തിരുവനന്തപുരത്തെ ഒരു ഡോക്ടറെ കാണാന്‍ വന്ന യുവതി ആകെ പരിഭ്രമിച്ചിരുന്നു. അവര്‍ക്ക് മുഖമാകെ തടിപ്പുകള്‍. ചിലതെല്ലാം ചുവന്ന് വികൃതമായിട്ടുണ്ട്. ചോദിച്ചപ്പോള്‍ മനസ്സിലായി കഴിഞ്ഞ ദിവസം മുഖം ബ്ലീച്ച് ചെയ്തിരുന്നു. ഒരു പുതിയ ബ്യൂട്ടി പാര്‍ലറില്‍ നിന്ന്. ഡോക്ടറുടെ നിര്‍ദേശപ്രകാരം യുവതി  ബ്യൂട്ടിഷനെ പോയിക്കണ്ടു. ബ്ലീച്ചിലെ കുഴപ്പം അറിയിച്ചു. ബ്യൂട്ടീഷന് ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല. വിതരണക്കാരില്‍ നിന്ന് കിട്ടിയ സാധനമാണ്. അവര്‍ അത് ഉപയോഗിച്ചു അത്രമാത്രം. 

എവിടെനിന്നാണ് ഈ ബ്ലീച്ച് ക്രീം? എറണാകുളത്തെ ഒരു ബ്യൂട്ടിപാര്‍ലര്‍ ഉടമ പറയുന്നത് ഇങ്ങനെ.'വലിയ ബാഗൊക്കെ തൂക്കി പയ്യന്മാര്‍ വരും. ഞങ്ങള്‍ വാങ്ങും, ഉപയോഗിക്കും. വലിയ കുഴപ്പമൊന്നും തോന്നാറില്ല. ഏത് ബ്രാന്‍ഡ് ആണെന്നും ഞങ്ങള്‍ക്ക് അറിയാന്‍ മേല.' ശരിയാണ്. ഇങ്ങനെ കിട്ടുന്ന പല ഉല്പന്നങ്ങളിലും ബ്രാന്‍ഡ് നെയിം ഉണ്ടാകില്ല. നിര്‍മാതാക്കളുടെ പേരുണ്ടാവില്ല. ചേരുവകള്‍ ഏതെന്ന് എഴുതില്ല. ചിലതില്‍ മുന്തിയ ഏതെങ്കിലും ബ്രാന്‍ഡിന്റെ പേര് എഴുതിക്കാണാം. പക്ഷേ പാക്കിങ്ങില്‍ തന്നെയറിയാം. സാധനം വ്യാജനാണ്. വില ഒറിജിനലിന്റെ പത്തിലൊന്നാണ്. 

'ചില ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കുന്നത് പോലും വ്യാജ ഉല്പന്നങ്ങള്‍ ചെലവാക്കാനാണ്. 'ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോള്‍ രവി എസ്. മേനോന്‍ പറഞ്ഞു. വ്യാജ ഉല്പന്നങ്ങളുടെ ഉത്പാദകര്‍ തന്നെ സൗജന്യ ബ്യൂട്ടീഷന്‍ കോഴ്‌സുകള്‍ നടത്തും. ചിലര്‍ 500 രൂപയോ മറ്റോ ഫീസ് വാങ്ങും. ഒറ്റ ദിവസം മാത്രമുളള കോഴ്‌സുകള്‍ വരെയുണ്ട്. പാര്‍ലറില്‍ ഉപയോഗിക്കാനുള്ള സൗന്ദര്യ വര്‍ധക വസ്തുക്കളും നല്‍കും. 

മുഖം വെളുപ്പിക്കാന്‍ വരുന്നവര്‍ ഇതൊന്നും അറിയുന്നേയില്ല. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥരോട് കോട്ടയത്തെ ഒരു വീട്ടുടമ പറഞ്ഞത് ഇങ്ങനെയാണ്.' പാര്‍ലറിനുള്ളില്‍ കയറിക്കഴിഞ്ഞാല്‍ ഞങ്ങള്‍ കിടക്കുകയല്ലോ, അവര് വലിയ പാത്രത്തീന്നാ എന്തൊക്കെയോ എടുത്ത് മുഖത്തും മുടിയേലും പുരട്ടുന്നത്. ഞങ്ങള്‍ക്കതിന്റെ പേരൊന്നും അറിയില്ല. 

അതിന്റെ വിവരം അറിയുന്നത് പിന്നെയാണ്. ഉല്‍പന്നം നിലവാരം കുറഞ്ഞതാണെങ്കില്‍ പാര്‍ശ്വഫലങ്ങള്‍ ഉറപ്പ്. മോശം ലിപ്‌സ്റ്റിക്കിട്ടാല്‍ ചുണ്ടുപൊള്ളും. ബ്ലീച്ച് ആക്ടിവേറ്ററില്‍ അമോണിയ കൂടുതലാണെങ്കില്‍ മുഖം പൊളളും. നിലവാരം കുറഞ്ഞ ഫേഷ്യലുകള്‍ ഇട്ടാല്‍ മുഖം തുടുക്കില്ല. പകരം തടിപ്പുവരും ചൊറിച്ചിലുണ്ടാവാം. വിണ്ടുകീറിയെന്നും വരാം. 

ഇങ്ങനെ പല പരാതികള്‍ കിട്ടിയതിനെത്തുടര്‍ന്നാണ് സൗന്ദര്യ വര്‍ധക വസ്തുക്കളിലെ വ്യാജന്മാരെ പിടിക്കുന്ന ' ഓപ്പറേഷന്‍ ഹെന്ന'  തുടങ്ങിയത്. അബദ്ധം പറ്റി. വര്‍ക്ക് നേരിട്ട് പറയാന്‍ മടി. പലര്‍ക്കും എവിടെ പരാതിപ്പെടണമെന്ന് തന്നെ അറിയില്ല. രവി എസ് മേനോന്‍ പറഞ്ഞു. 'പക്ഷേ ലക്ഷണക്കണക്കിന് രൂപയുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലുണ്ടെന്ന് പരിശോധനയില്‍ മനസ്സിലായി. വടക്കേ ഇന്ത്യില്‍ നിന്നാണ് പലതും വരുന്നത്. അവിടെ കുടില്‍ വ്യവസായം പോലെയാണ്് ഇത്.' 

ഈ 'കുടില്‍ വ്യവസായ'ത്തില്‍ നിന്നുവരുന്ന ഉല്‍പ്പന്നങ്ങള്‍ എന്തെല്ലാമാണന്നല്ലേ. ഇത്തിര മൈലാഞ്ചിപ്പൊടിയില്‍ ഈര്‍ച്ചപ്പൊടി ചേര്‍ത്തൊരുക്കിയ ഹെന്ന. അലഴില്‍ കൂടുതല്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്ത ഹെയര്‍ കളറുകള്‍, ഊരും പേരുമില്ലാത്ത ഷേവിങ് ക്രീമുകള്‍. വന്‍ ശൃംഖലയാണ് ഇതിന് പിന്നില്‍ എന്ന് അന്വേഷണങ്ങള്‍ കാണിക്കുന്നു. വിതരണക്കാരെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഉല്‍പ്പന്നങ്ങള്‍ എവിടെ നിന്ന് കിട്ടുന്നു എന്ന് വെളിപ്പെടുത്താന്‍ പലരും തയ്യാറായില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികൃതര്‍.

ബ്രാന്‍ഡഡ് ലേബലില്‍തന്നെ വരുന്ന വ്യാജന്മാരെ തിരിച്ചറിയാന്‍ പ്രയാസം. ബ്യൂട്ടീഷന്‍ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ദീപ ഹരി പ്രശ്‌നത്തിന്റെ വേറൊരു വശത്തെ കുറിച്ചുപറഞ്ഞു. 'വിലയൊക്കെ ഒരുപോലെത്തന്നെ. പക്ഷേ ഉപയോഗിച്ചുനോക്കിയാല്‍ ഒറിജനലും വ്യാജനും കൃത്യമായറിയാം. എന്തെങ്കിലും പോരായ്മ തോന്നിയാല്‍ ആ പ്രൊഡക്ട് പിന്നെ ഉപയോഗിക്കില്ല. 

ചിലര്‍ ബ്യൂട്ടിപാര്‍ലറുകളില്‍ പോവില്ല. വീട്ടിലിരുന്നാണ് പരീക്ഷണം. മുഖലേപനങ്ങളുടെ പാക്കറ്റുകള്‍ വാങ്ങി ഉപയോഗിക്കും. വിശ്വനീയ ഉല്‍പന്നങ്ങളായിരിക്കും തിരഞ്ഞെടുക്കുന്നത്. പക്ഷേ ആ പേരിലും വ്യാജന്മാര്‍ വരാം. ഹെര്‍ബല്‍ ഉല്പന്നങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിച്ചു വാങ്ങുന്നവരുമുണ്ട്. അതിലുമുണ്ട് കള്ള നാണയങ്ങള്‍. 

വീട്ടില്‍ വാങ്ങി ഉപയോഗിക്കുന്നവരില്‍ പകുതിയും ഹെര്‍ബല്‍ എന്നുകേട്ടാല്‍ തൃപ്തരാകും. പക്ഷേ എല്ലാ ഹെര്‍ബലും ഹെര്‍ബലാണോ? ' ഈ ഹെന്നയൊക്കെ ശരിക്കും മൈലാഞ്ചി ഉണക്കിപ്പൊടിച്ചതാണെങ്കില്‍ അത്ര പെട്ടന്ന് നിറം വരില്ല. അതാണ് മുടിക്ക് നല്ലത്. എന്നാല്‍ ചിലത് ഒരു മിനിറ്റ് മുടിയില്‍ ഇട്ടാല്‍ തന്നെ നല്ല നിറം വരും. അതുകണ്ടാല്‍ അറിയാം അതില്‍ പാരാ ഫെനിലിന്‍ ഡൈ അമീന്‍ ചേര്‍ത്തിട്ടുണ്ടെന്ന്. എന്നാല്‍ പാക്കറ്റിന് പുറത്ത് പിപിഡി ഫ്രീ എന്ന് എഴുതിവെച്ചിട്ടുണ്ടാകും. പിപിഡി തൊലികക് അത്ര നല്ലതല്ല.' എറണാകുളത്ത് വിവാഹ മെയ്ക്കപ്പുകള്‍ക്ക് സഹായിയായി പോകുന്ന വിജയപ്രസാദ് അനുഭവത്തില്‍ നിന്ന് പറയുന്നു. 

നല്ല കോസ്‌മെറ്റിക് വിദഗ്ധര്‍ പലരും അമിത മേക്കപ്പിനെ പിന്തുണക്കുന്നില്ല. ഫേഷ്യല്‍ ചെയ്യുമ്പോള്‍ ബ്ലീച്ച് നിര്‍ബന്ധമെന്തിന്. ഫേഷ്യല്‍ മുഖചര്‍മ്മത്തിലെ രക്തയോട്ടം കൂട്ടും. നല്ലൊരു നല്ല ക്രീമുകള്‍ ഉപയോഗിച്ചാല്‍ ചെറിയൊരു തിളക്കവും കിട്ടും. പക്ഷേ ബ്ലീച്ച ടക്കിടെ ചെയ്യുന്നത് അത്ര നല്ലതല്ല. ചെറിയ പ്രായത്തിലുള്ളവര്‍ക്ക് പ്രത്യേകിച്ചും. പെട്ടന്ന് പ്രായക്കൂടുതല്‍ തോന്നും. ചേരുന്ന കോസ്‌മെറ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നിടത്താണ് ഒരു മേക്കപ്പ് വിദഗ്ധന്റെവിജയം. ഉദാഹരണത്തിന് ഷെഹ്നാസിന്റെ പ്രൊഡക്ടസ്. അത് മൂന്നുതരമുണ്ട്. ലോറിയല്‍ പോലുള്ള ബ്രാന്‍ഡുകള്‍ പാര്‍ലറുകള്‍ക്ക് വേറെയും വീട്ടുപയോഗത്തിന് വേറെയും ഇറക്കുന്നുണ്ട്. 

നല്ല സൗന്ദര്യ വര്‍ധക വസ്തുക്കളും ബ്യൂട്ടി പാര്‍ലറുകളും സ്ത്രീകളുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ശരി തന്നെ. പക്ഷേ എങ്ങനെ മനസ്സിലാകും നല്ലതും ചീത്തയും. ബ്യൂട്ടിപാര്‍ലറുകള്‍ ഇപ്പോള്‍ ആര്‍ക്കും തുടങ്ങാം എന്നൊരു സ്ഥിതിയാണ്. അത് മാറണം. മിനിമം ആറുമാസത്തെ കോഴ്‌സെങ്കിലും കഴിഞ്ഞവരാകണം. മൂന്നുവര്‍ഷമെങ്കിലും ഒരു ബ്യൂട്ടീഷന്റെ കൂടെ നിന്ന് പരിശീലനം നേടിയിരിക്കണം. യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി കോഴ്‌സുകള്‍ നടത്തുകയാണെങ്കില്‍ നല്ലത്. 

സൗന്ദര്യ വര്‍ധക വസ്തുക്കളിലെ വ്യാജന്മാര്‍ ചില്ലറക്കാരല്ല. അവരെ തിരിച്ചറിയാന്‍ ഒരു നല്ല ബ്യൂട്ടീഷന് കഴിഞ്ഞേക്കും. എന്നാല്‍ വീട്ടില്‍ ഉപയോഗിക്കുന്ന കണ്‍മഷിയിലും സണ്‍സ്‌ക്രീമുകളിലും ഹെന്നയിലും വരെ വ്യാജന്‍ കയറിക്കൂടിയാലോ. മുന്‍കരുതലുകള്‍ എടുത്തേ പറ്റൂ. അല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകാനാണ് സാധ്യത. 


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്