രു ചായ തിളപ്പിച്ച് കുടിക്കാൻപോലും ഭാര്യ ജോലി കഴിഞ്ഞെത്താൻ കാത്തിരിക്കുന്ന വീടുകളുണ്ട്. പാചകവും വീടൊരുക്കലുമൊക്കെ സ്ത്രീക്ക് തീറെഴുതിക്കൊടുത്ത, കാലാകാലങ്ങളായി ശമ്പളമില്ലാത്ത വീട്ടുജോലികൾ ചെയ്യപ്പെടേണ്ടി വരുന്ന സ്ത്രീകൾ ഇന്നുമുണ്ട്. വീട്ടുജോലിയും ഔ​ദ്യോ​ഗിക ഉത്തരവാദിത്തങ്ങളുമൊക്കെ കഴിഞ്ഞ് അൽപനേരം സ്വസ്ഥമായിരിക്കാൻ കൊതിക്കുന്നു എന്നു പറയേണ്ടി വരുന്ന സ്ത്രീകൾ ഉള്ളത് ഈ നൂറ്റാണ്ടിൽ തന്നെയാണെന്നതാണ് നിരാശപ്പെടുത്തുക. വനിതാശിശു വികസന വകുപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോക്ക് പിന്നാലെയാണ് ഈ വിഷയം വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്. വീട്ടുജോലി ചെയ്യേണ്ടത് സ്ത്രീകൾ മാത്രമാണെന്നുള്ള ധാരണയോട് ഇനി വേണ്ട വിട്ടുവീഴ്ച എന്നു പറഞ്ഞാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്രിയാർക്കിയുടെ ഇത്തരം പിൻതുടർച്ചകളെ തകർത്തെറിയേണ്ട കാലമായെന്നും പുരുഷൻ വീട്ടുജോലിയിൽ പങ്കുചേരുന്നത് സഹായമല്ല മറിച്ച് ഉത്തരവാദിത്തമാണെന്നും പറയുകയാണ് ഒരുകൂട്ടം സ്ത്രീകൾ. 

ടോയ്ലറ്റ് ക്ലീനിങ് തൊട്ട് പാചകം വരെ ആൺപെൺ ഭേദമില്ലാതെ പഠിക്കണം

dhanya(ധന്യ വർമ -അഭിനേത്രി, അവതാരക)

സ്ത്രീകൾ ഇപ്പോഴും എത്ര മുന്നോട്ടു പോയാലും വീട്ടകങ്ങളിലെ ഉത്തരവാദിത്തം അവരുടേത് മാത്രമാകുന്നു. ഇതുവഴി സ്ത്രീകൾക്ക് അവരുടെ കഴിവു പുറത്തെടുക്കാനോ ജോലിസ്ഥലത്ത് പ്രാ​ഗത്ഭ്യം തെളിയിക്കാനോ കഴിയാതെ വരും. ശമ്പളമില്ലാതെ, മണിക്കൂറുകൾ എത്രയെന്ന് കണക്കാക്കാതെ ചെയ്യപ്പെടുന്ന ജോലിയാണ് വീട്ടകങ്ങളിലേത്. രാവിലെ തൊട്ട് പത്രവുമായി ഇരിക്കുന്ന അച്ഛനെയും വീട്ടുജോലി ചെയ്യുന്ന അമ്മയെയുമാണ് പഴയ തലമുറയിലെ പല പുരുഷന്മാരും കണ്ടുവളർന്നത്. അതുകൊണ്ടുതന്നെ മനസ്സുകൊണ്ടു ഭാര്യയെ സഹായിക്കണമെന്ന് തോന്നിയാൽപ്പോലും അതുവരെ കണ്ടുശീലിച്ച രീതികളെ എതിർക്കാൻ അവർക്ക് കഴിയുന്നില്ല. അങ്ങനെയാണ് അവരുടെ മനസ്സ് ചിട്ടപ്പെട്ടു വന്നിരിക്കുന്നത്. ഇനിയുള്ള തലമുറ വേണം ഈ അവസ്ഥയ്ക്ക് മാറ്റം വരാൻ. വീട്ടുജോലികൾ തുല്യമായി ചെയ്യണം എന്ന് മാതാപിതാക്കൾ കുട്ടിക്കാലം തൊട്ടേ പറഞ്ഞുകൊടുക്കണം. ടോയ്ലറ്റ് ക്ലീനിങ് തൊട്ട് പാചകം വരെ ആൺപെൺ ഭേദമില്ലാതെ പഠിച്ചിരിക്കണം. പാട്രിയാർക്കിയും ജെൻഡർ റോൾസും ഒക്കെ നിലനിൽക്കുന്നതുകൊണ്ടാണ് ഇപ്പോഴും നമുക്ക് ഇതേക്കുറിച്ച് സംസാരിക്കേണ്ടി വരുന്നത്. പുരുഷൻ സ്ത്രീയെ സഹായിക്കുക അല്ലെ മറിച്ച് സ്വന്തം വീട്ടിലെ ജോലി ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നു എന്നാണ് കരുതേണ്ടത്. 

ജെൻഡർ റോൾസ് എന്നു പറഞ്ഞ് തരംതിരിക്കാതിരിക്കൂ

aswathy

(അശ്വതി ശ്രീകാന്ത്- അഭിനേത്രി, അവതാരക)

ഇപ്പോഴും പാട്രിയാർക്കൽ മനോഭാവത്തോടെ പോകുന്ന സമൂഹമാണ് നമ്മുടേത്. പുരുഷന്മാർ മാത്രം ജോലിക്ക് പോവുകയും സ്ത്രീകൾ വീട്ടുകാര്യങ്ങൾ ചെയ്യുകയും മക്കളെ നോക്കുകയുമൊക്കെ ചെയ്യുന്ന രീതിയാണ് ഉണ്ടായിരുന്നത്. അതുകഴിഞ്ഞ് സ്ത്രീകളും പുരുഷന്റെയൊപ്പം ജോലിക്കിറങ്ങാൻ തുടങ്ങിയപ്പോഴും വീട്ടുജോലിയുടെ കാര്യത്തിൽ മാത്രം മാറ്റമുണ്ടായില്ല. സ്ത്രീകൾ ചെയ്താലേ ശരിയാകൂ, പുരുഷൻ വീട്ടു ജോലി ചെയ്തൂടാ, ഇനി ചെയ്താൽ തന്നെ അത് സ്ത്രീ ചെയ്യേണ്ട ജോലിക്കുള്ള സഹായം മാത്രമാണ് എന്ന രീതിയായി. എന്നാൽ അടുത്തിടെയായി മാറ്റങ്ങൾ കാണുന്ന കുടുംബങ്ങളുമുണ്ട്. സ്ത്രീകൾക്കൊപ്പം വീട്ടുജോലി മോശമല്ലെന്നും, അവനവന്റെ കൂടി ഉത്തരവാദിത്തമാണെന്നും തിരിച്ചറിയുന്ന പുരുഷന്മാരുമുണ്ട്. ഇനിയെങ്കിലും കുട്ടികളെ വളർത്തുമ്പോൾ വീട്ടുജോലി പെൺകുട്ടികളുടേത് എന്നുള്ള ജെൻഡ‍ർ റോൾസ് തരംതിരിച്ച് കൊടുക്കാതിരിക്കാൻ അമ്മമാർ ശ്രദ്ധിക്കണം. എവിടെപ്പോയാലും പരാശ്രയമില്ലാതെ ജീവിക്കാൻ പഠിച്ചിരിക്കേണ്ട കാര്യങ്ങളാണ് ഇവ എന്നും ജെൻ‍ഡർ റോൾ അല്ല എന്നും മക്കളെ പറഞ്ഞു വളർത്തുക.

സഹായം അല്ല പങ്കുവെക്കലാണ്

sheeba

(ഡോ.ഷീബ.കെ- ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ,വിക്ടോറിയ കോളേജ്)

അടുക്കള ജോലികൾ അല്ലെങ്കിൽ വീട്ടു ജോലികൾ അമ്മയിൽ നിന്നു മകളിലേക്കോ മരുമകളിലേക്കോ കൈമാറി കൊടുക്കേണ്ട ഒരു ഉത്തരവാദിത്വമായി കണക്കാക്കുന്ന ഒരു പൊതുബോധം നമ്മുടെ സമൂഹത്തിൽ നിന്നു വേരോടെ പിഴുതു മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വേതനമില്ലാത്ത ഗാർഹികജോലികൾക്ക് വേണ്ടി വേതനമുള്ള പുറത്തെ ജോലികൾ ഒഴിവാക്കേണ്ടി വരുന്ന വിദ്യാസമ്പന്നരായ സ്ത്രീകളുടെ എണ്ണം വളരെയധികം കൂടുതലാണ്. വീട്ടുജോലികൾ സ്ത്രീകളുടേത് മാത്രമാണെന്ന ധാരണ തിരുത്തുവാൻ വേണ്ടി സർക്കാർ നടത്തുന്ന  ഇടപെടലുകൾ ശ്ലാഘനീയം തന്നെ. പക്ഷെ അപ്പോഴും വീട്ടുജോലികൾ ചില പ്രത്യേക അടിയന്തിര സന്ദർഭങ്ങളിൽ പുരുഷന്റെ സഹായമായി (help) മാറുന്നുവോ എന്നത് ആശങ്കയുളവാക്കുന്നതാണ്. "സഹായിക്കുക" എന്ന ആശയത്തിൽ നിന്നു "പങ്കുവെക്കുക" (share) എന്ന ആശയത്തിലേക്ക് നാം മുന്നേറേണ്ടതുണ്ട്


പാട്രിയാർക്കൽ കാഴ്ചപ്പാടുകളെ ബ്രേക് ചെയ്യേണ്ട സമയം കഴിഞ്ഞു

heidi

(ഹെയ്ദി സാദിയ, ആദ്യ ട്രാൻസ്ജെൻഡർ വാർത്താ അവതാരക)

എല്ലാവരും ആ​ഗ്രഹിക്കുന്നത് തുല്യതയാണ്. അതിനുവേണ്ടി പോരാടുന്നവരാണ്. പെണ്ണിനോട് വിട്ടുവീഴ്ച ചെയ്യൂ എന്നു കാലാകാലങ്ങളായി പറയുന്നത് കേട്ട് പലരും മടുത്തുകാണും. സ്ത്രീ ഇങ്ങനെയായിരിക്കണം, പുരുഷൻ ഇങ്ങനെയായിരിക്കണം എന്ന് സമൂഹം ചില കാര്യങ്ങൾ കണ്ടീഷൻ ചെയ്തുവച്ചിട്ടുണ്ട്. സ്വന്തം വസ്ത്രം കഴുകിയാൽപ്പോലും വിലപോകുമെന്ന് കരുതുന്നവരുണ്ട്. പാചകവും വീടൊരുക്കലുമൊക്കെ ആണും പെണ്ണും ഒരുപോലെ ചെയ്യേണ്ടതാണ്. എല്ലാവരും അവരവരുടെ മേഖലകളിൽ പാഷനേറ്റ് ആയി മുന്നോട്ടു പോകുന്ന കാലമാണ്. അവരവരുടെ കാര്യങ്ങൾ പരാശ്രയമില്ലാതെ ആയി ചെയ്യാൻ കഴിയണം. പാട്രിയാർക്കി മുന്നോട്ടു വെക്കുന്ന ഇത്തരം പഴഞ്ചൻ കാഴ്ചപ്പാടുകളെ ബ്രേക് ചെയ്യേണ്ട സമയം എന്നോ കഴിഞ്ഞിരിക്കുന്നു. 


സൂപ്പർ വുമണുകളെ പ്രതീക്ഷിക്കുന്ന സമൂഹം

niju ann philip

(നിജു ആൻ ഫിലിപ്പ്, നഴ്സിങ് ഓഫീസർ, എയിംസ് ന്യൂഡൽ​ഹി)

ഭാര്യയ്ക്ക് പച്ചക്കറി അരിഞ്ഞു കൊടുക്കുന്നവർ,പാത്രം കഴുകി കൊടുക്കുന്നവർ ... ഭാര്യക്ക് ചെയ്ത് കൊടുക്കുന്നു എന്ന പറച്ചിൽ എത്ര വിദഗ്ധമായാണ് പ്ലേസ് ചെയ്യുന്നത്. രണ്ടുപേരും ജോലിക്ക് ഇറങ്ങി പോകുന്ന വീടുകളിൽ വീട്ടുപണിയും അടുക്കളപ്പണിയും എല്ലാം ചെയ്യുന്ന സൂപ്പർവുമണുകളെയാണ്  സമൂഹം പ്രതീക്ഷിക്കുന്നത്. ടി.വിയും കണ്ട് പത്രവും വായിച്ചിട്ട് വൈകുന്നേരം സൊറ പറയാൻ മുണ്ടും മടക്കിക്കുത്തി കവലയിലോട്ടിറങ്ങുന്ന ഭർത്താവുള്ള; ഭാര്യ സകലപണിയും എടുക്കുന്നിടങ്ങളാണ് നമുക്ക് സോ കോൾഡ് നോർമൽ ഹാപ്പി ഫാമിലി. പണി ഒക്കെ തീർത്തോ തീർക്കാതെയോ വാട്ട്സാപ്പും ഫേസ്‍ബുക്കും കുത്തി സീരിയൽ കാണുന്ന സ്ത്രീ പിന്നെ കൊടും അശ്‌ളീലമാണല്ലോ. പ്രിയപ്പെട്ട പെണ്ണുങ്ങളെ എല്ലാ ഉത്തരവാദിത്തവും തലയിൽ ചുമന്ന് നിങ്ങൾ ആരുടെ കൈയിൽ നിന്നും ഒരു അവാർഡും വാങ്ങേണ്ട. വീട്ടിൽ ഉള്ളവർ എല്ലാവരും കൂടി പണികൾ തീർക്കുക. പറ്റാതെ വന്നാൽ പുറത്തു നിന്ന് വാങ്ങുക.തോന്നുമ്പോൾ ഒക്കെ ബ്രേക്ക് എടുക്കുക. യാത്ര പോവുക. ഒരുങ്ങുക. നല്ല സൂപ്പറായി സുന്ദരമായി ജീവിക്കുക. അല്ല പിന്നെആ വാഴ്ത്തിപ്പാടലിൽ വീഴേണ്ട

ആ വാഴ്ത്തിപ്പാടലിൽ വീഴാതിരിക്കൂ

sandhya

(സന്ധ്യ രാധകൃഷ്ണൻ-സംരംഭക, സാൻഡീസ് ക്രാഫ്റ്റ് വേൾഡ്)

സൂപ്പർ മോം എന്ന പദവികൊടുത്ത് ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകൾ നിരവധിയുണ്ട്. വീട്ടുജോലിയും പുറത്തെ ജോലിയുമൊക്കെ ചെയ്തുതീർക്കുന്ന സ്ത്രീകളെ വാഴ്ത്തിപ്പാടുന്നതു കണ്ടിട്ടുണ്ട്, അത്തരം പ്രശംസകളിൽ വീഴരുതെന്നാണ് എനിക്ക് സ്ത്രീകളോട് പറയാനുള്ളത്. കുട്ടികൾ അമ്മയുടെ മാത്രം ഉത്തരവാദിത്തം ആണ് എന്ന രീതിയിലാണ് സമൂഹം കൽപിക്കുന്നത്. രാവിലെ വീട്ടുകാര്യങ്ങളെല്ലാം തീർത്ത് ജോലിക്ക്പോയി വീണ്ടും തിരികെയെത്തി അടുക്കളയിൽ കയറേണ്ടി വരുന്ന സ്ത്രീകൾ ധാരാളമുണ്ട്. പല സ്ത്രീകളും ഉറങ്ങാൻ പോലും കൊതിയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വീട്ടുജോലി പുരുഷൻ ചെയ്യുന്നത് കുറച്ചിലാണെന്നാണ് പലരുടെയും ധാരണ.  എന്റെ വിവാഹസമയത്തു തന്നെ ജോലി ചെയ്യണമെന്നും വീട്ടുജോലികൾ ഭാ​ഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളെല്ലാം അതുപോലെ പറയാൻ തയ്യാറാകണം. പാചകം ചെയ്യാൻ ഇഷ്ടമല്ല എന്നു പറയുന്ന സ്ത്രീകളെല്ലാം വിമർശന മുനയിൽ നിൽക്കുന്ന കാലമാണ്. നീയൊക്കെ ഭാര്യയാണോ എന്നു ചോദിക്കുന്നവരുണ്ട്. ചില ചുമതലകളിൽ കെട്ടിയിടപ്പെടുന്ന അവസ്ഥ മാറാൻ സ്ത്രീകൾ സ്വയം അവ തകർത്ത് മുന്നോട്ടു വരാൻ ശ്രമിച്ചേപറ്റൂ.

Content Highlights: Gender Inequality in Household Chores, gender roles,household chores gender inequality, gender roles in society