ലോകപ്രശസ്തയായ നടി എന്നതിനോടൊപ്പം തന്നെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാതൃകയാണ് പ്രിയങ്ക ചോപ്ര. ആ വളര്‍ച്ചയുടെ പടവുകള്‍ താരം കയറിയെത്തിയത് വളരെ പതിയെ ആണെങ്കിലും നിരവധിപ്പേര്‍ക്ക് പ്രചോദനം നല്‍കുന്നതുകൂടിയാണ് പ്രിയങ്കയുടെ ജീവിതം. പ്രയത്‌നിച്ചാല്‍ തനിക്കെന്തും നേടാന്‍ കഴിയുമെന്നും അങ്ങനെയാവാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കാന്‍ കഴിയുമെന്നും തന്റെ ജീവിതത്തിലൂടെ പ്രിയങ്ക കാണിച്ചു തരുന്നുണ്ട്.
' ഒരു നടി എന്ന് എനിക്ക് വിളിക്കപ്പെടേണ്ട, താരമെന്ന് അറിയപ്പെടേണ്ട, എനിക്ക് ഒരു ലേബലുകളും വേണ്ട, എന്നാല്‍ ഒരു തുടര്‍ച്ച വേണം, എന്തും ചെയ്യാന്‍ കഴിയുമെന്ന്, വാര്‍പ്പു മാതൃകകളെ ഇല്ലാതാക്കാന്‍ പറ്റുമെന്ന് തെളിയിക്കണം, ഇതുവരെ ആരും എത്തിപ്പെടാത്ത ഇടങ്ങളിലേക്ക പോകണം.' ഗ്രോത്ത് അണ്‍ലോക്ക് എന്ന മോട്ടിവേഷണല്‍ വീഡിയോയില്‍ രണ്ട് വര്‍ഷം മുമ്പ് പ്രിയങ്ക തന്റെ ജീവിതത്തെ പറ്റി പറഞ്ഞത് ഇങ്ങനെയാണ്.
കുട്ടിയായിരുന്നപ്പോള്‍ താന്‍ ധാരാളം പരിഹസിക്കപ്പെട്ടിട്ടുണ്ടെന്നും തന്റെ ആത്മവിശ്വാസം ഇല്ലാതാക്കാന്‍ അത് കാരണമായെന്നും പ്രിയങ്ക പറയുന്നുണ്ട്. 'എന്റെ സംസാരരീതികളെ പറ്റി, എന്റെ നാടിനെ പറ്റി.. അങ്ങനെ ഓരോന്നും പരിഹാസത്തിനിരയായി.'
പരാജയങ്ങളെ എങ്ങനെ നേരിടണമെന്നും പ്രിയങ്ക വീഡിയോയില്‍ പറയുന്നുണ്ട്. പ്രത്യേകിച്ചും യുവതലമുറയോട്. 'ജീവിതം അവസാനിക്കുന്നില്ല, അത് മുമ്പോട്ട് പോയിക്കൊണ്ടേയിരിക്കും. നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് കണ്ടെത്തി മുന്നോട്ടു പോകുക.'
ആദ്യ സിനിമ ചെയ്യുന്ന കാലത്ത് തനിക്കുണ്ടായ മോശം അനുഭവങ്ങളെ പറ്റി താരം മുമ്പും തുറന്നു പറഞ്ഞിരുന്നു. അരക്കെട്ടിലും താടിയിലും പ്ലാസ്റ്റിക്ക് സര്‍ജറി നടത്താന്‍ ആവശ്യപ്പെട്ടതായി പ്രിയങ്ക തുറന്നു പറഞ്ഞത് ഈ അടുത്തകാലത്താണ്.
' പത്തൊന്‍പത് വയസ്സിലാണ് തന്റെ ആദ്യ സിനിമാഭിനയം. അന്ന് ഒരു പ്രൊഡ്യൂസര്‍ എന്നോട് പറഞ്ഞത് അഭിനയം ശരിയാവുന്നില്ലെങ്കില്‍ സാരമില്ല, നമുക്ക് വേറെ ആരെയെങ്കിലും നോക്കാം, പെണ്‍കുട്ടികളെ വേഗം ഒഴിവാക്കാനാവും എന്നാണ്. ' പ്രിയങ്ക പറഞ്ഞു.
ബോളിവുഡ് സിനിമാരംഗത്തെ പലമോശം അനുഭവങ്ങള്‍ക്കും പ്രതികരിക്കാതിരുന്നത് പേടികൊണ്ടായിരുന്നുവെന്ന് താരം എന്റര്‍ടെയിന്‍മെന്റ് ടുനൈറ്റിന് നല്‍കിയ ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്.
Content Highlights: find what you do best, Priyanka Chopra says to youth