കാലമിത്ര കഴിഞ്ഞിട്ടും നിറത്തിന്റേയും മറ്റു ശാരീരിക പ്രത്യേകതകളുടേയും പേരിൽ പരിഹാസങ്ങൾക്ക് ഇരയാകുന്നവർ ഏറെയാണ്. അക്കാര്യത്തിൽ സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ വ്യത്യാസമില്ല. ഇപ്പോൾ സാമൂ​ഹിക മാധ്യമങ്ങളിൽ നിറയുന്നതും അത്തരത്തിലൊരു അനുഭവമാണ്. താൻ നേരിട്ട ബോഡിഷെയിമിങ് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടിയും മോഡലുമായ ഇഷ ​ഗുപ്ത. നിറത്തിന്റെ പേരിൽ താൻ അനുഭവിച്ച വേർതിരിവുകളെക്കുറിച്ചാണ് ഇഷ പങ്കുവെച്ചിരിക്കുന്നത്. 

തുടക്കകാലത്ത് താൻ ഒന്നിച്ചു ജോലി ചെയ്തിട്ടില്ലാത്ത അഭിനേതാക്കൾ പോലും നിറത്തെ പരാമർശിച്ചിട്ടുണ്ടെന്ന് ഇഷ പറയുന്നു. ആദ്യമായി കാണുമ്പോൾ തന്നെ തന്റെ മേക്അപ് വളരെ ഇരുണ്ടതാണെന്നും കുറച്ചുകൂടി വെളുപ്പിക്കണമെന്നുമാകും പറയുക. ഇവരിതെന്താണ് പറയുന്നത് എന്നാകും താൻ അപ്പോൾ ചിന്തിക്കുക എന്നും ഇഷ പറയുന്നു.

മേക്അപ് ആർട്ടിസ്റ്റുകൾ പോലും തന്നെ കളിയാക്കിയിരുന്നുവെന്നും ഇഷ പറയുന്നു. തന്നെ വെളുപ്പിക്കാനാണ് മിക്ക മേക്അപ് ആർട്ടിസ്റ്റുകളും ശ്രമിക്കാറുള്ളത്. അതിനായി മുഖം വെളുപ്പിക്കും, പിന്നെ മുഴുവൻ ശരീരവും പുട്ടിയടിക്കേണ്ടി വരും. അതല്ലെങ്കിൽ ശരീരവും മുഖവും രണ്ടുനിറമായി നിൽക്കും. 

നിറത്തിന്റെ പേരിൽ സെക്സി വിളികളും കേട്ടിട്ടുണ്ടെന്ന് താരം പറയുന്നു. ഇരുണ്ട നിറത്തെ രണ്ടുരീതിയിൽ മാത്രമേ ഇവിടെ കണക്കാക്കൂ, ഒന്നുകിൽ സെക്സി അല്ലെങ്കിൽ നെ​ഗറ്റീവ്. എപ്പോഴും വെളുത്ത പെൺകുട്ടികൾക്ക് മാത്രമേ അയൽപക്കത്തെ പെൺകുട്ടി, സത്യസന്ധ തുടങ്ങിയ ഇമേജുകൾ ലഭിക്കാറുള്ളു എന്നും ഇഷ പറയുന്നു.