Ekta
Image: PTI

ഒരു സ്ത്രീ എങ്ങനെയായിരിക്കണമെന്ന് ഒരു സ്ത്രീയേക്കാള്‍ നന്നായി വിശദീകരിക്കാന്‍ സാധിക്കുന്ന മറ്റൊരാളില്ല. അതും വെല്ലുവിളികളെ നേരിട്ട് സ്വന്തം ജീവിതത്തില്‍ വിജയങ്ങള്‍ ആവര്‍ത്തിച്ച ഒരു സ്ത്രീയേക്കാള്‍ മറ്റാരും തന്നെ.

ഏക്ത കപൂറിന്റെ വാക്കുകള്‍ പ്രസക്തമാകുന്നത് ഇതുകൊണ്ടുമാത്രമല്ല, അവര്‍ കാലങ്ങളായി പറയുന്നത് സ്ത്രീ ജീവിതങ്ങളെ കുറിച്ചാണ്. ഒരേസമയം ഇന്ത്യന്‍ സംസ്‌കാരങ്ങളെ മുറുകെ പിടിക്കുന്ന സ്ത്രീകളെ സീരിയലുകളിലൂടെയും പുരോഗമനവാദികളായ സ്ത്രീകളെ ലിപ്‌സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ പോലുള്ള ചിത്രങ്ങളിലൂടെയും അവര്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നു. 

ടെലിവിഷന്‍ ചാനലായ സ്റ്റാര്‍ പ്ലസില്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുന്ന ടോക്ക് ഷോയിലാണ് യഥാര്‍ത്ഥ സ്ത്രീ എന്തായിരിക്കണമെന്നതിനെ കുറിച്ച് ഏക്ത സംസാരിച്ചത്. ഒരു ടെലിവിഷന്‍ പ്രൊഡ്യൂസര്‍ എന്ന നിലയിലേക്കുള്ള ഏക്തയുടെ വളര്‍ച്ച, ടെലിവിഷന് നല്‍കിയ സംഭാവനകള്‍, വനിതാ ശാക്തീകരണം എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു സംഭാഷണം.

ഏക്തയുടെ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍

ഒരു ടെലിവിഷന്‍ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ വിജയങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കിയ ഏക്ത പറയുന്നത് ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് ഉണ്ടാകുന്നത് നാം ജീവിതത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയില്‍ നില്‍ക്കുമ്പോഴായിരിക്കും എന്നാണ്. സ്വന്തം അനുഭവങ്ങള്‍ തന്നെയായിരിക്കാം ഏക്തയെക്കൊണ്ട് ഇങ്ങനെ പറയിച്ചത്. 

പുരുഷന്റെ കഥകള്‍ മാത്രം പറയുന്ന സിനിമകള്‍ ഉണ്ടായിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. കേന്ദ്ര കഥാപാത്രം എന്നും പുരുഷനായിരുന്നു. വില്ലനും പുരുഷന്‍. സ്ത്രീ അവര്‍ ചുറ്റും ആടിപ്പാടുന്നവള്‍ മാത്രം. അങ്ങനെയുള്ള സമയത്താണ് സ്ത്രീകളുടെ കഥകള്‍ പറയാന്‍ ടെലിവിഷന്‍ തീരുമാനിക്കുന്നത്. 

ടെലിവിഷന്‍ ഷോകളില്‍ സംസ്‌കാര സമ്പന്നയായ സ്ത്രീയെ ചിത്രീകരിക്കുന്ന അതേ ഏക്ത ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ പോലുളള ചിത്രങ്ങള്‍ എടുക്കാനും ധൈര്യം കാണിച്ചു. അതേ കുറിച്ചുള്ള ചോദ്യത്തിനും ഏക്തയ്ക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നു. സെക്‌സും സംസ്‌കാരവും ഒരേ സ്ത്രീയുടെ രണ്ടു കാഴ്ചപ്പാടുകളാണെന്നായിരുന്നു അവരുടെ മറുപടി. അവര്‍ എങ്ങനെയാണോ അതിനെ ചോദ്യം ചെയ്യാന്‍ നമുക്കാര്‍ക്കും അവകാശമില്ല. ചിലര്‍ സാരിയില്‍ മനോഹരിയായിരിക്കും, ചിലര്‍ സ്വിം സ്യൂട്ടിലും. എന്നാല്‍ ആര്‍ക്ക് എന്ത് ഇണങ്ങുമെന്ന് തീരുമാനിക്കാന്‍ നമുക്കാര്‍ക്കും അവകാശമില്ല. 

ഓരോ സ്ത്രീയും അവള്‍ക്കുള്ളിലെ സ്വര്‍ണത്തെ കണ്ടെത്താന്‍ ശ്രമിക്കണമെന്നായിരുന്നു വനിതാ ശാക്തീകരണത്തെ കുറിച്ചുള്ള ഏക്തയുടെ അഭിപ്രായം. അതിന് മുഴുവന്‍ ലോകത്തിന് മുന്നിലും തിളങ്ങാന്‍ സാധിക്കും. വിവാഹത്തിന് ശേഷം സ്ത്രീകള്‍ ജോലിക്കു പോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഏക്ത സംസാരിച്ചു. അവര്‍ ചൂണ്ടിക്കാട്ടിയ കാരണം ചിന്തിപ്പിക്കുന്ന ഒന്നായിരുന്നു. മറ്റൊന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടായില്ലെങ്കിലും നിങ്ങളുടെ ജോലി നിങ്ങള്‍ക്കൊപ്പം നിലനില്‍ക്കും !

Content Highlights: Ekta Kapoor, Women empowerment, Daily Soaps, Balaji Telefilms, Television Serials