തെന്നിന്ത്യന്‍ ചിത്രങ്ങളിലും ബോളിവുഡിലും ഒരുപോലെ സാന്നിധ്യം തെളിയിച്ച താരമാണ് നടി ജനീലിയ ഡിസൂസ. വിവാഹത്തോടെ സിനിമാരംഗത്തു നിന്നും വിട്ടുനിന്ന ജനീലിയ അടുത്തിടെ ഇന്‍ഡസ്ട്രിയിലേക്ക് തിരികെ വരാനൊരുങ്ങുകയാണ് എന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മയെക്കുറിച്ച് താരം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെ കരിയറിനു വേണ്ടി അമ്മ ജോലി ഉപേക്ഷിച്ച് കൂടെ നിന്നതിനെക്കുറിച്ച് പങ്കുവെക്കുകയാണ് ജനീലിയ.
അമ്മയുടെ പിറന്നാളിനോട് അനുബന്ധിച്ച് പോസ്റ്റ് ചെയ്ത ചിത്രത്തോടൊപ്പമാണ് ജനീലിയ മനോഹരമായ കുറിപ്പും പങ്കുവച്ചത്. സിനിമ എന്നത് തന്റെ വിദൂര സ്വപ്‌നത്തില്‍പ്പോലും ഇല്ലായിരുന്നുവെന്ന് പറഞ്ഞാണ് ജനീലിയ തുടങ്ങുന്നത്.
ഇടത്തരം കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. സിനിമയില്‍ ഒരു കഥാപാത്രം തേടിയെത്തിയപ്പോള്‍ അമ്മ എനിക്ക് വേണ്ടി ജോലി ഇപേക്ഷിച്ച് സെറ്റുകളില്‍ കൂടെ നിന്നു. കോളേജ് കാലത്താണ് അവസരങ്ങളേറെയും ലഭിച്ചത്. സിനിമാ അവസരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ പഠനത്തില്‍ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.- ജനീലിയ പറയുന്നു.
താന്‍ മികവു പുലര്‍ത്തിയ കാര്യങ്ങള്‍ക്കെല്ലാം പുറകില്‍ അമ്മയാണെന്നും ജനീലിയ. ഞാന്‍ കൂടെയുണ്ട്, മുന്നോട്ടു പൊയ്‌ക്കോളൂ, വീണുപോയാല്‍ താങ്ങായി ഞാനുണ്ട്- എന്നു പറയുന്ന അമ്മയാണ് തന്റെ ആത്മാര്‍ഥ സുഹൃത്തെന്നും ജനീലിയ കുറിക്കുന്നു.
സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ജനീലിയ അടുത്തിടെ പങ്കുവച്ചിരുന്നു. പഴയതുപോലെ ഓടിനടന്ന് അഭിനയിക്കാനാവില്ല. വര്‍ഷത്തില്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ ചെയ്യാനാണ് പദ്ധതി. അത് താനെന്ന അഭിനേത്രിയുടെയും വ്യക്തിയുടെയും വളര്‍ച്ചയെ സഹായിക്കും, മുന്നില്‍ വരുന്ന അവസരങ്ങളെല്ലാം സ്വീകരിക്കാന്‍ ഇനി നില്‍ക്കില്ല. പകരം തനിക്ക് ചെയ്യണമെന്നു തോന്നുന്നവ മാത്രമേ ചെയ്യൂ- ജനീലിയ പറയുന്നു.
Content Highlights: Genelia Pens Emotional Note For Her Mother