ബെംഗളൂരു ഇന്‍ഫോസിസിലെ ജോലി ഉപേക്ഷിച്ച് ഡോ. ജെയ്നി കുര്യാക്കോസ് കാമറ തൂക്കിയിറങ്ങിയത് പക്ഷികളുടെ ലോകത്തേക്കാണ്. നേരമ്പോക്കില്‍ തുടങ്ങിയ പക്ഷിനിരീക്ഷണം ജീവിതചര്യയായി മാറിയ കഥയാണ് ജെയ്നിയുടേത്. 

ജോലി ഉപേക്ഷിച്ചിറങ്ങിയ ജെയ്നിയുടെ പക്ഷിയാത്രകള്‍ വെറുതെയായില്ല. ഇന്ത്യയില്‍ 1300 വൈവിധ്യമാര്‍ന്ന പക്ഷികളുണ്ടെന്നാണ് പക്ഷി ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍. അതില്‍ 850 ലധികം വൈവിധ്യമാര്‍ന്ന പക്ഷികളെ തിരിച്ചറിഞ്ഞ വനിതാ ഫോട്ടോഗ്രാഫറാണ് ജെയ്നി. ഈ ബഹുമതി ജെയ്നിക്ക് നല്‍കുന്ന ആഹ്ളാദത്തിന് അതിരുകളില്ല. 

അരുണാചല്‍ പ്രദേശില്‍ നിന്ന് പകര്‍ത്തിയ യുന്നാന്‍ നുതാച്ച് എന്ന പക്ഷിയെ ഇന്ത്യന്‍ പക്ഷികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് ജെയ്നിയെന്ന പക്ഷിനിരീക്ഷകയുടെ മറ്റൊരു നേട്ടം.

bird 3

സന്തതസഹചാരിയായ കാമറക്കൊപ്പം പക്ഷികളുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണിവര്‍. സുരക്ഷാപ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഒന്നും ജെയ്നിയുടെ പക്ഷിയാത്രകള്‍ക്ക് വിഘാതമാവുന്നില്ല.

പക്ഷിനിരീക്ഷണത്തിന് സമയം കിട്ടാതെ വന്നപ്പോള്‍ 2013 ലാണ് ഇന്‍ഫോസിസിലെ ജോലി ജെയ്നി ഉപേക്ഷിക്കുന്നത്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സമയം ശനി, ഞായര്‍ ദിവസങ്ങളിലെ വിരസത ഒഴിവാക്കാനാണ് സുഹൃത്ത് ഗരിമ ഭാട്യയടങ്ങുന്ന സംഘത്തിനൊപ്പം പക്ഷിനിരീക്ഷണത്തിനിറങ്ങുന്നത്. അന്ന് ജെയ്നി വിവാഹിതയല്ല. 

പതുക്കെ പതുക്കെ പക്ഷികളോട് കൂട്ടുകൂടാന്‍ തുടങ്ങി. അങ്ങനെ സ്വന്തമായി കാമറ വാങ്ങി. ബെംഗളൂരുവില്‍ പക്ഷിനിരീക്ഷകരായ വനിതകളുടെ സംഘമുണ്ട്. ശനിയാഴ്ച രാവിലെയിറങ്ങി പക്ഷികളെ പകര്‍ത്തി വൈകീട്ട് തിരിച്ചെത്തുകയായിരുന്നു പതിവ്.

ബുദ്ധിമുട്ടിയെങ്കിലും ഓരോ പക്ഷിയുടെയും പേരുകള്‍ കാണാതെ പഠിച്ചു. നാട്ടില്‍ പോവുമ്പോഴൊക്കെ തട്ടേക്കാട് പോവും. നാട്ടുകാരനായ ജിനു ജോര്‍ജ്ജിനൊപ്പമാണ് പക്ഷികള്‍ക്കായുള്ള നാട്ടിലെ യാത്രകളെല്ലാം.

പുതിയ പക്ഷികളെ തേടി പുതിയ പ്രദേശങ്ങളിലേക്കുള്ള യാത്ര. പക്ഷികളുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞുകൊടുത്ത് കൂട്ടുകാരും സഹായിക്കും. പെരുമ്പാവൂര്‍ കീഴില്ലത്തെ വീട്ടിലെ വലിയ പറമ്പ് പക്ഷികളുടെ കേന്ദ്രമാണ്. അമ്മയുടെ അനിയത്തിമാര്‍ക്ക് പക്ഷികളെന്ന് വെച്ചാല്‍ ജീവനാണെന്ന് ജെയ്നി പറഞ്ഞു.

ജെയ്നി കുഞ്ഞായിരിക്കുമ്പോള്‍ പക്ഷികളെയും പക്ഷികളുടെ മുട്ടയുമെല്ലാം കാണിച്ചുകൊടുക്കും. അവര്‍ മരത്തിന് ചുവട്ടില്‍ പോയി ഇരുന്ന് പഠിക്കുമ്പോള്‍ പക്ഷികളെ കാണാനായി ജെയ്നിയും ഒപ്പം കൂടും. പത്താം ക്ലാസ്സിലെത്തിയതോടെ പക്ഷികളോട് കൂട്ട് വിട്ട് പുസ്തകങ്ങള്‍ക്കൊപ്പമായി. 

സ്വപ്നപക്ഷിക്ക് പിന്നാലെ

മനസ്സിനിന്നും സംതൃപ്തി പകരുന്ന ഒരു പക്ഷിചിത്രമുണ്ട് ജെയ്നിയുടെ കാമറയിലും മനസ്സിലും. അത് ഹിമാചല്‍പ്രദേശിലെ വെസ്റ്റേണ്‍ ട്രാഗോപാന്‍ എന്ന പക്ഷിയാണ്. ഹിമാചല്‍ കഴിഞ്ഞാല്‍ ആ പക്ഷിയെ പിന്നെ കണ്ടിട്ടുള്ളത് ജമ്മു ആന്‍ഡ് കശ്മീരിലാണ്. 

ചുവപ്പും കറുപ്പും നിറങ്ങളുള്ള മനോഹരമായ പക്ഷി. വെസ്റ്റേണ്‍ ട്രാഗോപാന്‍ പക്ഷിയെ കണ്ടെന്ന് പറയുന്ന സ്ഥലത്തേക്ക് കഷ്ടപ്പെട്ടാണ് കയറിപ്പറ്റിയതെന്ന് ജെയ്നി. പക്ഷേ പക്ഷിയുടെ കരച്ചിലൊന്നും കേള്‍ക്കാതെയായപ്പോള്‍ സങ്കടമിരട്ടിച്ചു. പിന്നെ പോവാമെന്ന് കരുതി തിരിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് വിദേശ ടൂര്‍ ഓപ്പറേറ്റര്‍ ജെയിംസ് ആ പക്ഷിയെ എല്ലാദിവസവും കണ്ടതായി പറയുന്നത്. 

കാണാന്‍ ബുദ്ധിമുട്ടില്ലെങ്കിലും കാമറയില്‍ പകര്‍ത്തുകയെന്നത് ബുദ്ധിമുട്ടായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 27ന് സ്വപ്നപക്ഷിയെ പകര്‍ത്താന്‍ ഒരുവട്ടം കൂടി പോയി. കഴിഞ്ഞതവണ പക്ഷിയെ കണ്ട സ്ഥലത്ത് ഇപ്രാവശ്യം അനുമതി കിട്ടിയില്ല. സാധാരണ ട്രക്കേഴ്സ് പോവുന്ന സ്ഥലത്ത് പോയി. പുലര്‍ച്ചെ നാലുമണിക്കെഴുന്നേറ്റ് കൊടും തണുപ്പിനെ അവഗണിച്ച് നടന്നു.

അപ്പോഴാണ് പക്ഷിയുടെ കരച്ചില്‍. ചുറ്റും പുല്ല് മാത്രം. ഫോട്ടോ കിട്ടുമെന്ന പ്രതീക്ഷ വീണ്ടും അസ്തമിച്ചു. രാവിലെ, ഉച്ചയ്ക്ക്, വൈകീട്ട്, പിറ്റെദിവസം... അങ്ങനെ പക്ഷിക്കായി വീണ്ടും കാത്തിരിപ്പ്. ഒടുവില്‍ മലയിറങ്ങി തിരിച്ച് ക്യാമ്പിലേക്ക്. ഫ്രഞ്ചുകാരനായ പക്ഷിനിരീക്ഷകന്‍ പക്ഷിയെ കണ്ടതായി പറഞ്ഞപ്പോള്‍ സങ്കടം വന്നെന്ന് ജെയ്നി.

അങ്ങനെ പക്ഷിക്കായി കുത്തനെയുള്ള മല വീണ്ടും കയറി. റെക്കോര്‍ഡറില്‍ പിടിച്ച പക്ഷിയുടെ കരച്ചില്‍ കേള്‍പ്പിച്ചപ്പോള്‍ ഒറിജിനല്‍ പക്ഷി പ്രതികരിച്ചു. എങ്കിലും പ്രതീക്ഷയൊന്നും വെച്ചുപുലര്‍ത്തിയില്ല. മരത്തിന് പിറകിലായി കാത്തിരുന്നു.

150 മീറ്ററിന് താഴെ അതാ വെസ്റ്റേണ്‍ ട്രാഗോപാന്‍. ജെയ്നിയുടെ മനസ്സറിഞ്ഞാവണം കാമറക്കണ്ണിലേക്ക് അത് പറന്നുയര്‍ന്നു. അങ്ങനെ കാണാന്‍ കൊതിച്ച പക്ഷി ജെയ്നിയുടെ കാമറയ്ക്ക് വിരുന്നായി.

കബളിപ്പിച്ച് പായുന്നവര്‍

പക്ഷികളെ കാണുന്നതിനേക്കാള്‍ ഫോട്ടോയെടുക്കലാണ് ബുദ്ധിമുട്ടെന്ന് ജെയ്നി. പക്ഷിസ്നേഹത്തിന് മുമ്പില്‍ കഷ്ടപ്പെടാനുള്ള മനസ്സ് താനെ വരുമെന്നതാണ് അനുഭവം. ചില പക്ഷികളെ കാണുന്നമാത്രയില്‍ അന്തംവിട്ട് നോക്കിനിന്നിട്ടുണ്ട്. 

bird 2

ഫോട്ടോയെടുക്കാനാണ് വന്നതെന്ന കാര്യം വിസ്മരിക്കും. അങ്ങനെ കാമറയ്ക്ക് നഷ്ടപ്പെട്ട ചിത്രങ്ങള്‍ ഒരുപാട്. ഇടയ്‌ക്കൊന്ന് പൊങ്ങിവന്നെന്ന് വരുത്തി മിന്നിപ്പാഞ്ഞ് ജെയ്നിയെ കബളിപ്പിച്ച പക്ഷികളുമുണ്ട് ഇക്കൂട്ടത്തില്‍. ഇന്ത്യക്ക് പുറമെ വിദേശത്തെയും പക്ഷികളെയും ഡോ. ജെയ്നി കുര്യാക്കോസിന്റെ കാമറക്കണ്ണുകള്‍ പകര്‍ത്തിയിട്ടുണ്ട്.

മലേഷ്യ, തായ്ലന്‍ഡ്, കെനിയ തുടങ്ങിയ വിദേശരാജ്യങ്ങളിലും ജെയ്നി പോയിട്ടുണ്ട്. പക്ഷികളെ കാമറയില്‍ പകര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യയെ അപേക്ഷിച്ച് ചെലവേറെയാണ്. വഴികാട്ടിക്ക് തന്നെ വലിയൊരു ഫീസ് നല്‍കണമെന്നത് പലപ്പോഴും തടസ്സമാവുന്നു.

പരിശ്രമിക്കാതെ മടക്കമില്ല

പെട്ടെന്ന് പിടിതരാത്ത പക്ഷികളെ തേടിയിറങ്ങുമ്പോള്‍ വിവരശേഖരണം നടത്തുക പതിവാണ്. പലപ്പോഴും കാടുകളില്‍ ക്യാമ്പ് ചെയ്യേണ്ടിവരും. തണുപ്പ് സഹിക്കേണ്ടിവരും. എങ്കിലും കഴിവിന്റെ പരമാവധി ശ്രമിക്കാതെ മടങ്ങില്ല.

bird

ഇരവിക്കുളത്തും ഷോളയാര്‍ കാടുകളിലും കാണുന്ന പുല്‍മൂങ്ങയെയും കുഞ്ഞുകാടകളുടെ വര്‍ഗ്ഗത്തില്‍പെട്ട പക്ഷികളെയും പകര്‍ത്തണമെന്നാണ് കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡോക്ടറേറ്റ് എടുത്ത ജെയ്നിയുടെ ആഗ്രഹം. 

ബെംഗളൂരു ഇന്നോവേഷന്‍ ലാബ്സ് ഡയറക്ടറാണ് ഭര്‍ത്താവ് ഡോ. ധനേഷ് പത്മനാഭന്‍. കഴിഞ്ഞ ദിവസം വനംവന്യജീവി വകുപ്പുമായി സഹകരിച്ച് തൃശ്ശൂരില്‍ നടന്ന 'ബേര്‍ഡ്സ് സാന്‍സ് ബോര്‍ഡേഴ്സ്' എന്ന വാട്സ് ആപ്പ് ഗ്രൂപ്പിന്റെ ഫോട്ടോ പ്രദര്‍ശനത്തില്‍ ജെയ്നിയെടുത്ത ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. എടുത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ആദ്യമായാണെന്ന് ജെയ്നി പറഞ്ഞു.