"നിക്കിത്തിരി ചായ വേണം..ഒന്നു ചൂട് വെള്ളത്തിൽ കുളിക്കണം..നല്ല ജോലിയായിരുന്നു ഇന്ന് ഓഫീസിൽ. ഒന്നെടുത്തുതരാൻ ഇവിടാരുമില്ല!
നീ എപ്പോഴെത്തും? തീർന്നില്ലേ ജോലി ഇത് വരെ? ഇങ്ങനെയാണെങ്കിൽ നിന്റെ ജോലിക്ക് പോക്ക് നിർത്തേണ്ടി വരും!!"
ഭർത്താവിന്റെ ഭീഷണിയാണ്!

"ഇപ്പൊ ഇറങ്ങും ഏട്ടാ...വേഗം വരാം..."
വിറച്ചു പോയ ഭാര്യയുടെ മറുപടി!!  ജോലി കഴിഞ്ഞ്  പുറത്തിറങ്ങിയപ്പോൾ അവിചാരിതമായി കണ്ടുമുട്ടിയ അവളെ നിർബന്ധിച്ച് ഒരു ചായ കുടിക്കാൻ കൂട്ടിക്കൊണ്ടുപോയ എന്നെ ചീത്തയും പറഞ്ഞു ആ പാവം ബാഗും എടുത്ത് ബസ് പിടിക്കാൻ ഓടി. 

സമൂഹ്യനീതിവകുപ്പിന്റെ ഇന്നലത്തെ അവബോധനവീഡിയോ കണ്ടപ്പോൾ കൂട്ടുകാരിയും ഭർത്താവുമായുള്ള ഈ സംഭാഷണമാണ് ഓർമ വന്നത്. ആ ചാറ്റിൽ ഭാര്യ ചോദിക്കുന്നത് പോലെ "നിങ്ങൾക്ക് എന്താ പരിപാടി? അമ്മയെ സഹായിക്കാൻ നിങ്ങൾ പോരെ?" എന്നൊന്ന് ചോദിക്കാൻ ധൈര്യമുള്ള എത്ര പെണ്ണുങ്ങളുണ്ട് എന്നൊന്ന് ആലോചിച്ചു നോക്കൂ...! 

ഈയടുത്ത് ഒരമ്മ പറഞ്ഞതോർക്കുന്നു..അവരുടെ മകൻ നന്നായി ഭക്ഷണമുണ്ടാക്കും വീട്ടിൽ. അപ്പോൾ അവർ അവനെ ഒരു കുക്കിങ് ക്ലാസ്സിൽ വിടാനായി അന്വേഷണം തുടങ്ങി. ഒരുപാടിടത്ത് അന്വേഷിച്ചപ്പോഴും പെൺകുട്ടികൾക്കായുള്ള ക്ലാസ്സുകൾ മാത്രമേയുള്ളൂ. ചില സ്ഥലങ്ങളിൽ ചെന്നപ്പോൾ  "മുഴുവൻ പെൺകുട്ടികളാ ക്ലാസ്സിൽ , അതിനിടയ്ക്ക് അവൻ ശരിയാകുമോ" എന്ന സംശയവും! മുകളിൽ പറഞ്ഞ രണ്ടു സംഭവങ്ങളും "അടുക്കള, പെണ്ണിന്" എന്ന തിട്ടൂരത്തിന്റെ വകഭേദങ്ങളാണ്. 

ഇന്നത്തെ പല വീടുകളിലും ആൺകുട്ടികൾ അടുക്കളയിൽ കയറുന്നുണ്ട്. അല്ലെങ്കിൽ അമ്മമാർ അവരെ അടുക്കളജോലികൾ പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കാരണം ഞാനും നിങ്ങളുമടങ്ങുന്ന ഇന്നത്തെ സ്ത്രീ തലമുറ, ഉമ്മറത്തേക്ക് ബ്ലാക്ക്‌ ടീ ചോദിക്കുന്ന ഭർത്താവിനെയും, അടിവസ്ത്രം പോലും അലക്കാൻ അറിയാത്ത മകനെയും സഹിക്കുന്നുണ്ട്. നാളത്തെ തലമുറ അങ്ങനെയാകരുത് എന്നു നമ്മൾ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ട്.. എന്നാൽ അവിടെ പലപ്പോഴും തടസ്സമാകുന്നത് വീട്ടിലുള്ള നമുക്ക് തൊട്ടുമുമ്പുള്ള തലമുറയാണ്. 

🔹"ആണ്പിള്ളേർക്ക് എന്താടാ അടുക്കളയിൽ കാര്യം, അയ്യോ മോളെ അവൻ അപ്പുറത്തെങ്ങാനുമിരിക്കട്ടെ, കേട്ട്യോനെ അടുക്കളയിൽ കയറ്റിയാ അവളുടെ പരിഷ്‌കാരം" തുടങ്ങി അനവധി പുലമ്പലുകൾ വീടകങ്ങളിൽ കേൾക്കുന്നുണ്ട്..ഇപ്പോഴും! ആ തലമുറയെ തിരുത്തൽ എളുപ്പമല്ല. പക്ഷെ വളർന്നു വരുന്ന തലമുറയോട് അതിലെ തെറ്റ് പറഞ്ഞു മനസിലാക്കേണ്ടതുണ്ട്. "അന്നത്തെ കാലമല്ല ഇന്ന്" ,എന്ന സ്ഥിരം പല്ലവി ഒഴിവാക്കുക. അന്നത്തെ പല ദുരാചരങ്ങളും നമ്മുടെ പരിഷ്കൃത സമൂഹം മാറ്റിയെടുത്തില്ലേ, അതു പോലെ മാറേണ്ട ഒന്നാണ് 'സ്ത്രീയ്ക്ക് അടുക്കള' എന്ന മുദ്രകുത്തൽ എന്നു പറഞ്ഞു കൊടുക്കാം.

🔹"ഭാര്യയെ സഹായിക്കണമെന്നുണ്ട് ,പക്ഷെ എനിക്കൊന്നുമുണ്ടാക്കാൻ അറിയില്ല, എന്നെ അമ്മ ഒന്നും പഠിപ്പിച്ചിട്ടില്ല, എന്ത് ചെയ്യാനാണ്!"

ഒന്ന് പറയട്ടെ..  ഈ പണി ജന്മനാ പഠിച്ച് ഇറങ്ങി വരുന്നവരല്ല നിങ്ങൾക്ക്  ചുറ്റും കാണുന്ന സ്ത്രീകൾ. ചില പെണ്ണുങ്ങൾക്കെങ്കിലും പാചകം തീരെ താൽപര്യമില്ലാത്ത വിഷയമാണ്. അവളുടെ ജീവിതോദ്ദേശമെന്ന് പറഞ്ഞു പഠിപ്പിച്ച് അവൾക്ക് മാത്രം നിർബന്ധിതമായി പഠിക്കേണ്ടി വന്ന ഒന്നാണ് ഇത്‌. അത് ഏത് പ്രായത്തിലും നിങ്ങൾക്കും പഠിക്കാം . പാചകം ചെയ്യുക എന്നത് മാത്രമാണ് അടുക്കളയിലെ ജോലി എന്നു ധരിച്ചു വച്ചിരിക്കുന്ന ആണങ്ങൾ ഏറെയാണ്. അതിനേക്കാൾ പ്രയാസമാണ് അടുക്കള വൃത്തിയാക്കുക എന്നത്. ആ ജോലി നിങ്ങൾക്ക് ചെയ്യാവുന്നതാണ്.  ഭാര്യയെ സഹായിക്കുക എന്ന മനോഭാവം മാറ്റുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളും  അവളും ചേർന്ന് നിങ്ങൾക്കും കുടുംബത്തിനും കഴിക്കാനുള്ള ഭക്ഷണമുണ്ടാക്കുന്നു, നിങ്ങളുടെ വീട്ടിലെ ജോലികൾ ചെയ്യുന്നു. ആരെയോ സഹായിക്കാൻ എന്തോ മഹാമനസ്കത കാണിക്കുന്നുവെന്ന് ധാരണയൊക്കെ തിരുത്തേണ്ടതുണ്ട്. ഒന്നുമറിയാത്തവർ ഇന്ന് മുതൽ വെറുതെ ആ വീടൊന്ന് അടുക്കിപെറുക്കാനും, സ്വന്തം പാത്രം കഴുകിവയ്ക്കാനും, സ്വന്തം വസ്ത്രം മടക്കി വയ്ക്കാനും ശ്രമിക്കൂ!!

🔹"ഓഹ്! ഭർത്താവിനെ ഇനി ശരിയാക്കിയെടുക്കാൻ പറ്റില്ല..മോനെയെങ്കിലും അടുക്കളപ്പണിയൊക്കെ പഠിപ്പിക്കണം!" 

വളർന്നു വരുന്ന ആൺകുട്ടികളുടെ മനസിൽ അച്ഛൻ എന്നും ഒരു റോൾ മോഡൽ ഇമേജ് ആണ്. ആ അച്ഛൻ അതാ കോലായിൽ കാലുന്മേൽ കാലു കയറ്റി വച്ചിരിക്കുന്നു, വീടിന്റെ ആഭ്യന്തരകാര്യങ്ങൾ മാത്രം ശ്രദ്ധിക്കുന്നു..മറുവശത്ത് വളരെ തൻമയതത്തോടെ, ആയസരഹിതമെന്നു തോന്നിപ്പിക്കും വിധത്തിൽ 'അമ്മ ഓടി നടന്ന് വീട്ടുജോലികൾ മുഴുവൻ ചെയ്യുന്നു. പുറത്ത് നിന്നുള്ളവർ കുട്ടിയുടെ മുന്നിൽ വച്ച് " ഹാ! എന്തൊരു ആദർശകുടുംബം" എന്നു തള്ളന്നു. അവന്റെ മനസിൽ എന്താകും ഉറയ്ക്കുക? ഒരുനാൾ ഞാനും അച്ഛനെപ്പോലെ...അത് തന്നെ! അപ്പോൾ ശ്രമിക്കേണ്ടത് കുടുംബത്തിലെ എല്ലാവരെയും ഒരുപോലെ തിരുത്താനാണ്.

ഭർത്താവിനെ മടിയനാക്കിയത് അമ്മായിയമ്മയാണ് എന്നു കുറ്റപ്പെടുത്തുന്നതിന് മുമ്പ് ഒന്ന് സ്വയം പരിശോധിക്കണം ഭാര്യമാർ...ഒരു തവണയെങ്കിലും കഴിച്ച പാത്രം മേശപ്പുറത്ത് വച്ചിട്ട് പോകരുതെന്നോ, ആ കിടക്കവിരിയൊന്ന് വിരിച്ചിടൂ എന്നോ നിങ്ങൾ പുള്ളിയോട് പറഞ്ഞിട്ടുണ്ടോ? എന്തിന് വയ്യാതെ കിടക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം അടുക്കളയിൽ നിന്നെടുത്തു കൊണ്ട് വരാൻ ഭർത്താവിനെ പറഞ്ഞു വിടുന്നതിൽ പോലും കുറ്റബോധമുള്ള ഭാര്യമാർ ഉള്ള നാടാണിത്! 

🔹"അവനവിടെ ഒറ്റയ്ക്കല്ലേ, വെച്ചുണ്ടാക്കി കൊടുക്കാൻ ആരുമില്ലല്ലോ, അവനാകെ ക്ഷീണിച്ചു..."

ജോലിക്കോ പഠിത്തതിനോ ആയി ഹോസ്റ്റലിലേക്കോ മറ്റോ മാറേണ്ടി വരുന്നവരാണ് ഇന്നത്തെ ആൺകുട്ടികൾ.. അവർ പോയി കഴിഞ്ഞ് ഓരോ തവണ വീട്ടിൽ വരുമ്പോഴും മുഴങ്ങി കേൾക്കുന്ന അമ്മമാരുടെ ആത്മഗതങ്ങളാണ് ഇത്. ഓരോ തവണ വീട്ടിൽ വരുമ്പോഴും സഹതപതോടെയുള്ള ഈ പതം പറച്ചിൽ സത്യത്തിൽ അവനെ കൂടുതൽ കുഴപ്പത്തിലാക്കുകയാണ് ചെയ്യുക. ഈ പതം പറച്ചിലിന് പകരം ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുമ്പോൾ അവർ കിടന്നു നട്ടം തിരിയാതിരിക്കാൻ അവർ തനിച്ചു ചെയ്യാൻ എത്രയും വേഗം പഠിക്കണമെന്ന്  പറഞ്ഞു കൊടുക്കുന്നതും ഓരോ വെക്കേഷനും സ്വല്പം പരിശീലനം ഈ വകയിൽ നൽകുന്നതുമല്ലേ നല്ലത്? അതിന് പകരം വീട്ടിൽ അവധിക്ക് വരുന്ന സമയം മുഴുവൻ അവരുടെ അടിവസ്ത്രം വരെ അലക്കികൊടുക്കാൻ മത്സരിക്കുന്ന അമ്മമാരാണ് കൂടുതൽ!! തന്നെ ചെയ്ത് പഠിക്കാഞ്ഞതിന്റെ കുഴപ്പം അവൻ മനസിലാക്കുക വഴി നാളെ അവന്റെ മക്കളെ വളർത്തുമ്പോൾ അവൻ സ്വല്പം കൂടി ഇക്കാര്യത്തിൽ ജാഗ്രത പുലർത്തും.

🔹"അവൾക്ക് ചെന്നു കയറുന്ന വീട്ടിൽ കെട്ട്യോനും കുടുംബത്തിനും വല്ലതും  വച്ചുണ്ടാക്കി കൊടുക്കണം. പക്ഷേ അവളെപ്പോലെ നീയും ഇതൊക്കെ ചെയ്ത് പഠിക്കണം കേട്ടോ. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ അറിയണ്ടേ?" മടിയനായ മോനോടുള്ള ഒരു ന്യൂജൻ അമ്മയുടെ ഉപദേശമാണ്. പ്രത്യക്ഷത്തിൽ ഉപകാരപ്രദമെന്ന് തോന്നുന്ന ഈ ഉപദേശത്തിൽ ഒരു പിശക് തോന്നുന്നില്ലേ? 

ആണായാലും പെണ്ണായാലും ഏത് ജോലിയിലും താല്പര്യമാണ് വിഷയം. പാചകം തീരെ താൽപര്യമില്ലാത്ത മകളെ അത് അടിച്ചുപഠിപ്പിക്കുന്നത് " നാളെ മറ്റൊരു വീട്ടിൽ വച്ചു വിളമ്പാനാണെന്നും" മകൻ അതു പഠിക്കുന്നത് സ്വയംപര്യപ്തതയ്ക്ക് ആണെന്നുമാണ് പരോക്ഷമായി പറഞ്ഞു വയ്ക്കുന്നത്. ഇവിടെ ഈ ഉപദേശം ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുക. ഒരു കുടുംബത്തിൽ ആരും ആരുടെയും സേവകരല്ലെന്ന് പറഞ്ഞു കൊടുക്കേണ്ടതുണ്ട്. ഏത് ജോലി പഠിക്കുന്നതിന്റെയും പ്രധാനലക്ഷ്യം സ്വയംപര്യാപ്തത തന്നെയാണ് എന്ന് മകനും മകൾക്കും ഒരുപോലെയാണ് പറഞ്ഞു കൊടുക്കേണ്ടത്. 

വീട്ടിലെ അമ്മയും പെങ്ങളും  അടുക്കളയിൽ കിടന്ന് അടിമപ്പണി ചെയ്യുന്നത് കണ്ട് വളരുന്ന മകൻ നാളെ അവന്റെ ഭാര്യയെയും പൊതുസ്ത്രീസമൂഹത്തെയും അതേ കണ്ണുകളിലൂടെയാണ് കാണുക. സ്ത്രീപുരുഷസമത്വം വീടിനകത്ത് ആവണം ആദ്യം തുടങ്ങേണ്ടത്. അങ്ങനെയുറപ്പുള്ള അടിത്തറയിൽ ചവിട്ടി നിന്ന് വളരുന്ന നമ്മുടെ ആണമക്കളുടെയുള്ളിൽ സ്ത്രീയെ ബഹുമാനിക്കാനും സ്‌നേഹിക്കാനുമുള്ള ബോധവും യുക്തിയും സഹജമായിത്തന്നെയുണ്ടായി വരും. അങ്ങനെയുള്ള ആണ്മക്കളാണ് ഇനിയുള്ള തലമുറയിലെ സ്ത്രീസമത്വത്തിന് കരുത്തുള്ള അടിത്തറപാകുക. ഒരു കുടുംബത്തിൽ എല്ലാവരും ഒരുപോലെ ഉത്തരവാദിത്തങ്ങൾ എടുക്കുന്നതും അവകാശങ്ങൾ നേടുന്നതും കാണുന്ന മക്കൾ ഉറപ്പായും നാളത്തെ ഉത്തമപൗരന്മാരാണ്.

Content Highlights: Gender Inequality in Household Chores, gender inequality in household work, gender inequality in india