിസ്ഥാനിലെ ഈ പതിനേഴുകാരിയുടെ വലിയ ആഗ്രഹമാണിത്. യാരോസ്ലാവ ഒലേനിക് എന്ന ഈ പെണ്‍കുട്ടിക്ക് ജന്മനാ തന്നെ മുഖത്തിന്റെ ഒരു ഭാഗത്ത് വൈകല്യമുണ്ട്. ഒരു കണ്ണും മൂക്കിന്റെ പകുതിയുമില്ല. പകുതി മുഖമില്ലാത്ത അവസ്ഥ. 

യാരോസ്ലാവ ജനിച്ച് ആശുപത്രിയില്‍ നിന്ന് മകളെ കണ്ടപ്പോള്‍ തന്നെ അവളുടെ അച്ഛന്‍ അവരെ ഉപേക്ഷിച്ചു പോയികളഞ്ഞു. വൈകല്യമുള്ള കുഞ്ഞിനെ സംരക്ഷിക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. 'എന്നാല്‍ അമ്മ എന്നെ കൈവിട്ടില്ല, എന്റെ വൈരൂപ്യത്തോടെ തന്നെ അവരെന്നെ സ്വീകരിച്ചു വളര്‍ത്തി. അച്ഛനെ പറ്റി പിന്നീട് ഒരു വിവരവും ഉണ്ടായിട്ടില്ല.' യാരോസ്ലാവ പറയുന്നു.

അച്ഛന്‍ ട്രക്ക് ഡ്രൈവറായിരുന്നു. അച്ഛനെ കണ്ടെത്താനാണ് യാരോസ്ലാവ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. പലതവണ അച്ഛന് അവള്‍ മെസേജുകള്‍ അയക്കുകയും ചെയ്തു. എന്നാല്‍ അയാള്‍ അവയെല്ലാം അവഗണിക്കുകയാണ് ചെയ്തത്.

യാരോസ്ലാവ പത്ത് വര്‍ഷമായി ഗിറ്റാര്‍ പഠിക്കുന്നുണ്ട്. പാട്ടുകള്‍ പാടി ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്യാനും അവള്‍ മറക്കാറില്ല. ധാരാളം ഫോളോവേഴ്‌സുമുണ്ട് ഇവള്‍ക്ക് ഇപ്പോള്‍. 

എന്നാല്‍ അച്ഛനുമായി സംസാരിക്കാന്‍ ശ്രമിക്കുന്നത് യാരോസ്ലാവയുടെ അമ്മ എതിര്‍ക്കുന്നുണ്ട്. അയാള്‍ക്ക് നിന്നോട് സംസാരിക്കാന്‍ താല്‍പര്യമില്ല, പിന്നെ എന്തിനു ശ്രമിക്കുന്നു എന്നാണ് അമ്മയുടെ ചോദ്യം. എന്നാല്‍ അദ്ദേഹം എന്തായാലും എന്റെ അച്ഛനല്ലേ എന്നാണ് യാരോസ്ലാവയുടെ മറുപടി. 

'ഒരു സമയത്ത് എല്ലാം മാറണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ വൈകല്യം മറക്കാന്‍ ഹെയര്‍സ്റ്റൈല്‍ പോലും മാറ്റി. എന്നാല്‍ ഇപ്പോഴത് എനിക്ക് അംഗീകരിക്കാനാവുന്നുണ്ട്.' യാരോസ്ലാവ പറയുന്നു. 

വൈകല്യം മൂലം ഉറങ്ങുമ്പോള്‍ ശരിയായി ശ്വാസമെടുക്കാനും മറ്റും യാരോസ്ലാവ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മൂക്കിന്റെ പ്രശ്‌നങ്ങള്‍ മാറ്റാനാകും. എന്നാല്‍ അതിനെല്ലാമപ്പുറം  അവള്‍ക്കൊരു സ്വപ്‌നമേയുള്ളു. 'വലിയ പാട്ടുകാരിയാവണം അപ്പോള്‍ അച്ഛന്‍ തന്നെ അംഗീകരിക്കും.' 

Content Highlights:  Girl whose father abandoned after she was born without half face reveals dreams becoming a musician