ര്‍ക്കും തിരിച്ചറിയാന്‍ പറ്റാത്ത തന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് അമേരിക്കന്‍ ഗായിക ജെസീക്ക സിംപ്‌സണ്‍. ഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. നാലുവര്‍ഷം മുമ്പ് മദ്യത്തിന് അടിമയായി കഴിഞ്ഞ കാലത്ത് എടുത്ത ഫോട്ടോയാണിതെന്ന് ജെസീക്ക ഫോട്ടോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നാലുവര്‍ഷക്കാലത്തെ ജീവിതയാത്രയും താന്‍ മദ്യത്തിനടിമയായിരുന്ന കാലഘട്ടത്തെയും ഗായിക കുറിപ്പില്‍ ഓര്‍ത്തെടുത്തു. 

ഹാലോവീന്‍ ആഘോഷങ്ങള്‍ക്കുശേഷം പിറ്റേദിവസം 2017 നവംബര്‍ 1-ന് എടുത്ത ചിത്രമാണ് ജെസീക്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അന്നാണ് താന്‍ മദ്യപാനത്തില്‍നിന്ന് വിടുതല്‍ വേണമെന്ന് ആഗ്രഹിച്ചതെന്നും കാരണം അത് തന്നെ തകര്‍ത്തുകളഞ്ഞിരുന്നുവെന്നും ഗായിക തുറന്നു പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് മദ്യപാനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് പീപ്പിള്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

'2017 നവംബര്‍ ഒന്നിന് അതിരാവിലെ ഞാന്‍ ഇങ്ങനെയായിരുന്നു, തിരിച്ചറിയാന്‍ പറ്റാത്ത എന്റേതുതന്നെ ഒരു പതിപ്പ്. സ്വയം കണ്ടെത്താനും കെട്ടുപൊട്ടിച്ചെറിഞ്ഞ് സൂക്ഷ്മമായി വിശകലനം ചെയ്യാനും എനിക്കൊരുപാടുകാര്യങ്ങളുണ്ടായിരുന്നു. എന്റെ ഉള്ളിലെ വെളിച്ചം തിരിച്ചുപിടിക്കാനും എന്റെ ആത്മാഭിമാനത്തിന്റെ ആന്തരിക പോരാട്ടത്തില്‍ വിജയം കാണിക്കാനും ഈ ലോകത്തെ തുളച്ചുകയറുന്ന വ്യക്തതയോടെ ധൈര്യപ്പെടുത്താനും ഞാന്‍ എന്നെ അനുവദിക്കുമെന്ന് ഈ നിമിഷം തന്നെ എനിക്കറിയാമായിരുന്നു-ഫോട്ടോയ്‌ക്കൊപ്പമുള്ള ക്യാപ്ഷനില്‍ ജെസീക്ക വിവരിച്ചു. ഇത് ചെയ്യുന്നതിന് മദ്യപാനം നിറുത്തേണ്ടതുണ്ടായിരുന്നു. കാരണം, എന്റെ മനസ്സിനെയും ഹൃദയത്തെയും ഒരേ ദിശയില്‍ ചലിക്കുകയായിരുന്നു. തുറന്ന് പറയാമല്ലോ അത് എന്നെ തകര്‍ത്തു കളഞ്ഞിരുന്നു'-ജെസീക്ക പറഞ്ഞു.

മദ്യപാനം ഉപേക്ഷിച്ചശേഷം തന്നെ ബഹുമാനിക്കാന്‍ പഠിച്ചുവെന്നും താരം പറഞ്ഞു. 'മദ്യപാനം ആയിരുന്നില്ല പ്രശ്‌നം. ഞാനായിരുന്നു പ്രശ്‌നക്കാരി. ഞാന്‍ എന്നെ സ്‌നേഹിച്ചിരുന്നില്ല. എന്റെ തന്നെ ശക്തിയെ ഞാന്‍ ബഹുമാനിച്ചിരുന്നില്ല. ഇന്ന് ഞാനത് ചെയ്യുന്നു-അവര്‍ കൂട്ടിച്ചേര്‍ത്തു. 

ജെസീക്കയെ പിന്തുണച്ചുകൊണ്ട് ഒട്ടേറെ പേരാണ് അവരുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. നടിമാരായ ചെല്‍സെ ഹാന്‍ഡലറും കെയ്‌ലി റിച്ചാര്‍ഡ്‌സും ജെസീക്കയുടെ തുറന്നു പറച്ചിലിനെ പിന്തുണച്ചു. ഗായികയായ കാര്‍നി വില്‍സണും തന്റെ സമാനമായ ജീവിതത്തെക്കുറിച്ച് കമന്റ് സെക്ഷനില്‍ വിവരിച്ചു. 

മനോഹരമായി പറഞ്ഞിരിക്കുന്നുവെന്നും ജെസീക്കയുടെ വാക്കുകള്‍ പ്രചോദിപ്പിക്കുന്നതാണെന്നും ഒട്ടേറപ്പേര്‍ക്ക് വെളിച്ചം വീശുന്നതാണെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു.

Content highlights: four years of sobriety jessica simpson says she was alcoholic