സ്വന്തം കാലിൽ നിൽക്കാനുള്ള കരിയർ ആദ്യം ഭദ്രമാക്കണം എന്നതിനേക്കാൾ വിവാഹത്തിനും അമ്മയാവാനും സമ്മർദം ചെലുത്തുന്ന സമൂഹമാണ് ഇന്നുമുള്ളത്. വിവാഹിതയായാലുടൻ കേൾക്കുന്ന വിശേഷമായില്ലേ ചോദ്യങ്ങൾക്ക് സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ വ്യത്യാസമില്ല. എന്നാൽ മാനസികമായും ശാരീരികമായും സജ്ജമായതിനുശേഷമാണ് അമ്മയാകാൻ തയ്യാറെടുക്കേണ്ടതെന്ന് പറയുകയാണ് സംവിധായകയും കോറിയോ​ഗ്രാഫറുമായ ഫറാ ഖാൻ. നാൽപ്പത്തിമൂന്നാം വയസ്സിൽ ഐ.വി.എഫ് ചികിത്സയിലൂടെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായതിനെക്കുറിച്ചും പങ്കുവെക്കുകയാണ് ഫറാ. 

നാൽപത്തിമൂന്നാം വയസ്സിലാണ് ഫറാ ഖാൻ അന്യാ, സിസാർ, ദിവാ എന്നീ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാവുന്നത്. സമൂഹത്തിന്റെ സങ്കൽപത്തിന് അനുസരിച്ചല്ല മറിച്ച് തനിക്ക് എപ്പോഴാണോ വേണമെന്നു തോന്നിയത് അപ്പോഴാണ് അമ്മയായതെന്ന് ഫറാ ഖാൻ പറയുന്നു. ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ച കത്തിലൂടെയാണ് ഫറാ ഖാൻ അമ്മയാവേണ്ടതെന്ന് അവനവന് തോന്നുമ്പോഴാണെന്ന് പങ്കുവെച്ചിരിക്കുന്നത്. 

ഒരു മകൾ, ഭാര്യ, അമ്മ എന്നീ നിലയ്ക്കെല്ലാം തനിക്ക് പല തിരഞ്ഞെടുപ്പുകളും നടത്തേണ്ടിവന്നു, അവയെല്ലാമാണ് ഇന്നത്തെ കൊറിയോ​ഗ്രാഫർ, സംവിധായിക, നിർമാതാവ് എന്ന ഇന്നത്തെ പദവികളിലെത്തിച്ചത്. കുടുംബത്തിനു വേണ്ടിയായാലും കരിയറിനു വേണ്ടിയായാലും തന്റെ മനസ്സിന് അനുസൃതമായാണ് പ്രവർത്തിച്ചത്. നാമെല്ലാം  മറ്റുള്ളവരുടെ മുൻവിധികളെക്കുറിച്ച് ധാരാളം ചിന്തിക്കുകയും സ്വന്തം ജീവിതമാണ് ഇതെന്നു മറക്കുകയും ചെയ്യുമെന്നും ഫറാ പറയുന്നു. 

സമൂഹം പറയുന്നതുപോലെ അമ്മയാവാൻ ഉചിതമായ പ്രായം എന്നൊന്ന് ഇല്ലെന്നും ഫറാ പറയുന്നു. താൻ സജ്ജയായതിനു ശേഷമാണ് അമ്മയായത്, അല്ലാതെ സമൂഹം പറയുന്ന ഉചിതമായ പ്രായത്തിൽ അല്ല. ശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങൾക്ക് നന്ദി പറയുന്നു. തനിക്ക് ഈ പ്രായത്തിൽ ഐ.വി.എഫിലൂടെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാവാൻ കഴിഞ്ഞു. ഇന്ന് ധാരാളം സ്ത്രീകൾ മുൻവിധികളെ ഭയക്കാതെ ഈ തിരഞ്ഞെടുപ്പു നടത്തുന്നുണ്ടെന്നത് സന്തോഷിപ്പിക്കുന്നുവെന്നും ഫറാ ഖാൻ പറയുന്നു. 

Content Highlights: Farah Khan writes open letter on choosing to become mom at 43 via IVF