യുലീസ അരെസ്‌ക്യോറ എന്ന പെണ്‍കുട്ടി ആദ്യമായി സുംബാ ക്ലാസ്സില്‍ പങ്കെടുത്തപ്പോള്‍ തന്നെ അവളുടെ മനസ്സില്‍ ഒരു സ്വപ്‌നം കയറിക്കൂടി. തനിക്കും സുംബാ പഠിപ്പിക്കുന്ന ടീച്ചറാവണം. പക്ഷേ, അവളെ സംബന്ധിച്ചിടത്തോളം അതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. സുംബാ പരിശീലകയാകാന്‍ അവളെ സഹായിക്കാന്‍ ഒരു പരിധിയില്‍ കൂടുതല്‍ ആരും തയ്യാറായില്ല എന്നതാണ് സത്യം. കാരണം, ഡൗണ്‍ സിന്‍ഡ്രോം ബാധിതയായ അവളെ പഠിപ്പിക്കുക എന്നത് അത്ര നിസ്സാര കാര്യമല്ലായിരുന്നു!!

yulisa
photo:fb/Yulissa Arescurenaga

ഇന്ന് പക്ഷേ യുലീസ എന്ന കാലിഫോര്‍ണിയ സ്വദേശിയായ 24കാരി ഡൗണ്‍സിന്‍ഡ്രോമുള്ള ആദ്യ സുംബാ പരിശീലകയാണ്. അങ്ങനെ,അമേരിക്കയുടെ ചരിത്രത്തിന്റെ ഭാഗവും. അലാസ്‌കയിലെ സര്‍വീസ് ഹൈസ്‌കൂളില്‍ അവളുടെ സുംബാ ക്ലാസ്സിനായി കാത്തിരിക്കുന്ന കുറേയധികം കുട്ടികളുണ്ട്. അവരോടൊപ്പമുള്ള നിമിഷങ്ങളെ യുലീസ കുറച്ചൊന്നുമല്ല ഇഷ്ടപ്പെടുന്നത്.

yulisa
photo:fb/Yulissa Arescurenaga

2008ലാണ് യുലീസ സുംബാ പരിശീലനം ആരംഭിക്കുന്നത്. പരിശീലകയാവുക അത്ര എളുപ്പമല്ലെന്ന് അന്നേ അവള്‍ മനസ്സിലാക്കി. മറ്റുള്ളവരെക്കാള്‍ കൂടുതല്‍ കഠിനാധ്വാനം അവള്‍ക്കതിനാവശ്യമായിരുന്നു. എങ്ങനെയും ലക്ഷ്യത്തിലെത്തണമെന്ന നിശ്ചയദാര്‍ഢ്യം കൊണ്ട് ദിവസവും ആറു മണിക്കൂറിലധികം അവള്‍ സുംബാ പരിശീലിച്ചു. നിരന്തരമായ പരിശീലനത്തിനൊടുവില്‍ 2012ല്‍ പരിശീലകയ്ക്കുള്ള ലൈസന്‍സ് സര്‍ട്ടിഫിക്കേറ്റ് യുലീസയ്ക്ക് ലഭിച്ചു.

മറ്റുള്ളവരെ സുംബാ പരിശീലിപ്പിക്കുന്നതിനൊപ്പം നിരവധി വേദികളില്‍ തന്റെ പ്രകടനം കാഴ്ച്ചവച്ച് കാണികളെ വിസ്മയിപ്പിക്കാറുമുണ്ട് യുലീസ. സുംബാ രീതിക്ക് തുടക്കംകുറിച്ച ബീറ്റോ പെരെസിനൊപ്പവും വേദി പങ്കിടാനുള്ള അവസരം യുലീസയെത്തേടിയെത്തി. 

ലോകമെമ്പാടുമുള്ള നിരവധിയാളുകള്‍ക്ക് പ്രചോദനവും മാതൃകയുമാണ് യുലീസ.