കോവിഡിന്റെ നിയന്ത്രണങ്ങള്‍ക്ക് ഇത്തിരി ഇളവുകള്‍ അനുവദിച്ചപ്പോള്‍ ഒരു ചെറിയ യാത്ര നടത്തേണ്ടിവന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഒഴിവാക്കാന്‍ ഒരു കാര്‍ യാത്ര. വണ്ടി ഓടിച്ചു കൊണ്ടിരുന്നപ്പോള്‍ ആദ്യകാല ഡ്രൈവിംഗ് അനുഭവങ്ങള്‍ ഓര്‍ത്തു പോയി. 

ഏകദേശം15 കൊല്ലം മുമ്പ്, അന്ന് ജോലി ചെയ്തിരുന്ന എറണാകുളത്തു നിന്നു മഞ്ചേരിയിലേക്കു വാരാന്ത്യങ്ങളില്‍ ഒറ്റക്ക് കാര്‍ ഓടിച്ചു വന്നിരുന്നതിനു കേള്‍ക്കാത്ത ചീത്തപ്പേര് ഇല്ല. ആളുകള്‍ അതു ഒരു വലിയ അപരാധം ആയി കണക്കാക്കുകയും  കുലത്തില്‍ പിറന്ന സ്ത്രീ അല്ലെന്ന ലേബല്‍ ചാര്‍ത്തി തരികയും ചെയ്തു.

അതിനു മുന്‍പ് ഉണ്ടായിരുന്ന വാഹനം ഒരു സ്‌കൂട്ടര്‍ ആയിരുന്നു. ബസ്സിലെ തോണ്ടലും തട്ടലും അതിനെപ്പറ്റിയുള്ള കലഹങ്ങളും ഒഴിവാക്കാന്‍ ആണ് അത് വാങ്ങുക ഉണ്ടായത്. അത് 20 വര്‍ഷത്തോളം മുന്‍പ് ആയിരിക്കും. അന്നത്തെ സാഹചര്യത്തില്‍ ആ കുഗ്രാമത്തില്‍ ആളുകള്‍ വഴിയില്‍ കാത്തുനിന്നു കൂവുക പതിവായിരുന്നു. ബസ്സിലെ അതിക്രമങ്ങളെക്കാള്‍ വലുതല്ലാത്തത് കൊണ്ടു കൂവല്‍ ഒരു പശ്ചാത്തല സംഗീതം പോലെ ആസ്വദിക്കാന്‍ പറ്റി.

ബാംഗ്ലൂര് നിന്നു ആദ്യമായി മഞ്ചേരി വരെ  കാര്‍ ഓടിച്ചത്, അച്ഛന് അസുഖമായി ആശുപത്രിയില്‍ ആണെന്ന വിവരം കിട്ടിയപ്പോള്‍ ആണ്. ബസ്സിലും ട്രയിനിലും  ടിക്കറ്റ് കിട്ടാത്തത് കൊണ്ട്,  എത്രയും പെട്ടെന്ന് സ്ഥലത്തെത്തുക എന്ന ലക്ഷ്യം നിറവേറ്റാന്‍ അങ്ങനെ ചെയ്യേണ്ടി വന്നുട. അതിന് ശേഷം അതൊരു  പതിവായി. പക്ഷെ ഞാന്‍ ഇങ്ങനെ കാര്‍ ഓടിക്കുന്ന കാര്യം ആരോടും പറയരുത് എന്നു ഇതിനെപ്പറ്റി അറിയുന്ന എല്ലാവരേയും ചട്ടംകെട്ടിയിരുന്നു. അപവാദ പ്രചാരണം ഭയന്ന്  ഒരു ചെറിയ മുന്‍കരുതല്‍. 

ഇന്നിപ്പോ സ്ത്രീകള്‍ ബൈക്കും കാറും മറ്റനേകം വാഹനങ്ങളും ധാരാളമായി ഓടിക്കുന്നു. ഒറ്റക്ക് ബൈക്കോടിച്ചു ഹിമാലയത്തില്‍ വരെ പോവുന്നു. അതിനൊക്കെ വലിയ പബ്ലിസിറ്റി കിട്ടുന്നു. കുലസ്ത്രീകളും കുലത്തില്‍ പിറന്ന പുരുഷന്മാരും വരെ സ്വന്തം പെണ്മക്കളുടെ ഈ വക കഴിവുകളില്‍ അഭിമാനിക്കുന്നു. കാലം മാറിയതായി കുറച്ചൊക്കെ അനുഭവപ്പെടുന്നു.

ഏതായാലുംഎന്റെ ലോങ് ഡ്രൈവുകള്‍  മാറ്റമില്ലാതെ  തുടരുന്നു.  ഇങ്ങനെ ഒന്നു ചെയ്യുന്നുണ്ട് എന്നു പറയാന്‍  മടിക്കേണ്ടതില്ല എന്ന മാറ്റം മാത്രമാണ് ഇക്കാര്യത്തില്‍ ഇക്കാലം കൊണ്ടുണ്ടായത്.

20 കൊല്ലം കൊണ്ടു 2 തലമുറകള്‍ വന്നിട്ടുണ്ടാവും. പല ചിന്താഗതികളും മാറിയിട്ടുണ്ടെങ്കിലും  അപമാനിക്കാനും അവഹേളിക്കാനും  കിട്ടുന്ന അവസരങ്ങള്‍ ആരും വേണ്ടെന്നു വെക്കുമെന്നു തോന്നുന്നില്ല.

അതു കൊണ്ടു തന്നെ , പ്രിയപ്പെട്ട കുട്ടികളെ...മനസ്സില്‍ കത്തുന്ന വിളക്കിന്റെ വെളിച്ചത്തില്‍ പുതിയ വഴികള്‍ തെളിച്ചു മുന്നോട്ടു പോവുക. നാളത്തെ ശരികള്‍ ഇന്ന് തന്നെ ചെയ്തു തുടങ്ങുക . തികച്ചും ഒറ്റക്കാണെങ്കില്‍ പോലും.

(ഫെഡറല്‍ ബാങ്ക് നിയമ വിഭാഗം അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ആണ് ലേഖിക)

Content Highlights: driving experience of a woman