കൊച്ചി: ചെറുപ്പത്തിലേ വസ്ത്രങ്ങളോടും വരകളോടും താത്പര്യം കാണിച്ച പെൺകുട്ടി... ഫർഹ നസ്‌റുള്ളയെ ഒറ്റവരിയിൽ ഇങ്ങനെ പരിചയപ്പെടുത്താം. ഫാഷൻ ഡിസൈനറായ അമ്മ ഷെമീനയായിരുന്നു ഫർഹയുടെ വഴികാട്ടി. ഫർഹയുടെ തിരെഞ്ഞെടുപ്പുകൾ വെറുതെയായില്ലെന്ന് തെളിയിക്കുകയാണ് അവളുടെ നേട്ടങ്ങൾ. യു.കെ. റോബർട്ട് ഗോൾഡൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അന്താരാഷ്ട്രതലത്തിൽ നടത്തിയ ഇന്നൊവേഷൻ ആക്‌സിലറേറ്റഡ് പ്രോഗ്രാം സ്റ്റാർട്ട് അപ്പ് 2020-21-ൽ ഫർഹ നസ്‌റുള്ളയുടെ സ്റ്റാർട്ടപ്പും തിരഞ്ഞെടുക്കപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്റ്റാർട്ട് അപ്പുകളോട് മത്സരിച്ചാണ് ഫർഹ വിജയിച്ചത്. തിരഞ്ഞെടുക്കപ്പെട്ട മൂന്ന്‌ സ്റ്റാർട്ടപ്പുകളിലൊന്നാണ് ഫർഹയുടെ ‘ഹൗസ് ഓഫ് സ്മോൾ ഷോപ്‌സ്’ സംരംഭം. മത്സരത്തിൽ ഏഷ്യയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും ഫർഹയായിരുന്നു. ‘ഹൗസ് ഓഫ് സ്മോൾ ഷോപ്‌സ്’ എന്ന സംരംഭം യു.കെ.യിലെ പ്രാദേശിക ബ്രാൻഡുകളുടെ ഉന്നമനത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ചെറിയ ബ്രാൻഡുകളെയും വിപണിമത്സരത്തിന്റെ വലിയ ലോകത്തേക്ക്‌ മത്സരിക്കാൻ പ്രാപ്തമാക്കുകയും അവർക്ക് അതിനുള്ള ഇടമൊരുക്കിക്കൊടുക്കുകയുമാണ് ഫർഹയുടെ സ്റ്റാർട്ട്‌ അപ്പ്. കോവിഡനന്തരകാലത്ത് ബിസിനസ് രംഗത്തേക്ക്‌ കടന്നുവന്ന പുതിയ കൊച്ചു സംരംഭങ്ങൾക്ക് ഇതുവഴി പുതിയ അവസരങ്ങളും ഫർഹയൊരുക്കുന്നു. ഫാഷൻ ഡിസൈനർ എന്ന നിലയിൽനിന്ന് ഫാഷൻ മാനേജ്‌മെന്റ് തലത്തിലേക്ക് തന്റെ കഴിവുകളെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഫർഹ.

ഫാഷൻ പഠനം വീട്ടിൽ നിന്ന്

ഫാഷൻ ഡിസൈനിങ് ഫർഹയ്ക്ക് പഠനത്തിനപ്പുറം ജീവിതത്തിന്റെ ഭാഗമാണ്. അമ്മയുടെ ഡിസൈനിങ് ഷോപ്പിൽ നിന്നുതന്നെയാണ് അവൾ ഫാഷന്റെ ബാലപാഠങ്ങൾ പഠിച്ചത്. തുടർന്ന് സെയ്ന്റ് തേരേസാസ് കോളേജിൽനിന്ന് ഫാഷൻ ഡിസൈനിങ്ങിൽ ഒന്നാം റാങ്കോടെ ബിരുദം പൂർത്തിയാക്കി. യു.കെ. റോബർട്ട് ഗോൾഡൻ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഫാഷൻ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടി സ്റ്റാർട്ട് അപ്പിലേക്ക് തിരിയുന്നത്. സ്റ്റാർട്ട് അപ്പ് നടത്തിപ്പിനൊപ്പം പർച്ചേസ് മാനേജരായും യു.കെ.യിൽ ജോലിചെയ്യുകയാണ് ഫർഹ. എളമക്കര ഫറാസിൽ അഡ്വ. മുഹമ്മദ് നസ്‌റുള്ളയുടെ മകളാണ്.

Content Highlights: fashion startup, farah nasrullah, fashion designer, women entrepreneurship