എടപ്പാൾ: ബിഗ് സ്‌ക്രീനിലും അണിയറയിലുമായി ധന്യാ നാഥ്(38) ഇന്ന് നാട്ടുകാർക്കിടയിൽ സുപരിചിതയായിക്കഴിഞ്ഞു. വസ്ത്രാലങ്കാരത്തിന് സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ നേടിയ കുമാർ എടപ്പാളിനു ശേഷം വീണ്ടും എടപ്പാളിന്റെ നാമധേയം സ്‌ക്രീനിൽ തെളിയിക്കുകയാണ് തട്ടാൻപടിക്കാരിയായ ഈ യുവതി.

ബിസിനസുകാരനായ വി.വി. വിശ്വനാഥന്റെയും ലീലയുടെയും മകളായ ധന്യാനാഥാണ് വസ്ത്രാലങ്കാരത്തിലും അഭിനയത്തിലും ഇപ്പോൾ ശ്രദ്ധേയയായ താരം. ഡയലോഗ് വീരനെന്നപേരിൽ എടപ്പാളിനെ ആദ്യം നാടറിയിച്ചത് മൺമറഞ്ഞ നടൻ സുകുമാരനായിരുന്നു.

പിന്നീട് കുമാർ എടപ്പാളും എടപ്പാൾ വിശ്വനാഥുമെല്ലാം എടപ്പാളിനെ സിനിമാലോകത്തിനു പരിചയപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് ഒരു വനിത ഈ രംഗത്ത് കാലുറപ്പിക്കുന്നത്.

കോവിഡിനുശേഷമെത്തിയ പ്രശാന്ത് മുരളി പത്മനാഭൻ എഴുതി സംവിധാനംചെയ്ത, മംമ്‌ത മോഹൻദാസ് അഭിനയിച്ച ‘ലാൽബാഗ്’ എന്ന സിനിമയിൽ വസ്ത്രാലങ്കാരം ധന്യയാണ് ചെയ്യുന്നത്.

നേരത്തേ പരസ്യചിത്രങ്ങളിൽ വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ടെങ്കിലും സിനിമയിലെ അരങ്ങേറ്റം ഇതിലൂടെയാണ്.

‘തണ്ണീർമത്തൻ ദിനങ്ങളി’ൽ പി.ഇ.ടി. അധ്യാപികയായും ടൊവിനോ നായകനായ കൽക്കിയിലും ഇവർ വേഷമിട്ടു.

പ്രശാന്ത് മുരളി പത്മനാഭൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ബട്ടർഫ്ളൈ ഗേൾ 85’ എന്ന സിനിമയിൽ പ്രധാനവേഷവും വസ്ത്രാലങ്കാരവും ധന്യാനാഥാണ് ചെയ്യുന്നത്.

ധന്യാനാഥും സഹോദരിമാരുംചേർന്ന് തുടങ്ങിയ 4ഡി പ്രൊഡക്‌ഷൻസിന്റെ കീഴിലാണ് ഈ ചിത്രം വരുന്നത്.

Content Highlights: fashion designer dhanya nath, malayalam movie costume designer, lalbagh movie