സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ ഇന്ത്യയിലെ അറിയപ്പെടുന്ന ബ്രാന്‍ഡുകളിലൊന്നാണ് നൈക. ഓണ്‍ലൈനായി ഉത്പന്നങ്ങള്‍ വില്‍ക്കുന്ന നൈകയുടെ അമരത്ത് ഫല്‍ഗുനി നയ്യാര്‍ എന്ന വനിതയാണ്. തന്റെ അമ്പതാമത്തെ വയസ്സില്‍ ബാങ്കിങ് മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് ഫല്‍ഗുനി നയ്യര്‍ ബിസിനസ് രംഗത്തേക്ക് കടക്കുന്നത്. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു ഫല്‍ഗുനി അപ്പോള്‍.

2012-ലാണ് നൈക ആദ്യമായി വിപണിയിലെത്തിയത്. നൈകയുടെ പകുതിയോളം ഓഹരികളാണ് ഫല്‍ഗുനി നയ്യാറും കുടുംബവും കൈവശം വെച്ചിരിക്കുന്നത്. കെ.കെ.ആര്‍. ഇന്ത്യയുടെ തലവനാണ് ഫല്‍ഗുനിയുടെ ഭര്‍ത്താവ് സഞ്ജയ് നയ്യാര്‍. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. 

അടുത്തുതന്നെ നടക്കുന്ന ഐ.പി.ഒ.യിലൂടെ നൈക 5,351.92 കോടി രൂപയാണ് സമാഹരിക്കാന്‍ പോകുന്നത്. ഐ.പി.ഒ. വില അനുസരിച്ച് ഫല്‍ഗുനിയുടെയും കുടുംബത്തിന്റെയും ഓഹരി പങ്കാളിത്തത്തിന് 28,000 കോടി രൂപയുടെ മൂല്യമുണ്ടാകുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നു. ബോയോകോണ്‍ മേധാവി കിരണ്‍ മജൂം ദാര്‍ഷാ കഴിഞ്ഞാല്‍ സ്വന്തം നിലയില്‍ വളര്‍ന്ന ഏറ്റവും വലിയ ഇന്ത്യന്‍ ശതകോടീശ്വരി എന്ന സ്ഥാനം ഫല്‍ഗുനിക്കാകും. 

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടിയ ഫാല്‍ഗുനിയുടെ മകന്‍ അങ്കിത് ആണ് സൗന്ദര്യ വര്‍ധക ഈ-കൊമേഴ്‌സ് ബിസിനസിന്റെ നടത്തിപ്പുകാരന്‍. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എം.ബി.എ. സ്വന്തമാക്കിയ മകള്‍ അദ്വൈതയാണ് നൈകയുടെ ഫാഷന്‍ മേഖല കൈകാര്യം ചെയ്യുന്നത്.

സ്ത്രീകളുടെ ജീവിതത്തിലെ കേന്ദ്രബിന്ദു എന്നു പറയുന്നത് അവള്‍ തന്നെയാണെന്നതാണ് സ്ത്രീകള്‍ക്കുള്ള ഞങ്ങളുടെ സന്ദേശമെന്ന് അടുത്തിടെ ബ്ലൂംബെര്‍ഗിനു നല്‍കിയ അഭിമുഖത്തില്‍ ഫാല്‍ഗുനി പറഞ്ഞു. 'നിങ്ങളുടെ കഥയില്‍ നിങ്ങള്‍ക്കു വളരെയധികം പ്രാധാന്യമുണ്ട്. കേന്ദ്രസ്ഥാനത്ത് തന്നെ നില്‍ക്കുന്നതില്‍ നിങ്ങള്‍ക്കൊരിക്കലും അപരാധമായി തോന്നേണ്ടതില്ല'-അവര്‍ കൂട്ടിച്ചേര്‍ത്തു.  

ഐ.പി.ഒ.യ്ക്ക് ശേഷം കൂടുതല്‍ മേഖലകളിലേക്ക് കമ്പനി വ്യാപിപ്പിക്കാന്‍ നൈക ലക്ഷ്യമിടുന്നു. നാലായിരത്തില്‍ പരം സൗന്ദര്യ വര്‍ധക, പേഴ്‌സണ്‍ കെയര്‍, ഫാഷന്‍ ബ്രാന്‍ഡ് ഉത്പന്നങ്ങളാണ് നൈക നിലവില്‍ വില്‍ക്കുന്നത്.

 അവൈവ ഇന്‍ഷുറന്‍സ് ബോര്‍ഡ്, ഡാബര്‍ ഇന്ത്യ എന്നീ കമ്പനികളുടെ ബോര്‍ഡംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഫല്‍ഗുനി. ടാറ്റാ മോട്ടോഴ്‌സ് ബോര്‍ഡില്‍ സ്വതന്ത്ര അംഗവുമായിരുന്നു അവര്‍. 

Content highlights: falguni nayyar founder of nykka, falguni nayyar profile, nykka brand gone for ipo