അഭിനേത്രിമാര്‍ വിവാഹിതരാകുന്നുവെന്ന് പറഞ്ഞാല്‍ ഉടന്‍ ഉയരുന്ന ചോദ്യമാണ്, ഇനി കരിയറില്‍ തുടരുമോ എന്നത്. ഒരൊറ്റ നടന്മാര്‍ക്ക് പോലും ഇന്നേവരെ വിവാഹത്തിന്റെ പേരില്‍ കരിയറുമായി ബന്ധപ്പെടുത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വന്നിട്ടുണ്ടാവില്ല. അക്കാര്യത്തില്‍ മോളിവുഡെന്നോ കോളിവുഡെന്നോ ബോളിവുഡെന്നോ വ്യത്യാസമില്ല. ഇപ്പോഴിതാ ബിടൗണിലെ ബബ്ലിതാരം ജനീലിയ ഡിസൂസയും സമാനമായ അനുഭവം പങ്കുവെക്കുകയാണ്. താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്നു കേട്ടപ്പോള്‍ ആദ്യം കേട്ടത് കാര്യം കരിയര്‍ അവസാനിക്കാന്‍ പോകുന്നു എന്നതാണെന്ന് ജനീലിയ പറയുന്നു.
നീ വിവാഹം കഴിക്കാന്‍ പോവുകയാണോ, പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം അവിടെ കരിയര്‍ ഒടുങ്ങി, എന്നായിരുന്നു പലരും പറഞ്ഞതെന്ന് ജനീലിയ പറയുന്നു. അതൊന്നും തന്നെ ബാധിക്കാന്‍ അനുവദിച്ചില്ല. വിവാഹം കഴിഞ്ഞാല്‍ കുറച്ചുനാള്‍ കുടുംബത്തിനു വേണ്ടി സമയം നീക്കിവെക്കണമെന്ന് അന്നേ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ പോസിറ്റീവായ മാറ്റങ്ങള്‍ കാണുന്നുണ്ട്. - ജനീലിയ പറയുന്നു.
വിവാഹത്തിന് മുമ്പ് വിശ്രമമില്ലാതെ താന്‍ സിനിമാലോകത്ത് ഓടിനടക്കുകയായിരുന്നു എന്നും ജനീലിയ പറയുന്നു. ആളുകള്‍ പലരും തന്നെ ഹിന്ദി സിനിമയില്‍ കണ്ടിട്ടുണ്ടാവില്ല. പക്ഷേ വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസവും തെന്നിന്ത്യന്‍ സിനിമയില്‍ ജോലി ചെയ്യുകയായിരുന്നു. അങ്ങനെയാണ് ഒരു ബ്രേക്ക് വേണമെന്ന് തോന്നിയത്. വിവാഹശേഷം കുട്ടികളുണ്ടായതോടെ അവര്‍ക്കൊപ്പം സമയം കണ്ടെത്തണമെന്ന് തോന്നി. എന്നാല്‍ വിവാഹമോ അമ്മയാവുന്നതോ ഒന്നും പ്രശ്‌നമല്ലാത്ത ഒരു കാലമാണ് ഇപ്പോള്‍ സിനിമയ്ക്ക് എന്നത് സന്തോഷമുണ്ടാക്കുന്നുണ്ട്- ജനീലിയ പറയുന്നു.
സിനിമയില്‍ അഭിനയിക്കുന്നുവെന്ന് കരുതി പഴയതുപോലെ തിരക്കിട്ട് ഓടാനില്ലെന്നും ജനീലിയ. വര്‍ഷത്തില്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ ചെയ്യാനാണ് പദ്ധതി. അത് താനെന്ന അഭിനേത്രിയുടെയും വ്യക്തിയുടെയും വളര്‍ച്ചയെ സഹായിക്കും. മുന്നില്‍ വരുന്ന അവസരങ്ങളെല്ലാം സ്വീകരിക്കാന്‍ ഇനി നില്‍ക്കില്ല. പകരം തനിക്ക് ചെയ്യണമെന്നു തോന്നുന്നവ മാത്രമേ ചെയ്യൂ എന്നും ജനീലിയ പറയുന്നു.
Content Highlights: Genelia On Returning To Films After Marriage