കോഴിക്കോട്: ‘അമ്മയുടെ കോളേജുകാലം കഴിഞ്ഞ് 46 വർഷങ്ങൾക്കുശേഷമാണ് ഒരു പ്രസിദ്ധീകരണത്തിൽ അമ്മ എഴുതിയ വാചകങ്ങൾ അച്ചടിച്ചുവരുന്നത്. അത് ഗൃഹലക്ഷ്മിയിൽത്തന്നെയായതിൽ സന്തോഷം...’ ‘ഗൃഹലക്ഷ്മി’യിൽ അമ്മയെഴുതിയ ലേഖനത്തിന്റെ പേജ് പങ്കുവെച്ച് മകൾ അഭിമാനത്തോടെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
1974-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് കോളേജ് വിദ്യാർഥികൾക്കായി കഥാരചനാമത്സരം നടത്തി. കൂട്ടത്തിൽ സമ്മാനംനേടിയ രചനകളിലൊന്ന് ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ് വിദ്യാർഥിനി ഗിരിജാ വാര്യരുടേതായിരുന്നു. കാലം മുന്നോട്ടുകുതിച്ചു. വിദ്യാർഥിനി അമ്മയും അമ്മൂമ്മയുമായി. ജീവിതത്തിരക്കുകൾക്കിടയിൽ എഴുത്തുകുത്തുകൾ സ്വകാര്യശേഖരത്തിൽ മാത്രമൊതുങ്ങി. ഒതുങ്ങിക്കൂടിയ ആ പ്രതിഭ പിൽക്കാലത്ത് മകളുടെ പേരിൽ അറിയപ്പെട്ടു. മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരാണ് ഗിരിജയുടെ മകൾ.
അമ്മ എഴുതിയ ലേഖനം ഏറെ അഭിമാനത്തോടെ പങ്കു വയ്ക്കുന്നു. അമ്മയുടെ കോളേജ് കാലം കഴിഞ്ഞ് ഏകദേശം 46 വർഷങ്ങൾക്ക് ശേഷമാണ് ഒരു...
Posted by Manju Warrier on Wednesday, December 16, 2020
നീണ്ട ഇടവേളയ്ക്കുശേഷം ഗിരിജാ വാര്യർ എഴുതിത്തുടങ്ങുകയാണ്. പോയകാലത്തെ തെളിച്ചംനിറഞ്ഞ ഓർമകളെ കാച്ചിക്കുറുക്കിയ വരികളിൽ അവർ ഗൃഹലക്ഷ്മിയിൽ ‘നിലാവെട്ടം’ എന്ന പംക്തിയിലൂടെ വായനക്കാരുമായി പങ്കുവെക്കുന്നു. അതിന്റെ സന്തോഷമാണ് മഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

Content Highlights: Girija Warrier begins writing, Manju Warrier sharing Happiness