ലയാളി സ്ക്വാഷ് താരം ദീപിക പള്ളിക്കൽ അമ്മയായി. ഭർത്താവും ക്രിക്കറ്റ് താരവുമായ ദിനേഷ് കാർത്തിക്കിനും തനിക്കും ഇരട്ടക്കുട്ടികൾ ജനിച്ച വിവരം ട്വിറ്ററിലൂടെയാണ് താരം പുറത്തുവിട്ടത്. ദിനേശ് കാർത്തിക്കിനും കുഞ്ഞുങ്ങൾ‌ക്കുമൊപ്പമുള്ള ചിത്രങ്ങളും ദീപിക പങ്കുവച്ചിട്ടുണ്ട്. 

മനോഹരമായൊരു കുറിപ്പോടെയാണ് ദീപിക ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.അങ്ങനെ മൂന്നുപേർ അഞ്ചുപേരായി എന്നാണ് ദീപിക ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ദിനേശും മക്കളും ഓമനമൃ​ഗവും ഉൾപ്പെടെയാണ് ചിത്രത്തിലുള്ളത്. മക്കൾക്ക് കബീർ പള്ളിക്കൽ കാർത്തിക്, സിയാൻ പള്ളിക്കൽ കാർത്തിക് എന്നിങ്ങനെയാണ് പേരുകൾ നൽകിയിരിക്കുന്നതെന്നും തങ്ങൾ അതീവ സന്തോഷത്തിലാണെന്നും ദീപിക കുറിച്ചു. 

2013ലാണ് ദിനേശ് കാർത്തിക്കും ദീപികയും വിവാഹിതരാകുന്നത്. 2006ലാണ് ദീപിക പ്രൊഫഷണൽ സ്ക്വാഷിനു തുടക്കമിടുന്നത്. പ്രൊഫൽണൽ സ്ക്വാഷ് അസോസിയേഷന്റെ വനിതാ റാങ്കിങ്ങിൽ ആദ്യപത്തിലിടം നേടിയ ആദ്യ ഇന്ത്യക്കാരിയുമാണ് ദീപിക.

കാലിലെ പരിക്കുമൂലം രണ്ടുവർഷത്തോളമായി വിട്ടുനിൽക്കുന്ന ദീപിക ദീപിക അടുത്ത വര്‍ഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തിരിച്ചെത്തുമെന്നാണ് സൂചന.

Content Highlights: Dinesh Karthik, Dipika Pallikal Blessed With Twins