കൊച്ചി: ''ആദ്യമൊക്കെ പരിചയക്കാര്‍ക്ക് അംഗീകരിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ ഞാനതു ശ്രദ്ധിക്കാതെയായി. ഇഷ്ടജോലിയുമായി മുന്നോട്ടു പോകുന്നതില്‍ എനിക്ക് സന്തോഷവും വീട്ടുകാരുടെ പിന്തുണയുമുണ്ട്'' - അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളേജില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സ് ബിരുദം പൂര്‍ത്തിയാക്കി ക്യാമറയും എടുത്തിറങ്ങിയപ്പോള്‍ മുതല്‍ സ്വന്തം ഇഷ്ടങ്ങള്‍ തേടിയുള്ള യാത്രയിലാണ് ദിയ ജോണ്‍സണ്‍. എട്ടാം ക്ലാസ് മുതല്‍ ക്യാമറയാണ് ഈ പെണ്‍കുട്ടിയുടെ ഇഷ്ടങ്ങളില്‍ ഒന്നാമത്. പഠനത്തിരക്കുകള്‍ക്കിടയിലും ക്യാമറ ക്ലിക്കുകള്‍ അവളുടെ മനസ്സിലുണ്ടായിരുന്നു. യാത്രകളും യാത്രകളിലെ ഓര്‍മകള്‍ ശേഖരിക്കുന്നതും ദിയയുടെ ഇഷ്ടങ്ങളായി. ഇന്ന് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറും റെയ്സിന്‍ ആര്‍ട്ടിസ്റ്റുമാണ് ദിയ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Diya Johnson (@nyt_owl93)

യാത്രകള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഓര്‍മകള്‍ക്കായി വ്യത്യസ്തമായ എന്തും ശേഖരിക്കുകയെന്ന സ്വഭാവവും അവള്‍ ആരംഭിച്ചു. ഇലകള്‍, പൂക്കള്‍, കക്കകള്‍, ഭംഗിയുള്ള കല്ലുകള്‍... അങ്ങനെ എന്തും ദിയ ശേഖരിച്ചു. കൂട്ടുകാരോടൊത്ത് പോകുമ്പോള്‍ ദിയയെ കാണാതായാല്‍ അവര്‍ക്കറിയാം, അവള്‍ ഓര്‍മകള്‍ 'ഉപ്പിലിടാനു'ള്ള ഒരുക്കത്തിലാണെന്ന്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Diya Johnson (@nyt_owl93)

'റെയ്സിന്‍ ആര്‍ട്ട്' തുടങ്ങിയ ശേഷമാണ് കൂട്ടുകാര്‍ ഈ 'ഉപ്പിടല്‍' പ്രയോഗം ആരംഭിച്ചതെന്ന് ദിയ പറയുന്നു. റെയ്സിന്‍ ആര്‍ട്ടിനായി പൂക്കള്‍ ഉണക്കിയെടുക്കാന്‍ ഉപയോഗിക്കുന്ന സില്‍ക്കണ്‍ പൗഡര്‍ ഉപ്പുപോലെയാണ് കാണാന്‍. ഇതു കണ്ട ശേഷമാണ് കൂട്ടുകാര്‍ ഇത്തരമൊരു കമന്റ് പറഞ്ഞു തുടങ്ങിയത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Diya Johnson (@nyt_owl93)

ഊട്ടിയിലെ 'ലൈറ്റ് ആന്‍ഡ് ലൈഫ്' അക്കാദമിയില്‍നിന്ന് ഫോട്ടോഗ്രഫി പഠിച്ചാണു ദിയ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ആയത്. ആദ്യമൊക്കെ ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പിന്നീട് ഓരോ ഇവന്റുകള്‍ ലഭിച്ചു തുടങ്ങിയപ്പോള്‍ പതുക്കെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമായിത്തുടങ്ങി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Diya Johnson (@nyt_owl93)

കാന്‍ഡിഡ് വെഡ്ഡിങ്, ഫാഷന്‍, ന്യൂബോണ്‍-മെറ്റേണിറ്റി ഫോട്ടോ ഷൂട്ടുകളെല്ലാം ഈ കൈകളില്‍ ഭദ്രം. കുഞ്ഞുങ്ങളുടെ ഫോട്ടോ എടുക്കാനാണ് ഏറെ താത്പര്യം. കുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോഴാണ് അവരുടെ മുഖത്ത് ഏറെ ഭാവങ്ങള്‍ വിടരുക. അവ പകര്‍ത്തുമ്പോള്‍ കിട്ടുന്ന സന്തോഷം മറ്റൊന്നിനും പകരം വയ്ക്കാനാവില്ലെന്ന് ദിയ പറയുന്നു. റെയ്സിന്‍ ആര്‍ട്ടിനും ആരാധകര്‍ ഏറെയാണ്. ആഭരണങ്ങള്‍ ഉണ്ടാക്കിയാണ് ദിയ ഈ രംഗത്തെത്തുന്നത്. പിന്നീട് സുഹൃത്തുക്കള്‍ക്ക് ഉണ്ടാക്കി നല്‍കി. ഇന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഒട്ടേറെപ്പേര്‍ റെയ്‌സിന്‍ ആര്‍ട്ട് തേടിയെത്തുന്നു. ഹോം ഡെക്കറുകള്‍, ആഭരണങ്ങള്‍, മെമ്മറി പോട്ടുകളുമെല്ലാം ഉണ്ടാക്കുന്നു. ഓര്‍മകള്‍ നിറയ്ക്കുന്ന ഫോട്ടോഗ്രഫിയും വാടാത്ത ഓര്‍മകള്‍ സമ്മാനിക്കുന്ന റെയ്സിന്‍ ആര്‍ട്ടുമാണ് ഈ പെണ്‍കുട്ടിയുടെ കൈകളിലുള്ളത്.

Content Highlights: Diya johnson resin artist and Photographer