കോട്ടയം: ചുരുങ്ങിയ സമയത്തിനുള്ളിൽ പത്തോളം ചലച്ചിത്രമേളകളിൽ ‘റിക്റ്റർ സ്‌കെയിൽ 7.6’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായം. സിനിമയിലൂടെ കെ.ജെ.ജീവ മികച്ച സംവിധായികയായും തിരഞ്ഞെടുക്കപ്പെട്ട് മുന്നേറിയിരുന്നു. കോട്ടയം സ്വദേശിയായ ജീവ ‘റിക്റ്റർ സ്‌കെയിൽ 7.6’ എന്ന സിനിമ സംവിധാനം ചെയ്യുമ്പോൾ പുതുമയുള്ള വേറിട്ട വഴി ഉറപ്പിക്കാൻ ശ്രമിച്ചു.

കുടിയൊഴിക്കപ്പെട്ടവരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. ഭൂരഹിതരായവരുടെയും ഭൂരഹിതരാക്കപ്പെട്ടവരുടെയും കഥയിൽ ഒരച്ഛനെയും മകനെയുമാണ് ജീവ പകർത്തിയത്. ലോകത്ത് പാർശ്വവത്‌കരിക്കപ്പെട്ടവരുടെ പ്രധാന പ്രശ്‌നം ഭൂമിയാണ്. ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും ഇത്തരം ജനങ്ങൾ കുടുതലും ദളിത് സമൂഹമാണെന്നതാണ് സിനിമയിലൂടെ വെളിച്ചംകാണുന്നത്. രണ്ടുതലമുറ ഭൂമിയോട് കാട്ടുന്ന രണ്ടുതരം സമീപനം. പുതുതലമുറ വഴിയും വെളിച്ചവുമില്ലാത്ത കുഞ്ഞുഭൂമിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് അവർ പുതിയ ലോകം സ്വപ്‌നം കാണുന്നതുകൊണ്ടാണെന്ന് ‘റിക്ടർ സ്‌കെയിലി’ൽ പറയുന്നു. നിലവിളിക്കുന്ന ദളിതനെ സിനിമകളിൽ കാണാൻ ആർക്കാണ് താത്പര്യം? എന്ത് പ്രശ്‌നം വന്നാലും ഉയർത്തെഴുന്നേൽക്കപ്പെടാനുള്ള ആർജവമുണ്ട് ദളിത് ജനവിഭാഗങ്ങൾക്ക്. അതുകൊണ്ട്‌ ആ ദളിതന്റെ കഴിവാണ് സിനിമയിൽ അവതരിപ്പിക്കേണ്ടതെന്നാണ് ജീവയുടെ വിശ്വാസം. ഏതെങ്കിലും വിധത്തിൽ പ്രചോദിപ്പിക്കുന്ന ഘടകം കൊണ്ടുവരാൻ സാധിക്കണം. അതുകൊണ്ടാണ് തമിഴ് സിനിമയിൽ ദളിത് പ്രമേയങ്ങൾ കൂടുതൽ ചർച്ചചെയ്യപ്പെടുന്നതും മലയാളസിനിമയിൽ അതേ പ്രമേയങ്ങൾ എതിർക്കപ്പെടുകയും ചെയ്യുന്നതെന്നും ജീവ പറയുന്നു.

സിനിമ കണ്ടുകണ്ടാണ് ജീവ സിനിമ തിരിച്ചറിഞ്ഞത്. ആ ഇഷ്ടമാണ് ഓൺലൈൻ കൂട്ടായ്മയിലൂടെ സിനിമ സംവിധാനം ചെയ്യാനുള്ള ആദ്യ അവസരമുണ്ടാക്കിയത്. ചിത്രം ‘ഞാവൽപ്പഴങ്ങൾ.’ രണ്ടാമതും അതേ കൂട്ടായ്മ അവസരം വെച്ചുനീട്ടിയത് അയ്യങ്കാളിയുടെ ജന്മദിന ആഘോഷവേളയിലാണ്. സുഹൃത്ത് തയ്യാറാക്കിയ തിരക്കഥയിൽ പറയുന്ന ഭൂമിയുടെ രാഷ്ട്രീയം ജീവയ്ക്ക് ഇഷ്ടമായി.

‘റിക്റ്റർ സ്‌കെയിൽ 7.6’ എന്ന സിനിമ യാഥാർഥ്യമാക്കുമ്പോൾ വെല്ലുവിളികൾ ധാരാളമുണ്ടായി. സിനിമയുടെ ചിത്രീകരണത്തിന് രണ്ടുദിവസം മുമ്പാണ് ജീവ ഗർഭിണിയാണെന്ന് അറിഞ്ഞത്. പക്ഷേ, പിൻതിരിഞ്ഞ് പോകാൻ ശ്രമിച്ചില്ല. ഡോക്ടർ വിശ്രമംവേണമെന്ന് പറഞ്ഞപ്പോൾ കുടുംബവും സുഹൃത്തുക്കളും അണിയറപ്രവർത്തകരും ശക്തമായ പിന്തുണയുമായി ഒപ്പംനിന്നു. അതോടെ ധൈര്യമായി. ലൂസിഫർ ഫെയിം മുരുകൻ മാർട്ടിൻ, അശോകൻ പെരിങ്ങോട് എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

jeeva
ചിത്രീകരണത്തിനിടയിൽ

‘ഒരു പക്ഷേ, അന്ന് സിനിമ ചെയ്തില്ലായിരുന്നെങ്കിൽ മറ്റൊരിക്കൽ സിനിമചെയ്യാനുള്ള അവസരം കിട്ടാൻ വൈകിയേനേ. അതുകൊണ്ട് സിനിമയ്ക്ക് മുൻപിൽ പല ക്ഷീണവും വഴിമാറിപ്പോയി. ഇപ്പോൾ മകൾ സമുദ്രയ്ക്ക് മൂന്ന് വയസ്സ്,’-ജീവ പറയുന്നു.

എറണാകുളം തേവര സേക്രഡ്‌ ഹാർട്ട് കോളേജിൽ വിഷ്വൽ കമ്യൂണിക്കേഷൻസ്‌ അധ്യാപികയായ ജീവ പുതിയ സിനിമയുടെ പണിപ്പുരയിലാണ്.

പാലാ സെന്റ്‌ തോമസ് കോളേജിൽനിന്ന് ബി.എ. കമ്യൂണിക്കേഷൻസ്‌ പൂർത്തിയാക്കിയ ജീവ ഫൈൻ ആർട്‌സിലാണ് ബിരുദാനന്തര ബിരുദം നേടിയത്. കടുത്തുരുത്തി ആപ്പാഞ്ചിറ കാളായി വീട്ടിൽ പരേതനായ പോലീസ് ഇൻസ്‌പെക്ടർ കെ.കെ.ജനാർദനന്റെയും എം.ജി.സാവിത്രിയുടെയും മകളാണ്. ഭർത്താവ് വയലിനിസ്ററ് പി.വി.നിശാന്ത്.

Content Highlights: Director K.K. Jeeva and her film production experiences, Women