ദ്യോഗിക രേഖകളില്‍ പലതിലും രക്ഷകര്‍ത്താവിന്റെ സ്ഥാനം രണ്ടുപേര്‍ക്ക് മാത്രം നീക്കിവച്ചിട്ടുണ്ടാവും. ഒന്നുകില്‍ അച്ഛന്‍, അതല്ലെങ്കില്‍ ഭര്‍ത്താവ്. എന്നാല്‍ കാലമിത്ര പുരോഗമിച്ചിട്ടും ഇപ്പോഴും രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് അമ്മയുടെ പേര് കുറിക്കാനുള്ള അവസരം ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഒരു പെണ്‍കുട്ടിയുടെ അനുഭവം. 

തന്‍വി എന്ന പെണ്‍കുട്ടിയുടെ അനുഭവമാണ് സമൂഹമാധ്യമത്തില്‍ വൈറലാവുന്നത്. താന്‍ പൂരിപ്പിച്ച അപേക്ഷയുടെ ചിത്രംസഹിതമാണ് തന്‍വിയുടെ ട്വീറ്റ്. രക്ഷകര്‍ത്താവുമായുള്ള ബന്ധം പറയാനുള്ള കോളത്തില്‍ അച്ഛന്‍, ഭര്‍ത്താവ് എന്നിവ മാത്രമേ കാണുന്നുള്ളു. ഇതോടെ ആ കോളത്തില്‍ അച്ഛന്‍, ഭര്‍ത്താവ് എന്നുള്ളതിനൊപ്പം അമ്മ എന്നൊരു കോളം കൂടി തന്‍വി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. അമ്മയുടെ കോളം എന്തുകൊണ്ടാണ് ഇല്ലാത്തത് എന്നു പറഞ്ഞാണ് തന്‍വി ട്വീറ്റ് ചെയ്തത്. 

സംഗതി കണ്ട പലരും തന്‍വിയുടെ സംശയം തങ്ങള്‍ക്കും തോന്നിയിട്ടുണ്ടെന്ന് പറഞ്ഞ് കമന്റ് ചെയ്തു. അച്ഛനെ രക്ഷകര്‍ത്താവായി കണക്കിലെടുക്കുന്ന സമൂഹം എന്തുകൊണ്ടാണ് അമ്മയെ ആ പദവി നല്‍കുന്നതില്‍ നിന്ന് വിലക്കുന്നതെന്നാണ് ഭൂരിഭാഗം പേരുടെയും ചോദ്യം. സാമ്പത്തിക കാര്യങ്ങളിലുള്‍പ്പെടെ വീട്ടിലെ പുരുഷന്റേതിനു തുല്യമായി പങ്കാളിത്തം ഉറപ്പാക്കുന്ന അമ്മമാര്‍ എന്തുകൊണ്ട് ഔദ്യോഗിക രേഖകളിലെ കോളങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു എന്നും പലരും പറയുന്നു. 

പല സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ അപേക്ഷകളിലും അമ്മമാരും ഭാര്യമാരും ഇന്നും ഒഴിവാക്കപ്പെടുന്നത് സമൂഹത്തിന്റെ ചിന്താഗതി എത്രകാലം പുറകിലാണ് എന്നതിന് ഉദാഹരണമാണെന്നും സിംഗിള്‍ പാരന്റിങ് ചെയ്യുന്ന അമ്മമാരുടെ മക്കള്‍ ഈ കോളത്തിന് എന്തു മറുപടി നല്‍കുമെന്നുമൊക്കെ പോകുന്നു കമന്റുകള്‍. 

Content Highlights: Form Has No ‘Mother’ Option Under ‘Guardian’, Viral Tweet