പീരുമേട്: തന്റെ പ്രിയപ്പെട്ടവരുടെ ജീവിതം തേടി ഇംഗ്ലണ്ട് സ്വദേശിനി ജാനെ സാവില്ലേ കടല്‍ കടന്നെത്തി. പൂര്‍വികരുടെ ഒന്നരനൂറ്റാണ്ട് പഴക്കമുള്ള ശവകുടീരം തേടിയാണ് ജാനെ സാവില്ലേ പള്ളിക്കുന്ന് സി.എസ്.ഐ. ദേവാലയത്തിലെ ബ്രിട്ടിഷ് സെമിത്തേരിയില്‍ എത്തിയത്. കുടുംബാംഗങ്ങളില്‍ അഞ്ചുപേര്‍ കേരളത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നതായുള്ള അറിവുമായാണ് ജാനെ യാത്ര തുടങ്ങിയത്. വണ്ടിപ്പെരിയാരിനു സമീപമുള്ള ഡൈമുക്ക് എസ്റ്റേറ്റ് സ്ഥാപിച്ചത് ജാനെയുടെ പൂര്‍വികരായിരുന്നു. കാപ്പിത്തോട്ടം നടത്തുന്നതിനു തിരുവതാംകൂര്‍ രാജാവ് നല്‍കിയ സ്ഥലമായിരുന്നു ഇത്. ഡെമോക് എന്നായിരുന്നു ഈ തോട്ടത്തിന്റെ ആദ്യ പേര്.

ജാനെയുടെ വീട്ടുപേരും ഡെമോക് ഹൗസ് എന്നാണ്. കേരളത്തിലെത്തിയ ജാനെ കുമളിയിലുള്ള സ്വകാര്യ ഹോം സ്റ്റെയിലായിരുന്നു താമസം. തന്റെ വരവിന്റെ ഉദ്ദേശം ഹോംസ്റ്റേ ഉടമയായ മുരളിയോട് പറഞ്ഞു. പള്ളിക്കുന്ന് പള്ളിയിലെ ബ്രിട്ടിഷ് സെമിത്തെരിയെക്കുറിച്ച് അറിവുള്ള മുരളി ജാനെയുമായി പള്ളി ട്രസ്റ്റിയുടെ സഹായത്തോടെ സെമിത്തേരിയിലെത്തുകയായിരുന്നു. ചൂളമരങ്ങളാല്‍ ചുറ്റപ്പെട്ട ബ്രിട്ടിഷ് അധിനിവേശത്തിന്റെ സ്മരണയുണര്‍ത്തുന്ന സെമിത്തേരിയില്‍ ഇവര്‍ നടത്തിയ തിരച്ചിലില്‍ കല്ലറയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളില്‍നിന്നും തന്റെ മുത്തച്ഛന്റെയും സഹോദരങ്ങളുടെ മൂന്നു കല്ലറകള്‍ കണ്ടെത്തി. 

നാലുമാസം പ്രായമുള്ളപ്പോള്‍ 1892 ല്‍ മരിച്ച മേരി ജോര്‍ജിയാന, നാലുമാസം പ്രായം വീതമുള്ളപ്പോള്‍ 1897 ല്‍ മരിച്ച ജോര്‍ജിയാന എലിസബത്ത്, വിന്നിഫ്രെഡ മേരി എന്നിവരുടെയും ശവകുടീരങ്ങളാണ് പള്ളിക്കുന്ന് ബ്രിട്ടിഷ് സെമിത്തേരിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്  പള്ളി വികാരി ജെയ്‌സിങ് നോര്‍ബര്‍ട്ട് പള്ളിയിലുണ്ടായിരുന്ന പഴയ രേഖകള്‍ ജാനെയ്ക്ക് പരിശോധനയ്ക്കായി നല്‍കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് പടര്‍ന്ന പ്ലേഗ് രോഗം പിടിപെട്ടാണ് ഇവര്‍ മരിച്ചതെന്ന് കരുതുന്നു. സ്റ്റാന്‍ലി, ജോര്‍ജിയാന ഡിക്‌സന്‍ ദമ്പതികളുടെ മക്കളായിരുന്നു ഇവര്‍. തെയില കൃഷി വ്യാവസായിക അടിസ്ഥാനത്തില്‍ ഹൈറേഞ്ചില്‍ പരീക്ഷിച്ച് വിജയം കണ്ട ജോണ്‍ ഡാനിയല്‍ മണ്‍റോയുടെ കുതിര ഡൗണിയുടെതടക്കം മുപ്പത്തിയാറ് ശവകുടീരങ്ങളാണ് ഇവിടെയുള്ളത്.

150 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പള്ളിക്കുന്നില്‍ പള്ളിസ്ഥാപിച്ചത്. ക്രിസ്ത്യന്‍ മിഷിനറിമാര്‍ക്കും തോട്ടങ്ങളുടെ നടത്തിപ്പിനായി എത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയായിരുന്നു പള്ളി സ്ഥാപിച്ചത്. ചൂളമരങ്ങള്‍ കുടപിടിക്കുന്ന സെമിത്തേരിയുടെ സംരക്ഷണം ഇപ്പോഴും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമീഷണര്‍ക്കാണ്. അറുപത്തിരണ്ടുവയസുള്ള ജാനെ തന്റെ കുടുംബത്തോടൊപ്പം മധ്യ ഇംഗ്ലണ്ടിലെ വാര്‍വിക്കിലാണ് താമസം. ഞായറാഴ്ചയാണ് കുമളിയിലെത്തിയത്. തന്റെ പൂര്‍വികര്‍ തുടങ്ങി വെച്ച ഡൈമുക്ക് തോട്ടവും അവരുടെ ഓര്‍മ്മകള്‍ നിറയുന്ന ബ്രിട്ടിഷ് സെമിത്തേരിയും കണ്ട ആഹ്ളാദത്തില്‍ ബുധനാഴ്ച ജാനെ തിരികെ നാട്ടിലേക്ക് മടങ്ങും. 

Content highlight: england women jane in kerala