മ്മയായതല്ലേ ശരീരം വഴങ്ങില്ല, പ്രായം കൂടിപ്പോയി, മൂന്നുവർഷം കുഞ്ഞിനെ നോക്കി വീട്ടിലിരുന്നതിന്റെ തളർച്ച ശരീരത്തിനുണ്ടാകും. തനിക്കേറെ പ്രിയപ്പെട്ട കായിക ഇനമായ ​ഗുസ്തിയിലേക്ക് തിരികെ വരുന്ന കാര്യം പ്രഖ്യാപിച്ചപ്പോൾ ​ഗീത ഫോഗട്ട് കേൾക്കാത്ത വിമർശനങ്ങളില്ല. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയുമായി മൂന്നുവർഷത്തിനിപ്പുറം രണ്ടാം അങ്കത്തിനൊരുങ്ങുകയാണ് ​ഗീത ഫോഗട്ട്. മാതൃത്വമോ പ്രായമോ ഒരു സ്ത്രീയുടെ നിശ്ചയദാർഢ്യത്തിന് പ്രതിബന്ധങ്ങൾ ആവില്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ​ഗീത. 

കോമൺവെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവ് കൂടിയായ ഗീത 2019 ഡിസംബറിലാണ് ഒരാൺകുഞ്ഞിന് ജന്മം നൽകുന്നത്. ഇതിനിടെ വണ്ണം കൂടുകയും ഫിറ്റ്നസ് കൈവിട്ടുപോവുകയും ചെയ്തു. വീണ്ടും തിരികെ വരാനൊരുങ്ങുമ്പോൾ 35 കിലോയോളമാണ് താൻ കുറച്ചതെന്ന് ​ഗീത പറയുന്നു. കഴിഞ്ഞ ഒന്നര വർഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമായി ഉത്തർപ്രദേശിലെ നന്ദിനി ന​ഗറിൽ നടക്കുന്ന സീനിയർ നാഷണൽസിൽ 59 കിലോ കാറ്റ​ഗറിയിൽ യോ​ഗ്യത നേടുകയും ചെയ്ത ​ഗീത. 

കുഞ്ഞിന് ജന്മം നൽകിയതിനു പിന്നാലെ തന്റെ ഭാരം 95 കിലോയോളം എത്തിയിരുന്നുവെന്ന് ​ഗീത പറയുന്നു. ഏറെ പ്രണയിക്കുന്ന കായിക ഇനത്തിൽ നിന്ന് വിട്ടുനിൽക്കുക എന്നത് ദുഷ്കരമായിരുന്നു. ​ഗർഭിണിയായിരുന്ന കാലത്തും തിരിച്ചുവരവിനെക്കുറിച്ച് ചിന്തിച്ചിരുന്നു. കാരണം മറ്റൊന്നിനും നൽകാൻ കഴിയാത്ത സംതൃപ്തി റെസ്ലിങ് തനിക്ക് നൽകിയിട്ടുണ്ട്- ​ഗീത പറയുന്നു. 

സ്റ്റാമിനയും വേ​ഗതയുമാണ് റെസ്ലിങ്ങിൽ പ്രധാനം. അതിൽ സ്റ്റാമിന വീണ്ടെടുക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം പ്രശ്നമായിരുന്നില്ല, കാരണം കുട്ടിക്കാലം തൊട്ടേ കഠിനമായി പരിശീലിച്ചിരുന്നു, പക്ഷേ വേ​ഗത കൈവരിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. 

അസെർബെയ്ജാനിൽ നിന്നുള്ള മരിയാ സ്റ്റാഡ്നിക്കിനെ ഉദാഹരണമായി പറയുന്നുമുണ്ട് ​ഗീത. മുപ്പത്തിമൂന്നുകാരിയും രണ്ടു മക്കളുടെ അമ്മയുമാണവർ. നാല് ഒളിമ്പിക് മെഡലുകൾ നേടിയിട്ടുള്ള അവർ പലതവണ ലോക മെഡലുകൾ കരസ്ഥമാക്കിയിട്ടുമുണ്ട്. ഫിറ്റ്നസും വ്യക്തതയും ഉണ്ടെങ്കിൽ നിങ്ങൾക്ക് അതു നേടാൻ കഴിയും. ഫിറ്റ്നസിനു വേണ്ടി കഠിനമായി പ്രയത്നിച്ചയാളാണ് താൻ, ഇത് വീണ്ടും തന്റെ കഴിവു തെളിയിക്കാനുള്ള അവസരമാണ്- ​ഗീത പറയുന്നു. 

ഒട്ടേറെ വിജയങ്ങൾ കണ്ടെങ്കിലും ഇപ്പോഴും കരിയറിനോട് വിടപറയാനുള്ള സമയമായെന്ന് തോന്നിയിട്ടില്ലെന്നും ​ഗീത. ഈ സ്പോർട്സ് തന്റെ രക്തത്തിലുള്ളതണ്. ഇതു വിടുന്നുവെന്ന് ആലോചിക്കുമ്പോൾ പോലും ഭയമാണ്. പുതിയ തുടക്കത്തിൽ തന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് ആലോചിക്കാറുണ്ട്. ഇപ്പോഴും രാജ്യത്തിനു വേണ്ടി മെഡൽ സ്വന്തമാക്കണമെന്നാണ് ആ​ഗ്രഹം- ​ഗീത പറഞ്ഞു. 

Content Highlights: Geeta Phogat  second innings, geeta phogat wrestling,