പാതിവഴിയില്‍ നിലച്ച ഒരു പദ്ധതിയുടെ തിരിച്ചുവരവ്. അതിനായി ഒരു പെണ്‍കുട്ടി നടത്തിയ ഗവേഷണത്തിന്റെയും പരീക്ഷണത്തിന്റെയും നാളുകള്‍. 2018ലെ പ്രളയകാലത്ത് നഷ്ടത്തിന്റെ വക്കിലെത്തിയ സംരംഭത്തെ വീണ്ടും പിടിച്ചുയര്‍ത്തിയ കഥ പറയാനുണ്ട് രെഞ്ജി അനൂജിന്. ഒരുപാട് പ്രതീക്ഷകളോടെ ആരംഭിച്ച 'ശേഷ' എന്ന സംരംഭത്തെ തകര്‍ച്ചയുടെ വക്കില്‍നിന്നു തിരിച്ചു പിടിക്കുകയായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം.

39 വര്‍ഷമായി രെഞ്ജിയുടെ കുടുംബം ആയുര്‍വേദ ചികിത്സാ മേഖലയിലുണ്ട്. ആലപ്പുഴയില്‍ ആയുര്‍വേദ ചികിത്സാ കേന്ദ്രവുമുണ്ട്. വിദേശികളും വിനോദ സഞ്ചാരികളുമാണ് ഇവിടെ എത്തുന്നവരിലേറെയും. നാട്ടുകാരിലേക്ക് ചികിത്സാ കേന്ദ്രത്തില്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ എത്തിക്കാനായി അവര്‍ക്ക് ബ്രാന്‍ഡ് നെയിം നല്‍കി വിപണിയിലെത്തിക്കാനായിരുന്നു അടുത്ത ശ്രമം. 2018ല്‍ 'ശേഷാ ആയുര്‍വേദ' എന്ന പേരില്‍ ചെറു ബ്രാന്‍ഡായി രെഞ്ജി അതിനു തുടക്കമിട്ടു. ആലുവയില്‍ പെരിയാറിന്റെ തീരത്തായിരുന്നു ഓഫീസും നിര്‍മാണ കേന്ദ്രവും. എന്നാല്‍ പ്രളയത്തില്‍ രെഞ്ജിയുടെ സംരംഭവും പ്രതിസന്ധിയിലായി. സാധനങ്ങള്‍ വിപണിയിലെത്തിക്കാന്‍ കഴിയാതായതോടെ കനത്ത നഷ്ടം നേരിട്ടു. ആലപ്പുഴയിലെ ചികിത്സാ കേന്ദ്രത്തിലെത്തിയവര്‍ പറഞ്ഞുകേട്ട് കൂടുതല്‍ പേര്‍ ഉത്പന്നങ്ങള്‍ തേടിയെത്തിയതോടെ 'ശേഷ' തകര്‍ന്നിടത്തു നിന്നു വീണ്ടും പിടിച്ചുകയറി. നിര്‍മാണ കേന്ദ്രത്തിനു പുറമെ മറ്റ് സ്ഥലങ്ങളില്‍ പുതിയ സംഭരണ കേന്ദ്രങ്ങളും ആരംഭിച്ചു.

'ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചാല്‍ വാങ്ങാനും ആളുകളുണ്ടാകും. ഉത്പന്നത്തെ കുറിച്ച് നന്നായി പഠിച്ച ശേഷമാണ് പലരും അത് ഉപയോഗിക്കുന്നതും. അതുകൊണ്ടുതന്നെ ഉപയോക്താക്കളില്‍നിന്ന് വിവരങ്ങളും അഭിപ്രായങ്ങളും ശേഖരിച്ച് അവര്‍ക്ക് ആവശ്യമായ രീതിയില്‍ ഉത്പന്നങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങളും നടത്താറുണ്ട്'  രെഞ്ജി പറയുന്നു.

പുതിയ ചുവട്

ആയുര്‍വേദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേട്ടുവളര്‍ന്നതിനാല്‍ അതിനോട് പ്രത്യേകിച്ചൊരു ഇഷ്ടമുണ്ടായിരുന്നു രെഞ്ജിക്ക്. പഠിച്ചത് സോഫ്റ്റ്‌വേര്‍ എന്‍ജിനീയറിങ്ങും ജോലി ചെയ്തത് കോര്‍പ്പറേറ്റ് കമ്പനിയിലുമായിരുന്നു. അവിടെ നിന്നാണു കുടുംബ ബിസിനസായ ആയുര്‍വേദത്തില്‍ പുതിയൊരു ചുവടുെവപ്പുമായി രെഞ്ജി എത്തിയത്. പിന്നെ കുറച്ചധികം അന്വേഷണങ്ങളും പഠനങ്ങളും. ഒടുവില്‍ 'ശേഷ ആയുര്‍വേദ' എന്ന ഓണ്‍ലൈന്‍ സംരംഭം ആരംഭിച്ചു. സ്ത്രീകളാണ് ഇവിടത്തെ ഭൂരിഭാഗം തൊഴിലാളികളും. പലയിടങ്ങളില്‍ െവച്ച് ജോലിയും പഠനവും നിര്‍ത്തേണ്ടി വന്നവരെ ഉള്‍ക്കൊള്ളിക്കാനും ശ്രമിച്ചിട്ടുണ്ടെന്നു രെഞ്ജി പറഞ്ഞു. ഉത്പന്നങ്ങളുടെ വ്യത്യസ്തമായ പാക്കിങ്ങും സൈറ്റിന്റെ ഡിസൈനിങ്ങുമെല്ലാമായി ഭര്‍ത്താവ് അനൂജ് ശ്രീധരന്‍ കമ്പനിയുടെ കോഫൗണ്ടറായി ഒപ്പമുണ്ട്.

Content Highlights: Entrepreneur Renji Anooj