കുഞ്ഞുങ്ങള്‍ പലപ്പോഴും വാശിക്കാരായിരിക്കും. അവരെ ഭക്ഷണം കഴിപ്പിക്കാനും ഉറക്കാനുമൊക്കെ ശ്രമകരമായ ജോലി തന്നെ വേണ്ടി വരും. പ്രത്യേകിച്ചും അമ്മമാര്‍ അരികില്ലെങ്കില്‍. അമ്മ അരികിലില്ലാത്ത സമയത്ത് തന്റെ കുഞ്ഞിനെ പാല് നല്‍കാന്‍ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ മകളുടെ കരച്ചില്‍ മാറ്റി പാല്‍ നല്‍കാന്‍ ഇയാള്‍ കണ്ടെത്തിയ വഴിയാണ് ശ്രദ്ധേയം. ജിയാങ്‌സിയിലെ വുയ്വാനില്‍ നിന്നുള്ള യുവാവിന്റെയും കുഞ്ഞിന്റേതുമാണ് മറ്റ് പിതാക്കന്‍മാര്‍ക്കും മാതൃകയാക്കാവുന്ന ഈ വീഡിയോ. 

പാലുകുടിക്കാന്‍ കൂട്ടാക്കാതെ കുഞ്ഞ് കരയാന്‍ തുടങ്ങുകയായിരുന്നു. പാല് നല്‍കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ടാബ്‌ലെറ്റില്‍ ഭാര്യയുടെ ചിത്രം തുറന്ന ശേഷം ടാബ്‌ലെറ്റ് ടേപ്പ് ഉപയോഗിച്ച് മുഖത്ത് ഒട്ടിച്ചു. ഇതിനു ശേഷം കുഞ്ഞിനെ മടിയിലിരുത്തി പാല്‍ക്കുപ്പി വഴി പാല്‍ നല്‍കാനും തുടങ്ങി. 

ടാബിലെ അമ്മയുടെ ചിത്രം കുഞ്ഞ് സൂക്ഷ്മമമായി നോക്കുന്നതും അമ്മയെതൊടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ വെയ്‌ബോ വഴിയാണ് ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. ഇതാദ്യമായല്ല ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നത്. മുമ്പും അമ്മയുടെ ഫോട്ടോകള്‍ മുഖത്തൊട്ടിച്ചും അമ്മയുടെ കട്ടൗട്ട് തയ്യാറാക്കിയും കുഞ്ഞുങ്ങളെ പരിപാലിക്കുന്ന അച്ഛന്‍മാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Content Highlights: Father Tapes Wife's Photo on Face to Feed Crying Baby