പെണ്‍കുട്ടികളെ ഇന്നും ചട്ടക്കൂടുകളില്‍ നിന്നു വളര്‍ത്തുന്നവരുണ്ട്. കഴിക്കുന്ന ഭക്ഷണം തൊട്ട് തിരഞ്ഞെടുക്കുന്ന പഠനത്തിലും കരിയറിലുമൊന്നും സ്വാതന്ത്ര്യമില്ലാതെ മാതാപിതാക്കളുടെ ഇഷ്ടം പേറി ജീവിക്കേണ്ടി വരുന്നവര്‍. മറുത്തൊന്നു പറഞ്ഞാല്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കിരയാകുന്നവരുമുണ്ട്. എന്നാല്‍ എന്തു പ്രതിബന്ധങ്ങളെ മറികടന്നും സ്വപ്‌നം കണ്ട കരിയര്‍ സ്വന്തമാക്കണമെന്നു തെളിയിക്കുകയാണ് ഒരു പെണ്‍കുട്ടി. കുട്ടിക്കാലം തൊട്ട് മര്‍ദനങ്ങള്‍ക്കിരയായി വളര്‍ന്ന് വലുതായപ്പോഴും കൂട്ടിനുള്ളില്‍ അടച്ചിട്ടപ്പോള്‍ അവയെല്ലാ തകര്‍ത്തെറിഞ്ഞ് പുറത്തു വന്നതിനെക്കുറിച്ച് പങ്കുവെക്കുകയാണ് രാജസ്ഥാന്‍ സ്വദേശിയായ ഡോ.ഗീതിക ഖന്ധേവാല്‍ എന്ന പെണ്‍കുട്ടി.
പുരുഷാധിപത്യ വ്യവസ്ഥിതിയാണ് തന്റെ ബാല്യവും കൗമാരവുമെല്ലാം ഇല്ലാതാക്കിയതെന്ന് ഗീതിക പറയുന്നു. കുടുംബത്തിലെ ഇത്തരം സംഭവങ്ങള്‍ തുറന്നു പറയാന്‍ പലര്‍ക്കും മടിയാണെന്നും സമൂഹത്തില്‍ നിന്ന് പാട്രിയാര്‍ക്കിയെ പുറംതള്ളാന്‍ ഒറ്റക്കെട്ടായി പരിശ്രമിക്കാമെന്നും ഗീതിക പറയുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെയാണ് ഗീതിക അനുഭവം പങ്കുവെച്ചിരിക്കുന്നത്. കുടുംബമല്ല ആരായാലും പീഡനം പീഡനം തന്നെയാണെന്നും ഗീതിക പറയുന്നു.
കുറിപ്പിലേക്ക്...
പെണ്‍കുട്ടികളെയാണ് ഗര്‍ഭം ധരിച്ചിരിക്കുന്നത് എന്നറിഞ്ഞപ്പോള്‍ രണ്ടുവട്ടം എന്റെ അച്ഛന്‍ അമ്മയെ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചിരുന്നു. അവരുടെ ആദ്യരാത്രി മുതല്‍ ഭക്ഷണം പാകം ചെയ്തത് രുചിയായില്ലെന്നും അദ്ദേഹത്തിന്റെ പണത്തില്‍ കഴിയുന്നുവെന്നുമൊക്കെ പറഞ്ഞ് മര്‍ദിച്ചിരുന്നു. എനിക്ക് നാലുവയസ്സുള്ളപ്പോള്‍ തൊട്ട് എന്നെയും മര്‍ദിച്ചിരുന്നു. എന്നെ ഇടിക്കുകയും മുടി പിടിച്ചു വലിക്കുകയും ചെയ്യും. പക്ഷേ എന്റെ സഹോദരിയേയോ സഹോദരനേയോ അപൂര്‍വമായേ ഉപദ്രവിച്ചിരുന്നുള്ളു. അത് എന്തുകൊണ്ടാണെന്നും എനിക്ക് മനസ്സിലായിരുന്നില്ല.
എനിക്ക് ശാസ്ത്രത്തില്‍ ഉപരിപഠനം നടത്തണമെന്ന് പറഞ്ഞപ്പോഴും മര്‍ദിച്ചു. ഞാന്‍ കൊമേഴ്‌സോ ആര്‍ട്‌സ് വിഷയങ്ങളോ എടുത്താല്‍ മതിയെന്നാണ് പറഞ്ഞത്. എന്നെ നേരത്തെ വിവാഹം കഴിപ്പിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്റെ സഹോദരങ്ങളും എന്നെ പിന്തുണച്ചില്ല. പക്ഷേ ഞാന്‍ നന്നായി പഠിച്ചു. എനിക്ക് ഡോക്ടര്‍ ആകണമെന്നായിരുന്നു ആഗ്രഹം. പരീക്ഷ പാസാവുകയും മുംബൈയിലെ മെഡിക്കല്‍ സ്‌കൂളില്‍ ചേരുകയും ചെയ്തു. സര്‍ക്കാര്‍ സ്‌കൂളായതിനാല്‍ ഫീസ് കുറവായിരുന്നു. എന്റേതായൊരു ഇടം കണ്ടെത്തിയ സന്തോഷത്തിലായിരുന്നു ഞാന്‍. പഠനത്തിനൊപ്പം കായിക മേഖലയിലും സൗന്ദര്യമത്സരങ്ങളിലും പങ്കെടുത്തു.
Thank you all for your love and blessings! Really grateful that you took out time to show love and support and filled my...
Posted by DrGeetika Khandelwal on Saturday, November 28, 2020
പക്ഷേ പഠനശേഷം മുംബൈയില്‍ ജോലി കിട്ടാന്‍ കഷ്ടപ്പെട്ടു. വീട്ടില്‍ തിരിച്ചെത്തിയ ആ കാലത്താണ് എന്റെ ജീവിത്തതിലെ ഏറ്റവും മോശം ദിവസങ്ങളുണ്ടാകുന്നത്. ഞാന്‍ സമ്പാദിക്കുന്നില്ലെന്ന് പറഞ്ഞ് അച്ഛന്‍ മര്‍ദിക്കാന്‍ തുടങ്ങി. ഒരിക്കല്‍ കയ്യിലിരുന്ന പഴം തട്ടിപ്പറിച്ച് സ്വന്തമായി അധ്വാനിച്ച് കഴിക്കൂ എന്നു പറഞ്ഞു. അതെനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അവിടെ നിന്നും പോരുകയും പി.ജിക്കു വേണ്ടി തയ്യാറെടുത്ത എനിക്ക് സ്‌കോളര്‍ഷിപ് ലഭിക്കുകയും ഒപ്പം മോഡലിങ് ആരംഭിക്കുകയും ചെയ്തു.
പക്ഷേ എന്റെ ചിത്രം ഓണ്‍ലൈനില്‍ കണ്ടതോടെ സഹോദരി പ്രശ്‌നമുണ്ടാക്കിത്തുടങ്ങി. അന്ന് കോളേജിലെത്തിയ അച്ഛനും സഹോദരിയും എന്നെ എല്ലാവരുടെയും മുന്നില്‍ വച്ച് മര്‍ദിച്ചു ഞാന്‍ ബാത്‌റൂമിലേക്ക് ഓടിപ്പോയി എന്റെ സുഹൃത്തുക്കളെ വിളിച്ചു. അവര്‍ വന്നാണ് അച്ഛനെയും സഹോദരിയെയും അവിടെ നിന്നും തിരികെ അയച്ചത്. പക്ഷേ എന്റെ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറെ അച്ഛന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതോടെ അദ്ദേഹം എനിക്കൊപ്പം തുടര്‍ന്ന് ജോലി ചെയ്യാന്‍ വിസമ്മതിച്ചു.
പിന്നീട് എന്നെ വീട്ടിലേക്കു വരുത്താന്‍ ഭീഷണിപ്പെടുത്തുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു. ഭീഷണി അതിരുവിട്ടതോടെ പി.ജി കഴിഞ്ഞപ്പോള്‍ വീട്ടിലേക്കെത്തി. പീഡനം തുടര്‍ന്നെങ്കിലും ആരും മറുത്തൊന്നും പറഞ്ഞില്ല. ജോലിക്കായുള്ള കഠിനമായ ശ്രമത്തിനിടെ ആറുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്കൊരു ജോലി കിട്ടി. ഒരുവര്‍ഷത്തിനു ശേഷം ഞാന്‍ മോഡലിങ് ആരംഭിച്ചു. ഇക്കാലമെല്ലാം എന്റെ മാതാപിതാക്കള്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. പക്ഷേ എനിക്ക് കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അവര്‍ക്ക് മറുപടി നല്‍കി.
ദീപാവലിക്ക് വീട്ടില്‍ പോയിരുന്നു. സമ്പാദിക്കുന്നതുകൊണ്ട് അച്ഛന്‍ എന്നെ മര്‍ദിക്കില്ലെന്നാണ് കരുതിയിരുന്നത്. പക്ഷേ എനിക്ക് തെറ്റി. മറ്റൊരു സൗന്ദര്യമത്സര വേദിയില്‍ നിന്നുള്ള ചിത്രം കണ്ടതോടെ വീണ്ടും പ്രശ്‌നമായി. അച്ഛനും സഹോദരനും മുടിപിടിച്ചു വലിച്ച് നിലത്തേക്ക് തള്ളിയിട്ട് മര്‍ദിച്ചു. എന്റെ അമ്മയും സഹോദരിയും നിശബ്ദം ഇതെല്ലാം നോക്കിനിന്നു. അങ്ങനെ അയല്‍പക്കത്തുള്ളവര്‍ വന്ന് എന്നെ രക്ഷിച്ചു.
അന്ന് അവരിലൊരാള്‍ക്കൊപ്പം പോയ ഞാന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അമ്മയോട് എനിക്കൊപ്പം വരുന്നോ എന്നു ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ ബാഗും പാക് ചെയ്ത് മുംബൈയിലേക്ക് വന്നു. ജോലിയും കായികമേഖലയും ഒരു അനാഥാലയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി സജീവമായി. അവരെക്കുറിച്ചു ചിന്തിക്കുമ്പോള്‍ വേദനിക്കും. പക്ഷേ എനിക്ക് മതിയായി. ഇനി ആ വീട്ടിലേക്ക് കയറില്ലെന്ന് ഞാന്‍ എനിക്ക് സത്യം ചെയ്തു. കാരണം കുടുംബമായാലും അല്ലെങ്കിലും പീഡനം പീഡനം തന്നെയാണ്. ഇനി അതു സഹിക്കാനാവില്ല.
Content Highlights: dr Geetika facebook note about patriarchy and abuse from father