എത്ര തുഴഞ്ഞാലും കരകാണാത്തൊരു കടൽപോലെയാണ് ബിന്ദുവിന് തന്റെ ജീവിതം. ഇതുവരെ കണ്ടുമരവിച്ച കാഴ്ചകളും കടന്നുവന്ന വഴികളും
മൂലമാകാം മനസ്സിനിത്ര ധൈര്യം കൈവന്നത്. കൊടുങ്ങല്ലൂരിലേതടക്കമുള്ള നാലിലധികം പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ ബിന്ദു എന്ന ഫോട്ടോഗ്രാഫറുടെ സെൽഫോണിലേക്ക് പലദിവസങ്ങളിലും രാത്രി, പകൽ ഭേദമെന്യേ വിളികൾ വരും.  നഗരത്തിലുള്ള അനേകം സ്റ്റുഡിയോകളിലെ ഫോട്ടോഗ്രാഫർമാരിൽ പലരും എടുക്കാൻ മടിക്കുന്ന ചിത്രങ്ങളാണ് ഈ വനിതാ ഫോട്ടോഗ്രാഫറിൽനിന്ന് പോലീസ് ഡിപ്പാർട്ട്‌മെന്റിന് ആവശ്യം. 
പലയിടങ്ങളിലും ചെന്നെത്തി ബിന്ദുവിന് ക്യാമറയിൽ പകർത്തേണ്ടുന്നത് മൃതദേഹങ്ങളുടെ ചിത്രങ്ങളാണ്!

അതിൽ ഒരുനിമിഷംപോലും നോക്കിനിൽക്കാനാകാത്തത്രയും വികൃതമായവയും ദിവസങ്ങളോളം പഴക്കംചെന്നവയും കാണും. വർഷങ്ങളായി ഒരു മടിയുംകൂടാതെ അത്തരം ചിത്രങ്ങൾ ബിന്ദു പകർത്തുന്നു.  ആയിരത്തിലേറെ വരുന്ന ജീവനറ്റ ശരീരങ്ങളുടെ ചിത്രങ്ങൾ തന്റെ ശേഖരത്തിൽ തെളിവുകളെന്നോണം സൂക്ഷി ച്ചുെവച്ചിരിക്കുന്നു.  നാട്ടിൻപുറത്തുകാരിയായ ഒരു പെൺകുട്ടിക്ക് ഇത്തരം ചിത്രമെടുപ്പിനുള്ള ചങ്കൂറ്റമെങ്ങനെ കൈവന്നുവെന്ന് തെല്ല് ആശ്ചര്യത്തോടെ തിരക്കുന്നവർക്ക് കൊടുക്കാൻ ഒറ്റവാക്കിൽ പറയാവുന്നൊരു ഉത്തരമേയുള്ളു ഈ ഫോട്ടോഗ്രാഫറുടെ പക്കൽ: തന്റെ ജീവിതം. 

മതിലകത്തിനടുത്തുള്ള തീരദേശഗ്രാമമായ കൂളിമുട്ടത്ത് വല്ലാർവട്ടം വേലായുധന്റെ നാലുപെൺമക്കളിൽ ഒരാളായാണ് ബിന്ദുവിന്റെ ജനനം.  ഒരാങ്ങളയും കൂട്ടിനുണ്ട്.  കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ബാല്യം. പഠിക്കാൻ മിടുക്കിയായിരുന്നു. പക്ഷേ, ചോദ്യപ്പേപ്പറുകളിലുള്ളതിനേക്കാൾ വലിയ ചോദ്യം സ്വന്തം ജീവിതംതന്നെയായപ്പോൾ പഠനം പാതിവഴിയിൽ  അവസാനിപ്പിക്കേണ്ടി വന്നു.  പിന്നീട് മതിലകം അങ്ങാടിയിൽ സ്റ്റുഡിയോ നടത്തിയിരുന്ന കുടുംബസുഹൃത്തുകൂടിയായ ഷാഹുൽ ഹമീദിന്റെ കീഴിൽ ഫോട്ടോഗ്രാഫി പഠിക്കാൻ സഹായിയായി ചേർന്നു.  ഫിലിമിൽ ചിത്രങ്ങൾ പകർത്തിയിരുന്ന ആ ‘ഡാർക്ക്‌റൂം’ കാലത്ത് ഒരു ഫോട്ടോഗ്രാഫറായിത്തീരുന്നതിന് കടമ്പകളേറെയായിരുന്നു.  എങ്കിലും ഒരു സ്ത്രീയെന്ന പരിഗണനയോടെ അദ്ദേഹം ദൃശ്യകലയുടെ അറിവുകൾ പകർന്നുകൊടുത്തു.  

Bindu
ബിന്ദു മക്കള്‍ക്കൊപ്പം

സ്റ്റുഡിയോയ്ക്കകത്തും പുറത്തും ഷാഹുൽ ഹമീദ് എടുക്കുന്ന ചിത്രങ്ങൾ പ്രിന്റുകളാക്കാനുള്ള ഉത്തരവാദിത്വം ബിന്ദുവിനും മറ്റ് സഹായികൾക്കുമായിരുന്നു. പലപ്പോഴും തൊട്ടടുത്ത സ്റ്റേഷനിലെ പോലീസുകാർ ആവശ്യപ്പെട്ടതനുസരിച്ച് എടുത്തിട്ടുള്ള ചിത്രങ്ങളും അതിൽ കാണും. കുറ്റവാളികളുടെയും ദുർമരണം സംഭവിച്ചവരുടെയും ചിത്രങ്ങളായിരുന്നു അവ. ഡാർക്ക് റൂമിലെ മങ്ങിയ വെളിച്ചത്തിൽ  ആ ചിത്രങ്ങൾ മെല്ലെ തെളിഞ്ഞുവരുമ്പോൾ അതിലേക്കൊന്ന് നോക്കാ നാകാതെ എത്രയോവട്ടം താൻ കണ്ണുകൾപൊത്തി നിന്നിട്ടുണ്ടെന്ന് ബിന്ദു ഓർക്കുന്നു.  

ഫോട്ടോഗ്രാഫിപോലും വേണ്ടെന്ന് തോന്നിപ്പിക്കുന്ന നാളുകളായിരുന്നു അവ.  എന്നാൽ, പിൻതിരിഞ്ഞുനടക്കാവുന്നൊരു ജീവിതാവസ്ഥയായിരുന്നില്ല ആ പെൺകുട്ടിയുടേത്. അക്കാലത്തെ ജീവിതത്തിനിടയിൽ മറക്കാനാവാത്ത ഒരു സംഭവവുമുണ്ടായി.  ഒരു ദിവസം പോലീസ്‌സ്റ്റേഷനിൽനിന്ന്‌ വിളിവന്നപ്പോൾ മറ്റുജോലികൾ ചെയ്തുകൊണ്ടിരുന്ന ഷാഹുൽ ഹമീദ് ക്യാമറയെടുത്ത് അവളുടെ കൈയിൽ കൊടുത്തിട്ട് ഫോട്ടോ എടുക്കാൻ പുറപ്പെടാൻ നിർദേശിച്ചു.  

ജീവിതത്തിലാദ്യമായി അന്നാണ് ബിന്ദു പോലീസ്‌സ്റ്റേഷനിൽ കയറുന്നത്. ക്യാമറയുംതൂക്കി വന്ന പെൺകുട്ടിയെ കണ്ടപ്പോൾ ഒരു പോലീസുകാരൻ അടുത്തമുറിയിലെ മൂലയി ൽനിന്നിരുന്ന തമിഴ്‌സ്ത്രീയെ ചൂണ്ടി അവരുടെ ചിത്രമാണ് എടുക്കേണ്ടതെന്ന് പറഞ്ഞു.  ആ സ്ത്രീ ഒരു മാലമോഷ്ടാവായിരുന്നു!  
പരിഭ്രമം മറച്ചുവെച്ച് ഒരുവിധം ചിത്രങ്ങൾ എടുത്തശേഷം സ്റ്റുഡിയോവിലേക്ക് എത്താറായപ്പോഴാണ് ഒരു സത്യം തിരിച്ചറിഞ്ഞത്.  ചിത്രമെടുത്തപ്പോൾ ഫ്ളാഷ് ഓൺചെയ്യാൻ മറന്നുപോയിരുന്നു. ഉള്ളിലൂടെ ഒരാന്തൽ കടന്നുപോയി.  ഉടൻതന്നെ സ്റ്റേഷനിലേക്ക് തിരികെയോടി.  

അവിടെയെത്തിയപ്പോൾ കണ്ടത് ആ സ്ത്രീയെ കയറ്റിയ ജീപ്പുമായി കടന്നുപോകുന്ന പോലീസുകാരെയാണ്.  ഒരുവിധം കൈകാണിച്ച് വണ്ടി നിർത്തിയശേഷം കാര്യമവതരിപ്പിച്ചു.  ഫ്ളാഷോടുകൂടി വീണ്ടും പകർത്തിയ ചിത്രങ്ങൾ പ്രിന്റി ങ്പേപ്പറിൽ ശരിയായി തെളിഞ്ഞുവരുന്നതുവരെ മനസ്സ് അശാന്തമായിരുന്നു. താൻ ആദ്യമായെടുത്ത ചിത്രങ്ങൾ കൈയിലെടുത്ത് ഫോട്ടോഗ്രാഫിയിലെ ഗുരു ചെറുതായൊന്ന് ചിരിച്ചു. അതായിരുന്നു തനിക്കാദ്യമായി ലഭിച്ച അംഗീകാരമെന്ന് ബിന്ദു പറയുന്നു.  

മോഷ്ടാവിന്റെ ഫോട്ടോഗ്രാഫറിൽനിന്ന് അധികം കഴിയുംമുമ്പേ ബിന്ദുവിന് മൃതദേഹത്തിന്റെ ഫോട്ടോഗ്രാഫർ എന്ന നിലയിലേക്ക് ‘ഉദ്യോഗക്കയറ്റം’ കിട്ടി. ഒരു ദിവസം സ്റ്റുഡിയോയിൽ തനിയെ ജോലികൾ ചെയ്തുകൊണ്ടിരിക്കെ ഫോണിലേക്ക് ഷാഹുൽ ഹമീദിന്റെ വിളിവന്നു.  സ്റ്റേഷൻ പരിധിയിലെവിടെയോ ഒരു ദുർമരണം സംഭവിച്ചിട്ടുണ്ടെന്നും  എത്രയുംവേഗം ചെന്ന് അതിന്റെ ചിത്രമെടുത്ത് കൊടുക്കണമെന്നുമായിരുന്നു നിർദേശം.

ചോരകണ്ടാൽ തലകറങ്ങിവീഴുന്ന, മരണവീടുകളിൽപ്പോലും പോകാൻ ഭയപ്പെട്ടിരുന്ന തന്റെയവസ്ഥ അറിയാവുന്ന രീതിയിൽ വിവരിക്കാൻ ബിന്ദു ശ്രമിച്ചു. എന്നാൽ, അങ്ങേത്തലയ്ക്കൽനിന്ന്  അതിന്‌ മറുപടി ഗുരുവിന്റെ ശകാരമായിരുന്നു.  മാത്രമല്ല, സ്റ്റുഡിയോക്കുമുന്നിൽ ഫോട്ടോഗ്രാഫറെ തിരക്കിയെത്തിയ പോലീസ്ജീപ്പിന്റെ ശബ്ദവും കേട്ടുതുടങ്ങി. 

സംഭവസ്ഥലത്തേക്കുള്ള യാത്ര തികച്ചും യാന്ത്രികമായിട്ടായിരുന്നു. അവിടെയെത്തിയപ്പോൾ കണ്ടത് കുളത്തിൽ മുങ്ങിമരിച്ച ഒരു കുട്ടിയുടെ മരവിച്ച ശരീരം! ആളുകൾക്കിടയിൽ അലമുറയിട്ടുകരയുന്ന ബന്ധുക്കൾ. ക്യാമറ ഫോക്കസ് ചെയ്യാൻപോലുമാകാതെ ഫോട്ടോഗ്രാഫർ വിറച്ചുനിന്നു. കണ്ണുകൾ നിറഞ്ഞ് കാഴ്ചമങ്ങി. എങ്കിലും ഒരുവിധം ചിത്രങ്ങൾ പകർത്തി. തിരികെപ്പോരാൻ ജീപ്പിലിരുന്നപ്പോഴും ആ കുഞ്ഞുജഡം ഉള്ളിൽ പൊന്തിക്കിടന്നു. മുഖംപൊത്തി കുറേ കരഞ്ഞ് ആ സങ്കടം അലിയിച്ചു. സ്വയം ശാസിച്ചു: അരുത്, ഈ ജോലിയിൽ തുടരണമെങ്കിൽ കരയരുത്!  

കാലം കടന്നുപോയി.  ഒരു ഫോട്ടോഗ്രാഫറെന്ന തൊഴിലുമായി ജീവിക്കാനാകുമെന്ന് സ്വയം തോന്നിത്തുടങ്ങിയ നാളുകളിലൊന്നിലാണ് ഒട്ടും പ്രതീക്ഷിക്കാതെ ഒരാൾ ബിന്ദുവിെന്റ ജീവിതത്തിലേക്ക് കടന്നുവന്നത്. 2005-ലായിരുന്നു വിവാഹം. സ്റ്റുഡിയോയ്ക്കുള്ളിലെ ഇരുണ്ട ഇടങ്ങളിൽനിന്ന് വെളിച്ചവും നിറങ്ങളുമുള്ള മറ്റൊരു ലോകം! സന്തോഷത്തിന്റെ ആ നാളുകളിൽ ആദ്യം പിറന്ന കുഞ്ഞിന് വിഷ്ണുപ്രിയ എന്നുപേരിട്ടു.  

ഫോട്ടോഗ്രാഫിയോട് താത്‌കാലികമായി വിടപറഞ്ഞ സമയം. എന്നാൽ, ജീവിതത്തിന്റെ ഗതിമാറാൻ അധികനാൾ വേണ്ടിവന്നില്ല.  രണ്ടാമതായി പിറന്ന പെൺകുഞ്ഞിന് ഓട്ടിസമെന്നരോഗാവസ്ഥയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അതുവരെ കഠിനമാക്കിെവച്ച മനസ്സ് പതറി. തന്നാലാകുന്ന സ്നേഹപരിചരണങ്ങൾ രണ്ടുകുഞ്ഞുങ്ങൾക്കും ഒരുപോലെ പകുത്തുനൽകി ബിന്ദു പിടിച്ചുനിന്നു. 

ആസ്പത്രികളിലേക്കുള്ള നിരന്തരയാത്രകളുടെ കാലമായിരുന്നു അത്. ഒരു തുണ്ടുഭൂമിവാങ്ങി ചെറിയൊരു വീടുവെക്കുകയെന്ന ആഗ്രഹം ബാക്കിയുണ്ടായിരുന്നു. അതിനായി തനിക്കറിയാവുന്ന ജോലി വീണ്ടും ചെയ്യാനുള്ള ശ്രമംതുടങ്ങി. ഇതിനിടെ ദൂരസ്ഥലങ്ങളിൽ  ജോലിചെയ്തിരുന്ന ഭർത്താവ് തന്നെയും കുട്ടികളെയും കാണാനെത്തുന്ന ഇടവേളകൾ കൂടിവന്നു. അധികം വൈകാതെ തന്നെ തകർത്തുകളയുന്ന ഒരു വാർത്ത ചെവിയിലെത്തി. താൻ ദൈവത്തെപ്പോലെ കരുതിയിരുന്ന ഭർത്താവ് തന്നെയും കുട്ടികളെയും മറന്ന് മറ്റൊരു ജീവിതം തുടങ്ങിയിരിക്കുന്നു!

എങ്കിലും കേട്ടതെല്ലാം വലിയൊരു നുണയാകണേയെന്ന് ദൈവത്തോട് നെഞ്ചുരുകി പ്രാർഥിച്ചു. പക്ഷേ, പോലീസുകാർതന്നെ ബിന്ദുവിനെ വിളിച്ചുവരുത്തി സംഭവം സ്ഥിരീകരിച്ചു. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നാളുകൾ.  എന്നാൽ, കുട്ടികളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ജീവിക്കാൻതന്നെയാണ് ബിന്ദു തീരുമാനിച്ചത്.  പരിചയക്കാരായ പോലീസുകാരുടെ സഹായത്തോടെ പുതിയൊരു ക്യാമറ സംഘടിപ്പിച്ച് ജോലിയിലേക്ക് തിരിഞ്ഞത് പലതും മറക്കാൻ കൂടിയായിരുന്നു.  

എല്ലാമുപേക്ഷിച്ച് കടന്നുപോയ ഭർത്താവിന്റെ വൃദ്ധയായ അമ്മയെയും ബിന്ദു തന്റെ വാടകവീട്ടിൽ സ്വന്തം അമ്മയെപ്പോലെ ഇന്നും സംരക്ഷിക്കുന്നു.  15 വർഷത്തിലേറെയായുള്ള ഫോട്ടോഗ്രാഫി ജീവിതത്തിൽ ഏറിയപങ്കും പോലീസ്‌സ്റ്റേഷനുമായി ബന്ധപ്പെട്ടതുതന്നെ.  പകർത്തിയതിലധികവും ഒന്നോർക്കാൻപോലും തോന്നാത്ത തരത്തിലുള്ള ദൃശ്യങ്ങളും. അതിൽ 23 ദിവസം പഴക്കംചെന്ന ഒരു മൃതശരീരത്തിന്റെ ചിത്രമെടുക്കാൻ പോയിവന്ന അനുഭവം സഹിക്കാവുന്നതിനപ്പുറമായിരുന്നു.  

വീട്ടിലെത്തിയശേഷം ഭക്ഷണത്തിൽ കൈവെക്കുമ്പോൾ പാത്രത്തിൽ നിറയെ പുഴുക്കളെന്നുതോന്നി.  മറ്റൊരിക്കൽ ബസ്സിനടിയിൽപ്പെട്ട് മരിച്ച ഒരു സ്ത്രീയുടെ ശരീരം പോസ്റ്റുേമാർട്ടം ചെയ്യുന്നത് ചിത്രീകരിക്കേണ്ടിവന്നു.  അവിടെയെത്തിയപ്പോളാണറിഞ്ഞത് ആ സ്ത്രീ തനിക്കേറെ പരിചയമുള്ള ആളായിരുന്നുവെന്ന്.  അവരുടെ ശരീരത്തിൽ കത്തിവെക്കുന്ന കാഴ്ചകൾ പകർത്തേണ്ടിവന്നത് മരവിച്ച മനസ്സുമായിട്ടായിരുന്നു.  പിന്നീട് അത്തരം അനുഭവങ്ങൾ ജോലിയുടെ ഭാഗമായിമാറി. മനസ്സ് പൊരുത്തപ്പെടാനും തുടങ്ങി. 

കൊടുങ്ങല്ലൂർ ക്ഷേത്രപരിസരത്തുള്ള കലാസദൻ എന്ന സ്ഥാപനത്തിലെ ജീവനക്കാരികൂടിയാണ് ബിന്ദു. അതൊരു താത്‌കാലിക തണൽമാത്രം. വിവാഹച്ചടങ്ങുകൾ ചിത്രീകരിക്കേണ്ടതുൾപ്പെടെയുള്ള ചില ജോലികൾ അവിടേക്ക് അവരെത്തേടിയെത്താറുമുണ്ട്. എങ്കിലും മുടങ്ങാതെയെത്തുന്ന വിളികൾ പോലീസ് സ്റ്റേഷനുകളിൽ നിന്നുതന്നെ. തന്റെ അവസ്ഥകളറിഞ്ഞ് സഹായിക്കുന്ന കാക്കിയിട്ട കുറേ നല്ല മനുഷ്യരോടും  തന്റെ അസാന്നിധ്യത്തിൽപ്പോലും ഇളയമകളെ പരിചരിക്കാനെത്തുന്ന പൊയ്യയിലെ അൽഫോൺസ ഗ്രിലോ കോൺവെന്റിലെ കന്യാസ്ത്രീകളോടുമുള്ള കടപ്പാടുകൾ എത്രപറഞ്ഞാലും തീരാത്തതിനപ്പുറമാണ്. 

സ്വന്തമായി ഒരു കൊച്ചുവീട് എന്നത് പണ്ടെങ്ങോ കണ്ടുമറന്നൊരു സ്വപ്നം മാത്രമായി ഈ ഫോട്ടോഗ്രാഫർക്ക്. ജീവിതമെന്ന പൊള്ളുന്ന യാഥാർഥ്യത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ഒരു ഇടവേളപോലുമെടുക്കാതെ ആവുന്നത്ര ജോലികൾ ചെയ്തുതീർത്തശേഷം നഗരത്തിലെ തിരക്കിനിടയിലൂടെ തന്റെ സ്കൂട്ടറിൽ വീട്ടിലേക്ക് പാഞ്ഞുപോകുന്ന ബിന്ദു നഗരത്തിലെ ഒരു പതിവുകാഴ്ചയാണ്. ഇടയ്ക്കെല്ലാം ചിലർ തന്റെ അതിവേഗത്തെക്കുറിച്ച് ഉപദേശിക്കാറുമുണ്ട്. എന്നാൽ, അവരിൽ പലർക്കുമറിയില്ലല്ലോ ദിവസം മുഴുവൻ കട്ടിലിൽ കഴിയേണ്ടിവരുന്ന തന്റെ ഇളയമകളെക്കുറിച്ചും  സ്കൂളിൽ നിന്നെത്തിയശേഷം അവൾക്ക് കാവലിരിക്കുന്ന ചേച്ചിയെക്കുറിച്ചും.  തന്റെ വരവും  കാത്തിരിക്കുന്ന അവരെയൊന്ന് ചേർത്തുപിടിക്കുന്നതുവരെ ഉള്ളിലെരിയുന്നത് കനലാണ്.  

അതുപറയുമ്പോൾ ബിന്ദുവിന്റെ വാക്കുകൾ മുറിഞ്ഞു, കണ്ണുകൾ നിറഞ്ഞു.  ജീവിതത്തിൽ തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത ഈ ഫോട്ടോഗ്രാഫർക്ക് തന്റെ ക്യാമറ, ചിത്രമെടുക്കാനുള്ള കേവലമൊരു ഉപകരണം മാത്രമല്ല,  വിധിക്കുനേരേ പൊരുതാനുള്ള ഒരായുധംകൂടിയാണ്. അതുകൊണ്ട് മറ്റുഫോട്ടോഗ്രാഫർമാരിൽനിന്ന് കേൾക്കാൻ സാധ്യമല്ലാത്തൊരു നിർദേശം ബിന്ദുവിന്റെ ജീവിതം നമുക്കുനേരേ നീട്ടുന്നു: ഡോണ്ട് സ്മൈൽ പ്ളീസ്! 
മൃതദേഹങ്ങളോട് അത് പ്രത്യേകിച്ച് പറയേണ്ടതില്ല. എന്നാൽ, എന്തുകണ്ടാലും ചിരിക്കുന്ന ജീവിച്ചിരിക്കുന്നവരോട് അത് പറഞ്ഞേതീരൂ!
mailkrsunil@gmail.com