സ്‌നേഹത്തിന്റെ കടല്‍തേടിയാണ് പലരും പുതിയ ബന്ധങ്ങളില്‍ ചെന്നു വീഴുന്നത്. തനിക്ക് കിട്ടാതെപോയ സൗഭാഗ്യങ്ങള്‍ അവര്‍ പുതിയ പങ്കാളിയില്‍ തിരഞ്ഞുകണ്ടെത്താന്‍ ശ്രമിക്കുന്നു. ഭര്‍ത്താവിന്റെ സ്‌നേഹക്കുറവും മദ്യപാനവും ശാരീരികാക്രമണവുമെല്ലാം അന്യബന്ധങ്ങള്‍ രൂപപ്പെടാനുള്ള കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി.ജെ.ജോണ്‍ പുതിയ സാഹചര്യത്തെ ഇങ്ങനെയാണ് വിലയിരുത്തുന്നത്.''ലൈംഗികമായ ആവശ്യത്തിന് വേണ്ടി ഒരു പുരുഷന്‍ മറ്റ് സ്ത്രീകളുമായി അടുക്കുന്ന പോലെയല്ല, ഒരു സ്ത്രീ വിവാഹേതര സുഹൃദ് ബന്ധം സൂക്ഷിക്കുന്നത്. പ്രതീക്ഷിക്കുന്ന രീതിയിലുള്ള സ്‌നേഹവും കരുതലും പങ്കാളിയില്‍നിന്ന് കിട്ടാതെ വരുമ്പോള്‍ ആ  വൈകാരിക ശൂന്യതയിലുള്ളൊരു ആശ്വാസം എന്ന നിലയ്ക്കാണ്  പലപ്പോഴും മറ്റ് ബന്ധങ്ങളിലേക്ക് പോവുന്നത്.'' 

നാലുമാസം മുന്നേ അയല്‍ക്കാരനൊപ്പം നാടുവിട്ടെന്ന ആരോപണം നേരിടുന്ന പന്തളംകാരിയുടെ ജീവിതം കേള്‍ക്കാം. ''ഞാനുംഅയാളുമായി ആറുമാസത്തെ പരിചയമേ ഉള്ളൂ. പക്ഷേ ഈ സമയം കൊണ്ട് അറുപത് വര്‍ഷം ഒരുമിച്ച് ജീവിച്ച പോലെ തോന്നി. എന്റെ പ്രശ്‌നങ്ങള്‍ക്കെല്ലാം അയാളുടെ അടുത്ത് പരിഹാരമുണ്ട്. ഞങ്ങള്‍ അത്രയും അടുത്തു. എന്നെ നന്നായി നോക്കുമെന്ന് ഉറപ്പുംനല്‍കി. ഒരു ദിവസം ഞാന്‍ അദ്ദേഹത്തോടൊപ്പം ഇറങ്ങിപ്പോയി'' പക്ഷേ പിന്നീടുള്ള ദിവസങ്ങള്‍ ആ മുപ്പത്തിമൂന്നുകാരിയുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു.

അവര്‍ കാമുകനൊപ്പം എറണാകുളത്തും മൂന്നാറിലും താമസിച്ചു. ഒരു മാസത്തെ സഹവാസത്തോടെ പുതിയ ബന്ധത്തില്‍ അസംതൃപ്തി തുടങ്ങി. ഒടുവില്‍ സഹികെട്ട് ഇറങ്ങിപ്പോന്നു. അപ്പോള്‍ ഭാവി ?...''ഞാന്‍ നേരെ അച്ഛന്റെയും അമ്മയുടേയും അടുത്തേക്കാണ് വന്നത്. അവര്‍ കുറെ കുറ്റംപറഞ്ഞു. എന്നാലും എനിക്കിനി വേറെ വഴിയൊന്നുമില്ലല്ലോ'' ഫോണില്‍ അവരുടെ ശബ്ദം നിരാശ നിറഞ്ഞതായി. എന്നാലും ഒട്ടും കുറ്റബോധമില്ലെന്ന് ഈ വീട്ടമ്മ ന്യായീകരിക്കുന്നുണ്ട്. ''ഞാന്‍ വല്ലാതെ സ്‌നേഹം കൊതിച്ചിരുന്നു. അതിലിപ്പോഴും തെറ്റൊന്നും തോന്നുന്നില്ല'' സ്‌നേഹത്തിന്റെ കണ്‍കെട്ടുവിദ്യയില്‍ കുടുങ്ങുമ്പോള്‍ മനുഷ്യന്റെ കണ്ണ് വല്ലാതെ മഞ്ഞളിച്ചുപോവുന്നുണ്ട്. 

ഇത്തരം ബന്ധങ്ങള്‍ എന്തുകൊണ്ട് സ്ത്രീകളില്‍  നേരത്തെ സംഭവിച്ചില്ല എന്ന് ആശ്ചര്യപ്പെടുകയാണ് സാമൂഹികനിരീക്ഷകയും എഴുത്തുകാരിയുമായ കെ.ആര്‍. ഇന്ദിര. ''ഈയൊരു പ്രവണത ഈയിടെ സ്ത്രീകളിലുണ്ടായതാണ് എന്ന ധാരണ തെറ്റാണ്. ഇപ്പോഴത് ചെയ്യാം എന്നൊരു തോന്നലും അതിന് പറ്റുന്നൊരു അവസ്ഥയും വന്ന് ചേര്‍ന്നിട്ടുണ്ടെന്ന് മാത്രം. സോഷ്യല്‍മീഡിയ, ഫോണ്‍ തുടങ്ങിയ ഉപാധികളുമായി സ്ത്രീകള്‍ക്ക് കൂടുതല്‍ ബന്ധമുണ്ടായിരിക്കുന്നു. ഇതവരുടെ അവസരങ്ങളും വര്‍ധിപ്പിച്ചിരിക്കുന്നു.'' ഇന്ദിര വിലയിരുത്തുന്നു.

 മറ്റൊരു ജീവിതം സാധ്യമല്ലെന്ന് ഉറപ്പിക്കുമ്പോള്‍ ആത്മഹത്യയുടെ വഴിയിലേക്ക് നടന്നടുക്കുന്നവരും കുറവല്ല. പാലക്കാട് രണ്ടുപേരെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത് അടുത്തിടെയാണ്. സുഹൃത്തായിരുന്ന പുരുഷന്റെ കൂടെയാണ് ജീവിതം അവസാനിപ്പിക്കാന്‍ സ്ത്രീ റെയില്‍വേ ട്രാക്ക് തിരഞ്ഞെടുത്തത്.

അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് മൂവായിരത്തിലേറെ സ്ത്രീകളെ  കാണാതായെന്നാണ് കണക്ക്. രണ്ടുവര്‍ഷത്തിനിടെ 862 സ്ത്രീകളെ കാണാതായെന്നും വാര്‍ത്തകളുണ്ട്. ഇവരില്‍ കുറച്ചുപേരെങ്കിലും അന്യപുരുഷന്റെ സൗഹൃദവലയത്തില്‍ വീണ് കുടുംബത്തില്‍നിന്ന് ഇറങ്ങിപ്പോയവരാണ്.Coverകൂടുതല്‍ വായിക്കാം ഗൃഹലക്ഷ്മിയില്‍. ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Extra Marital Affair