കുട്ടിക്കാലം തൊട്ടേ പെണ്‍കുട്ടികള്‍ക്കു മുമ്പില്‍ വിവേചനങ്ങളുടെ നീണ്ടനിര ഒരുക്കുന്നവരുണ്ട്. കളികളില്‍ തുടങ്ങി ജോലിയുടെ തിരഞ്ഞെടുപ്പില്‍ വരെ വേര്‍തിരിവുകള്‍ പറയുന്നവരുമുണ്ട്. എന്നാല്‍ അത്തരം ചിന്താഗതികളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് പെണ്‍കുഞ്ഞിനെ ജിമ്മില്‍ പരിശീലിപ്പിക്കുന്ന അച്ഛന്റെ വീഡിയോ ആണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. 

അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കാരനായ റെക്‌സ് ചാപ്മാന്‍ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അച്ഛനും മകളും ജിമ്മില്‍ പരിശീലിക്കുന്നതാണ് വീഡിയോയിലുള്ളത്. ജിമ്മിലെത്തിയ മകള്‍ ഭാരം ഉയർത്താൻ പണിപ്പെടുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അങ്ങനെ മകള്‍ക്കരികിലെത്തുന്ന അച്ഛന്‍ അവളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. അച്ഛന്‍ നല്‍കിയ ആവേശത്തില്‍ ഭാരം ഉയർത്തിയ ആഹ്ലാദത്തോടെ അച്ഛനെ നോക്കി ചിരിക്കുകയാണ് മകള്‍. ശേഷം അച്ഛനരികിലേക്ക് ഓടിയെത്തി അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നതും വീഡിയോയില്‍ കാണാം. ആഹ്ലാദത്തില്‍ മതിമറന്നുനില്‍ക്കുന്ന മകളോട് ഒരിക്കലും വിട്ടുകൊടുക്കരുത് എന്ന് അച്ഛന്‍ പറയുന്നതും കേള്‍ക്കാം. 

ഇതിനകം 2.6 മില്യണില്‍പരം കാഴ്ച്ചക്കാരെയാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള കുടുംബമാണ് പെണ്‍കുട്ടികളെ വിജയങ്ങളിലേക്കെത്തിക്കുക എന്നും അരുതുകളുടെ ലോകമല്ല അവര്‍ക്കിഷ്ടമുള്ളത് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാണ് ഉണ്ടാകേണ്ടതെന്നുമൊക്കെ പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്.

Content Highlights: Girl lifts weights as dad encourages her in viral video