‘പരിശ്രമം ചെയ്കിലെന്തിനേയും 
വശത്തിലാക്കാൻ കഴിവുള്ളവണ്ണം 
ദീർഘങ്ങളാം കൈകളെ  നൽകിയത്രേ 
മനുഷ്യനെ പാരിലയച്ചതീശൻ’ 

Dr. Susheelaമരുന്നിന്റെ മണമുള്ള മുറിയിലെ ചക്രക്കസേരയിലിരുന്ന് ഡോക്ടർ സുശീല  ഇത് ചൊല്ലുമ്പോൾ കണ്ണുകളിൽ ആത്മവിശ്വാസം തിളങ്ങി. അരയ്ക്കുതാഴെ തളർന്നെങ്കിലും രണ്ടു പതിറ്റാണ്ടിലേറെയായി ചക്രക്കസേരയിലിരുന്ന് രോഗികളുടെ  രോഗത്തിനും സങ്കടത്തിനും മരുന്ന് കുറിക്കുകയാണ് ഈ ഡോക്ടർ. 68-ാം വയസ്സിലും സ്വാസ്ഥ്യം തേടാൻ ആഗ്രഹിക്കാതെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുതിയ മേഖലകൾ ഉപയോഗപ്പെടുത്തിയങ്ങനെ... 

‘‘എനിക്ക്‌ എന്തെങ്കിലും വിഷമം തോന്നുമ്പോൾ അച്ഛൻ ചൊല്ലിപ്പഠിപ്പിച്ച ഈ വരികളും ‘ഇരുമ്പും കൗശലത്താലേ കുഴമ്പാക്കുന്നതില്ലയോ’ എന്നതുപോലുള്ള വരികളുമെല്ലാം ഓർക്കും. അതോടെ മനസ്സ് തെളിയും.’’ -ഡോക്ടർ സുശീല പുഞ്ചിരിക്കുന്നു. 

എൺപതുകൾ വലിയ വാഹനസൗകര്യങ്ങളൊന്നും പട്ടാമ്പിയിലെ പരുതൂർ ഗ്രാമത്തിലുണ്ടായിരുന്നില്ല. രോഗം വന്നാൽ അലോപ്പതി ഡോക്ടറെ തേടി ഒറ്റപ്പാലത്ത് പോകണം. അപ്പോഴാണ് രാപകൽ ഭേദമെന്യേ ചികിത്സിക്കാൻ തയ്യാറായി സുശീല ഡോക്ടറെത്തുന്നത്. അതും  പരുതൂരുകാരുടെ സ്വന്തം നാട്ടുകാരി. പിന്നീട് റോഡുകളിലൂടെ വാഹനങ്ങളെത്തിയതോടെ  പള്ളിപ്പുറത്ത് ഡോക്ടറുടെ വീടിനടുത്തെ ബസ് സ്റ്റോപ്പ് സുശീലപ്പടിയായി.  ഇവിടെ പുതിയ റെയിൽവേ മേൽപ്പാലം വരുന്നതും ഡോക്ടറുടെ പേരിൽ. അത്രയേറെ സ്വീകാര്യത നേടിയിട്ടുണ്ട് നാട്ടിൽ ഈ ഡോക്ടർ. 

‘ഓടിനടന്ന കാലുകൾക്ക്  ഒരുദിവസം ചെറിയൊരു തളർച്ച. പിന്നീട് കൂടിവന്നു. നടക്കുമ്പോൾ എവിടെയെങ്കിലും പിടിച്ചില്ലെങ്കിൽ  ബാലൻസ് കിട്ടാതെ ചരിഞ്ഞുപോകും. ക്രമേണ പരസഹായമില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന സ്ഥിതിയായി. അരയ്ക്കു താഴോട്ട് ചലനശേഷി കുറഞ്ഞുവന്നത് സാവധാനമാണ്. സ്പൈനൽ കോഡിൽ രക്തയോട്ടം കുറയുന്നതാണ് അസുഖം. ചെെന്നെ യിൽ പോയി ചികിത്സ നടത്തി. അലോപ്പതിയും ആയുർവേദവും പരീക്ഷിച്ചു. 1995-ഓടെ ജീവിതം  ക്രമേണ ചക്രക്കസേരയിലേക്ക് മാറ്റേണ്ടിവന്നു. അപ്പോഴും  പ്രാക്ടീസ് അവസാനിപ്പിച്ചില്ല. കുറച്ചു നാളുകൾക്കുമുമ്പ് കുളിമുറിയിലൊന്ന് വീണു. തുടർന്ന് തലയിൽ രക്തം കട്ട പിടിച്ചതോടെ ശസ്ത്രക്രിയയ്ക്കുശേഷം രണ്ടുമാസം വിശ്രമജീവിതം നയിച്ച്  ജോലിയിൽ സജീവമായി. രാവിലെ രോഗികളെത്തുന്നതോടെ അവശതകളെല്ലാം മറക്കും’, തളർന്ന ശരീരവും തളരാത്ത മനസ്സുമായി ഡോക്ടർ പറയുന്നു. 

‘രാവിലെ ഏഴരമുതൽ രാത്രി എട്ടരവരെ പള്ളിപ്പുറത്തെ വീട്ടിൽ രോഗികളുടെ തിരക്കാണ്. പ്രായഭേദമെന്യേ നാട്ടുകാരിൽ ഭൂരിഭാഗവും  സുശീല ഡോക്ടറെ തേടിയെത്തുന്നു. രാവിലെ എട്ടുമുതൽ ഉച്ചയ്ക്കു ഒന്നരവരെ. വീണ്ടും മൂന്നുമുതൽ വൈകീട്ട് എട്ടുവരെ ജോലിയുടെ തിരക്കിലാണ്  ഡോക്ടർ.  വെള്ളിയാഴ്ച മാത്രമാണ് അവധി. രാവിലെ   ഡോക്ടറെ വീൽചെയറിൽ എടുത്തുവയ്ക്കുന്നതുമുതൽ ഡോക്ടറെ സഹായിക്കാൻ നിഴലുപോലെ നഴ്‌സ് ലക്ഷ്മിക്കുട്ടിയുമുണ്ടാകും. 

‘1977-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന്  എം.ബി.ബി.എസ്. പൂർത്തിയാക്കി വളാഞ്ചേരിയിലെ  സ്വകാര്യ നഴ്‌സിങ് ഹോമിൽ പ്രാക്ടീസ് തുടങ്ങി. തുടർന്ന് തൃശ്ശൂർ മണ്ണുത്തിയിൽ പ്രാക്ടീസ് തുടങ്ങി. അച്ഛന് ഞാൻ ദൂരെ ജോലിക്ക്‌ പോകുന്നതൊന്നും ഇഷ്ടമില്ലായിരുന്നു. അതോടൊപ്പം പള്ളിപ്പുറം ഗ്രാമത്തിന് ഒരു ഡോക്ടറാകുമെന്നും കരുതിയാണ് ക്ലിനിക്ക് തുടങ്ങിയത്. അച്ഛനാണ് എല്ലാ കാര്യത്തിനും പ്രചോദനം. അദ്ദേഹം  വലിയ ധൈര്യശാലിയായിരുന്നു. പരുതൂരിലെ ലക്ഷ്മി ടീച്ചറുടെയും സുബേദാർ കെ.സി. നായരുടെയും (കെ. ചാമിനായർ) മകളായി പിറന്നതാണ് എന്റെ ഭാഗ്യം’ -സുശീല ഡോക്ടർ പിന്നിട്ട വഴികളിലേക്ക്... 

1980 ജൂൺ ഒമ്പതിനാണ് പരുതൂരിൽ  വാടകവീടെടുത്ത്   പ്രാക്ടീസ്  തുടങ്ങിയത്. 82-ൽ  അധ്യാപകനായ ലക്ഷ്മണനെ  കല്യാണം കഴിച്ചു. തുടർന്ന് വീടെടുത്ത് മാറി ആതുരശുശ്രൂഷാരംഗത്ത് സജീവമാകുമ്പോഴാണ് ഡോക്ടറെ രോഗം പിടികൂടിയത്.  ചികിത്സകൾ ചെയ്താലും രോഗത്തിൽനിന്ന് ശാശ്വതമായ ഒരു മോചനം ലഭിക്കില്ലെന്ന് അറിഞ്ഞപ്പോഴും ഡോക്ടർ തന്റെ ദുരവസ്ഥയോർത്ത് വിലപിച്ചില്ല. 23 വർഷമായി വേദനകൾ മറന്ന് ചക്രക്കസേരയിലിരുന്ന് വീടിനോടുചേർന്നുള്ള ക്ലിനിക്കിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നു. 

'വളാഞ്ചേരിയിലാണ് ആദ്യമായി സ്വകാര്യ പ്രാക്ടീസ് തുടങ്ങിയത്.  അവിടത്തെ ക്ലിനിക്കിലെ മുഹമ്മദ് ഡോക്ടറാണ് എനിക്ക് വീടുകളിൽ ചെന്ന് പ്രസവമെടുക്കാൻ ധൈര്യം തന്നത്. ഡോക്ടർ ഒരിക്കൽ  എന്നെ ഒരു വീട്ടിലാക്കി എന്ത് പ്രശ്നമുണ്ടെങ്കിലും വിളിക്കാൻ പറഞ്ഞിട്ട് ഡ്രൈവറെയും കാറും അവിടെ നിർത്തിപ്പോന്നു. മെഡിക്കൽ കോളേജിലെ പ്രസവമുറിയാണെന്ന് കരുതി പ്രവർത്തിച്ചാൽ മതിയെന്നായിരുന്നു ഡോക്ടറുടെ ഉപദേശം. തുടർന്ന്  വീടുകളിൽ പോയി  നിരവധി പ്രസവങ്ങൾ എടുത്തിട്ടുണ്ട്.  എന്റെ കൈയിൽ പിറന്നുവീണവരുടെ മക്കളെയും ചികിത്സിക്കാൻ കഴിയുന്നു. ചിലപ്പോഴൊക്കെ ജീവിതത്തെക്കുറിച്ചോർക്കുമ്പോൾ മനസ്സൊന്ന് കലങ്ങും. അപ്പോൾ പ്രാർഥനയിലൂടെ ജീവിതം തിരിച്ചു പിടിക്കും. വലിയ ദൈവവിശ്വാസിയാണ്. ‘ഡോക്ടറുടെ ശബ്ദമിടറി. 
 ഡോക്ടർ എന്നും രാവിലെ ആറിന് എഴുന്നേൽക്കും. ആറരയോടെ കുളികഴിഞ്ഞ് ഏഴുവരെ നാരായണീയ പാരായണം നടത്തും. തുടർന്ന് പ്രഭാതഭക്ഷണം കഴിച്ച് ഏഴരയാകുന്നതോടെ പരിശോധന മുറിയിൽ എത്തും. സസ്യേതരഭക്ഷണവും കഴിക്കുമെങ്കിലും എല്ലാം വളരെ കുറച്ചുമാത്രം. അങ്ങനെ ചിട്ടയായ ജീവിതക്രമമാണ്. 

ഒരിക്കൽ അട്ടപ്പാടിയിൽ വള്ളിയമ്മയുടെയടുത്ത് ചികിത്സ തേടിപ്പോയതാണ് മറക്കാൻ കഴിയാത്ത സംഭവം.  രാവിലെ 8.30-ന് അവിടെയെത്തിയിട്ടും ഉച്ചയ്ക്ക്‌ ഒന്നരയായിട്ടും അവരെ കാണാൻ കഴിഞ്ഞില്ല. പിന്നെ കുറച്ചുകാലം നിരാശയായിരുന്നു.  ഡോക്ടർ പ്രൊഫഷനോടുതന്നെ വലിയ അകൽച്ച തോന്നിത്തുടങ്ങി. അന്നൊക്കെ സഹോദരൻ കൃഷ്ണദാസായിരുന്നു എന്റെ ശക്തി. അദ്ദേഹം ഈ ലോകം വിട്ടുപോയപ്പോൾ വലിയൊരു ആശ്രയം നഷ്ടപ്പെട്ടു. ഭർത്താവിനും മകൾക്കുമൊപ്പം എനിക്ക് വലിയ പിൻബലം നൽകിയിരുന്നത് സഹോദരനായിരുന്നുവെന്ന് ഡോക്ടർ.  

ഭർത്താവ് പി. ലക്ഷ്മണൻ പട്ടാമ്പി ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിച്ചതിനുശേഷം സദാസമയവും താങ്ങും തണലുമായി കൂടെയുണ്ട്. നഴ്‌സ് ലക്ഷ്മിക്കുട്ടി തൃശ്ശൂരിൽ ജോലിചെയ്യുമ്പോൾ മുതൽ ഡോക്ടറിനൊപ്പമുണ്ട്.