ജാതി, വര്‍ണം, വൈകല്യങ്ങള്‍, ഭാഷ.. അങ്ങനെ വിവേചനങ്ങള്‍ എല്ലാം അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം ലോകമെങ്ങും ഉയരുമ്പോഴാണ് ലണ്ടന്‍ ഫാഷന്‍ വീക്കിന്റെ കാസ്റ്റിങ് കോളില്‍ നിന്ന് ഒരു മോശപ്പെട്ട അനുഭവത്തിന്റെ കഥ പുറത്തു വരുന്നത്. കൈയ്ക്ക് വൈകല്യമുള്ളതിന്റെ പേരില്‍ പുറത്താക്കപ്പെടുകയായിരുന്നു ജ്യൂ സ്‌നെല്‍ എന്ന മോഡല്‍. റിക്രൂട്ട്‌മെന്റ് നടത്തുന്നിടത്തെ മാനേജര്‍ മാറിനില്‍ക്കൂ എന്ന് തന്നെ പരിഹസിച്ചെന്നാണ് ജ്യൂ  ഇന്‍ഡിപെന്‍ഡന്റിന് നല്‍കിയ അഭിമുഖത്തില്‍ ജ്യൂ സ്നെൽ പറയുന്നത്.

നൂറ്കണക്കിന് മോഡലുകള്‍ വരി നില്‍ക്കുന്ന ഒരു മേശയുടെ മുന്നില്‍ നിന്ന് ഒരു സ്ത്രീ എന്റെ വൈകല്യമുള്ള കൈയില്‍ പിടിച്ച് ഉയര്‍ത്തിയ ശേഷം, വൈകല്യമുള്ളവരെ ഞങ്ങള്‍ എടുക്കുന്നില്ല, മാറി നില്‍ക്കൂ എന്ന് പറഞ്ഞതായാണ് ജ്യൂ വെളിപ്പെടുത്തിയത്. 

പലതരം ശാരീരിക വൈകല്യമുള്ളവര്‍ക്കായി ഫാഷന്‍ ഷോകളിലും മറ്റും പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യലിസ്റ്റ് ടാലന്റ് ഏജന്‍സിയായ സെബെഡീ മാനേജ്‌മെന്റ് ഈ സംഭവം റെക്കോര്‍ഡ് ചെയ്തിരുന്നു. പ്രമുഖ ബ്രാന്‍ഡായ ഗൂചിയുടെ ആദ്യത്തെ ഡൗണ്‍ സിന്‍ഡ്രം ബാധിതയായ മോഡല്‍ എല്ലേ ഗോള്‍ഡ്‌സ്റ്റീന് അവസരമൊരുക്കിയത് ഈ ഏജന്‍സിയായിരുന്നു. 

2015 ല്‍ ഒരു അപകടത്തിലാണ് ജ്യൂവിന്റെ ഇടതു കൈ പകുതി നഷ്ടമായത്. മാര്‍ച്ചില്‍ നടന്ന ഫാഷന്‍ സ്‌കൗട്ടിന്റെ കാസ്റ്റിങ്ങില്‍ ഈ നാല്‍പത്തൊന്നുകാരി മോഡല്‍ പങ്കെടുത്തിരുന്നു. അന്ന് 'ഇതെന്താണ്' എന്ന ചോദ്യമാണ് തന്റെ കൈ നോക്കി റിക്രൂട്ടര്‍ ചോദിച്ചതെന്നും ജ്യൂ പറയുന്നു.

'ഞാന്‍ ഒരുപാട് കഷ്ടതകള്‍ സഹിച്ചുകഴിഞ്ഞു. ഞാന്‍ വ്യത്യസ്തയാണെന്നും കൊള്ളില്ലാത്തവളാമെന്നും ഇവര്‍ തോന്നിച്ചതുപോലെ ഒരിക്കലും ഒരിടത്തു നിന്നും ഞാന്‍ അനുഭവിച്ചിട്ടില്ല.' രണ്ട് മക്കളുടെ അമ്മകൂടിയായ ജ്യൂ പറയുന്നത് ഇങ്ങനെ.

ഈ സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി ഫാഷന്‍ സ്‌കൗട്ട് രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ നടത്തുന്ന പരിപാടികളില്‍ ഇത്തരം വിവേചനം അനുവദിക്കില്ലെന്നും അവര്‍ പറയുന്നു. ജ്യൂവിനുണ്ടായ വിഷമത്തില്‍ അവര്‍ ക്ഷമയും പറയുന്നുണ്ട്. ലണ്ടന്‍ ഫാഷന്‍ വീക്കിന് വേണ്ടി ഡിസൈനേഴ്‌സിന് ഓഫ് ഷെഡ്യൂള്‍ ഷോകള്‍ ഒരുക്കുകയാണ് ഫാഷന്‍ സ്‌കൗട്ട് ചെയ്യുന്നത്‌.

Content Highlights: Disabled model reportedly told to move on during casting call