''പ്രണയംപോലെ സൗഹൃദവും ഇന്റന്‍സ് പാഷന്‍ ഉള്ള ഒരു അനുഭവമാണ്. ജീവിതത്തോടുള്ള മമതപൂര്‍ണമായ അഭിരതിയാണ് പ്രണയമെങ്കില്‍ ജീവിതത്തെ നിലനിര്‍ത്തുന്ന സൗഹൃദത്തിന്റെ വഴികളില്‍ തിളച്ചുമറിയുന്ന പ്രണയമുണ്ട്. ഓര്‍മ, സൗഹൃദം, പ്രണയം ഇവ പരസ്പര പൂരകങ്ങളാണ്.'' ഫ്രാന്‍സ് കാഫ്ക.

എന്തോരം മനുഷ്യരാണ് ചുറ്റും! ആരെയുമറിയില്ല. എന്നിട്ടും അപരിചിതരില്‍നിന്ന് പൊട്ടിമുളച്ച് സൗഹൃദമെന്ന പെരുംമരമായ് നമ്മുടെ മതില്‍ക്കെട്ട് തകര്‍ത്ത് വളരുന്നു ചിലര്‍. പ്രളയം പുഴയുടെ നിറംമാറ്റുംപോലെ കലര്‍ന്ന്, ആഴവും പരപ്പും കൂട്ടി കടല്‍വരെ കൂടെയൊഴുകുന്നവര്‍. ആത്മസൗഹൃദങ്ങളെന്നു പറയുമ്പോള്‍ അങ്ങനെയല്ലാതെങ്ങനെ! പക്ഷേ എത്ര  സ്ത്രീകള്‍ക്ക് കിട്ടിയിട്ടുണ്ടാവും അങ്ങനെയൊരു സുഹൃത്തിനെ? കൂട്ടുകൂടി നടന്നിരുന്ന ഭൂതകാലത്തിന്റെ ഓര്‍മ്മകളാണ് പല സ്ത്രീകള്‍ക്കും സൗഹൃദങ്ങള്‍. കൈവിട്ടുപോവുന്നു, കളഞ്ഞുപോവുന്നു. എന്തൊരു നഷ്ടം! പക്ഷേ നഷ്ടപ്പെടാതെ സൂക്ഷിച്ചവര്‍ പറയും, കൂട്ടുകെട്ടുകളില്‍ സ്വയം കെട്ടഴിച്ചുവിടുന്നതിന്റെ സുഖങ്ങളെക്കുറിച്ച്.

''കോളേജും ഹോസ്റ്റലുമൊക്കെയായി കലപിലയായി ജീവിച്ചതാണ് ഞാന്‍. കല്യാണം കഴിഞ്ഞപ്പോ എല്ലാം പോയി. നാടേ മിസായി! പക്ഷേ അഞ്ചാറു കൊല്ലം കഴിഞ്ഞപ്പോ മനസ്സിലായി, ആളും മനുഷ്യനുമില്ലാതെ എനിക്ക് കഴിയാന്‍ വയ്യാന്ന്.'' സിതാര ഫ്‌ളാഷ്‌ബാക്കിലാണ് തുടങ്ങിയത്. അവള്‍ക്ക് പ്രായം മുപ്പത്. ഇപ്പോള്‍ കൊട്ടാരക്കരയിലെ ഒരു നാലംഗ കുടുംബത്തിന്റെ നായിക. അവള്‍ക്ക് വര്‍ത്തമാനകാലത്തെക്കുറിച്ച് പറയാന്‍ ധൃതിയായി. ''അടുത്തകാലത്ത്  ഞാന്‍ പഴയ കൂട്ടുകാരികളെയൊക്കെ തപ്പിപ്പിടിച്ചു. അന്നുമുതല്‍ ജീവിതം ഒരു പിങ്ക് തൂവാലപോലെ തോന്നി. സോ ലൈറ്റ്, സോ കളര്‍ഫുള്‍..''

കളര്‍ഫുളായിരുന്ന കൗമാരം കടന്ന് വിവാഹത്തിലേക്ക് പോവുമ്പോള്‍ എത്രപേര്‍ക്ക് പറ്റുന്നു സൗഹൃദങ്ങള്‍ കൂടെകൊണ്ടുപോകാന്‍? സ്വന്തം വീട്ടില്‍ മടിപിടിച്ചുണരുന്ന പ്രഭാതങ്ങളും ബെല്ലടിക്കാതെ കയറിവരുന്ന കൂട്ടുകാരിയും എന്നോ അന്യമായിക്കഴിഞ്ഞു! ''ഒരു കൂട്ടുകാരിയെ എപ്പോഴുമോര്‍ക്കും. പഠിക്കുന്ന കാലത്തൊക്കെ അവളായിരുന്നു എന്റെ സൂക്ഷിപ്പുകാരി. എപ്പോഴും ഒന്നിച്ചായിരുന്നു. ഇപ്പോഴും ഓര്‍ക്കാറുണ്ട്; എവിടെയായിരിക്കും, എങ്ങനായിരിക്കും...'' ഓര്‍മ്മകളില്‍ തങ്ങിനില്‍ക്കുകയാണ് ഒരു അമ്പതുകാരി. ഭൂതകാലമാണ് പ്രിയം. മുന്നോട്ടുപോയാല്‍ പിന്നെ ഒന്നുമില്ല, ആരുമില്ല. കുടുംബമുണ്ട്. അതു പക്ഷേ  കുടുംബമാണ്. അവിടെ അധികാരിയായ ഭര്‍ത്താവുണ്ട്, എപ്പോഴും അമ്മയെ ആവശ്യപ്പെടുന്ന മക്കളുണ്ട്, അതിനിടയില്‍ എന്തിനാണ് സ്ത്രീക്ക് സൗഹൃദങ്ങള്‍ എന്ന നിശബ്ദമായ ചോദ്യമുണ്ട്. 

''എന്റെ വീട്ടില്‍ ആരും അങ്ങനെയൊരു ചോദ്യം ചോദിക്കില്ല.'' കോഴിക്കോട് പൊറ്റമ്മല്‍ സ്വദേശി ദീപ്തി പ്രജിത് ഒരു ചിരിയില്‍ സൗഹൃദത്തിന്റെ കുളിരുള്ള ജീവിതം തുറന്നുവെച്ചു. '' എന്റെ കൂട്ടുകാരികളെല്ലാം ഇപ്പോഴും വീട്ടില്‍ വരും. ഞങ്ങള്‍ യാത്ര പോവും. എത്രവേണമെങ്കിലും സംസാരിച്ചിരിക്കും. ഈ പ്രായത്തിലും നിങ്ങള്‍ക്കേ ഇങ്ങനെ സൗഹൃദം കൊണ്ടുനടക്കാന്‍ പറ്റൂ എന്നേ ഭര്‍ത്താവുപോലും പറയാറുള്ളൂ.'' ദീപ്തിക്ക് സന്തോഷമുണ്ട്. ജീവിതം വരണ്ടുപോയിട്ടില്ല. അല്ലെങ്കില്‍ത്തന്നെ എന്തിനാണ് സ്ത്രീകള്‍ക്കുമാത്രം കൂട്ടുകാരില്ലാതാവുന്നത്?

പക്ഷേ പേരിന് പോരല്ലോ കൂട്ടുകാര്‍. ഭര്‍ത്താവിന്റെ കൂട്ടുകാരുടെ ഭാര്യമാര്‍, അയല്‍പക്കക്കാരികള്‍, സഹപ്രവര്‍ത്തകര്‍ ഇവരില്‍നിന്നൊക്കെമാത്രം ആത്മസുഹൃത്തിനെ തിരഞ്ഞെടുക്കാന്‍ വിധിക്കപ്പെട്ടവരുണ്ട്. കിട്ടിയെന്നുവരാം ചിലപ്പോള്‍. എന്നാലും നാട്ടിന്‍പുറത്തെ കടയില്‍നിന്ന് തുണി വാങ്ങുംപോലെ എത്ര പരിമിതമായ ഒരു തിരഞ്ഞെടുപ്പായിരിക്കും അത്! ''സോഷ്യല്‍മീഡിയ വന്നതോടെ ലോകത്തെവിടെ നിന്നും കൂട്ടുകാരെ കിട്ടും എന്ന അവസ്ഥയായി. പക്ഷേ ഒന്നു തെറ്റുമ്പോള്‍ തിരുത്താന്‍,  വീഴ്ചയില്‍ താങ്ങാവാന്‍ അതിനൊക്കെ ഈ ഇന്റര്‍നെറ്റ് സൗഹൃദങ്ങള്‍ക്ക് കഴിയുമോ?'' അഭിഭാഷകയും തൃശൂരിലെ മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ വിദ്യാ സംഗീത് ആശങ്ക പങ്കിട്ടു. ''എനിക്ക് കൂട്ടുകാര്‍ അത്ര അധികമൊന്നുമില്ല. ഉണ്ടായിരുന്നു ഒരാള്‍. ഇന്ദു. പാട്ടിനും ഡാന്‍സിനും മതില് ചാടാനുമൊക്കെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. കോളേജ് കഴിഞ്ഞപ്പോ രണ്ടു വഴിക്കായി. എവിടെയോവെച്ച് നഷ്ടപ്പെട്ടു ആ സൗഹൃദം എന്നുപറഞ്ഞാല്‍ അതാണ് സത്യം. ഇപ്പോഴും നല്ല സുഹൃത്തുക്കളുണ്ട്. പക്ഷേ ഹൃദയം കൊണ്ട് അത്ര ഇഷ്ടം തോന്നിയ ഒരാള്‍ പിന്നെ ഉണ്ടായിട്ടില്ല.''  

കാല്‍പന്ത് കളിച്ചോ, കവലയില്‍ ഒന്നിച്ചിരുന്നോ  ഉണ്ടാവാറില്ല പെണ്‍കൂട്ടുകെട്ടുകള്‍. കാണുമ്പോള്‍, കൂടെയുണ്ടാവുമ്പോള്‍, കാശിവരെ പോയി വന്നാലും തീരാതെ കഥ പറഞ്ഞിരിക്കുമ്പോള്‍, കണ്ണീരുവീഴാതെ ചേര്‍ത്തുപിടിക്കുമ്പോള്‍... ജീവിതത്തിന്റെ രസമാപിനിയില്‍ അപ്പോഴെല്ലാം അവള്‍ ലോപമില്ലാതെ നിറയ്ക്കുന്നു സൗഹൃദമെന്ന ദ്രാവകം! ചിലര്‍ക്കെങ്കിലും കൂട്ടുകാരാല്‍ നിറഞ്ഞു കവിഞ്ഞതിന്റെ ആനന്ദമുണ്ട്. ''കൂട്ടക്കാരേക്കാള്‍ വലുത് കൂട്ട്വാരാണ്..എന്ന പാട്ട് കേട്ടിട്ടുണ്ടോ? കേള്‍ക്കുേമ്പാ ഞാന്‍ എന്നെത്തന്നെ ഓര്‍ക്കും. ഭര്‍ത്താവും കുട്ടികളും അച്ഛനും അമ്മയുമൊക്കെ എനിക്കുമുണ്ട്. അവരോടൊക്കെ നെറച്ച് ഇഷ്ടവുമുണ്ട്. ന്നാലും കൂട്ടുകാര്‍.വെറും കൂട്ടുകാരല്ല, ആത്മാവിന്റെ കൂട്ടുകാര്‍... അവരില്‍ മുങ്ങിപ്പൊങ്ങിയാണ് ജീവിതം.'' ഒരു പെണ്ണിന് കിട്ടാന്‍ പ്രയാസമുള്ളത് കിട്ടുന്നതിന്റെ സന്തോഷമുണ്ട് മായയുടെ വാക്കുകളില്‍. കാസര്‍കോഡുനിന്ന് തിരുവനന്തപുരത്തെത്തി രണ്ടു ഭാഷയും നാവില്‍വരാത്ത മായ അതിന് കാരണം പറഞ്ഞു. ''പലേടത്തും കൂട്ടുകാരുണ്ട്. എല്ലാം ചേര്‍ന്ന് എന്റെ ഭാഷ ഇങ്ങനെയായി..''

ഇഷ്ടങ്ങളില്‍ ഇഷ്ടത്തോടെ ജീവിക്കുമ്പോഴും ചില ചോദ്യങ്ങള്‍ വരും. ''എന്റെ ഭര്‍ത്താവും ഞാനും നല്ല കൂട്ടാണ്. അതല്ലാതെയും എനിക്ക് നല്ല സുഹൃത്തുക്കള്‍ വേണമെന്ന് പറയുമ്പോള്‍, ആളുകള്‍ക്ക് അത്ഭുതമാണ്.'' എറണാകുളത്ത് കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയായ ബിന്ദു രാമചന്ദ്രന്‍ പുറംലോകത്തിന്റെ ആശ്ചര്യങ്ങളെ ഒരു ചിരികൊണ്ട് ഓടിച്ചുവിട്ടു. ''കഴിഞ്ഞ ദിവസം ഒരു സാഹിത്യ സമ്മേളനത്തിന് പോയി. അവിടെവെച്ച് കണ്ടുപിരിഞ്ഞ ഒരു കൂട്ടുകാരിയെ വീണ്ടും കാണണമെന്ന് തോന്നി. അവള്‍ എറണാകുളത്ത് വന്ന ദിവസം ഞാന്‍ കാണാനിറങ്ങി. ഭര്‍ത്താവ് കുശലം ചോദിച്ചു ''കഴിഞ്ഞ ദിവസമല്ലേ കണ്ടത്? '' പോവേണ്ടെന്ന അര്‍ത്ഥത്തിലല്ല ആ ചോദ്യം. എന്നാലും പുരുഷന്മാര്‍ സുഹൃത്തുക്കളെ കാണാനിറങ്ങുമ്പോള്‍ ഇങ്ങനത്തെ ചോദ്യങ്ങളുണ്ടാവുമോ? ഇല്ല. പരസ്പരം അറിഞ്ഞ് കൂട്ടായാല്‍ സ്ത്രീ സൗഹൃദങ്ങള്‍പോലെ ഹൃദ്യമായി വേറെന്തുണ്ട്!''

പക്ഷേ അറിയാന്‍ അത്ര എളുപ്പമല്ലല്ലോ സ്ത്രീകള്‍ക്ക്. ''എല്ലാവരും ഒരുമിച്ച് ഒരു യാത്ര പോയാല്‍പ്പോലും വീട്ടിലുള്ളവരുടെ കുപ്പായം, ബ്രഷ്, സോക്‌സ്...ഇതിന്റെയൊക്കെ പിന്നാലെ നടക്കണം.'' കോട്ടയത്തെ ഒരു ലേഡി ഡോക്ടര്‍ നിരാശയോടെ പറഞ്ഞു. ''ഇപ്പോ ഇപ്പോ എല്ലാരും പറയുന്നുണ്ട്; നമുക്ക് സ്ത്രീകള്‍ക്ക് മാത്രമായി യാത്ര പോവാംന്ന്.''വൈകി വരുന്ന ബോധോദയങ്ങള്‍! എങ്കിലും അത് അവളുടെ നാല്‍പതുകളില്‍ വീണ്ടും കൗമാരം വിരിയിക്കുന്നത് കാണാന്‍ എന്തൊരു രസമാണ്! സൗഹൃദത്താല്‍ തുടിക്കുന്ന പെണ്‍ഹൃദയങ്ങളിലാണ് ലോകം ജീവിതത്തിന്റെ തളിര്‍വനങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നതെന്ന് എത്രപേര്‍ക്കറിയാം! മുന്നോട്ടുള്ള കാലം അവളും കൂട്ടുകാരികളും കണ്ടെടുക്കുന്ന സ്വപ്‌നങ്ങളാല്‍ നിറയും. അന്ന് പെണ്‍ കൂട്ടുകെട്ടുകള്‍ ഓര്‍മ്മകളിലൊതുങ്ങില്ല.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത് 

Content Highlights: Friendship of Woman