പെർഫെക്റ്റ് ലുക്കിലായിരിക്കണം വധു വേദിയിൽ എത്തേണ്ടതെന്ന വിവാഹ സങ്കൽപങ്ങൾ പുലർത്തുന്നവർ ഇന്നുമുണ്ട്. അത്തരം സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കിയ ഒരു വിവാഹമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. നടൻ ദിലീപ് ജോഷിയുടെ മകൾ നിയതിയുടെ വിവാഹമാണ് വ്യത്യസ്തമായ കാരണത്താൽ ചർച്ചയിൽ നിറയുന്നത്. 

ബുധനാഴ്ചയായിരുന്നു നിയതിയുടെ വിവാഹം. പരമ്പരാ​ഗത ​ഗുജറാത്തി ആചാര പ്രകാരമാണ് നിയതി വിവാഹിതയായത്. എന്നാൽ വേദിയിലെത്തിയ വധുവിന്റെ മുടിയിഴകളുടെ നിറമാണ് പലരെയും അതിശയിപ്പിച്ചത്. തന്റെ നരച്ച മുടിയിഴകൾ മറയ്ക്കുകയോ കളർ ചെയ്യുകയോ ചെയ്യാതെയാണ് നിയതി വധുവായി ഒരുങ്ങിയത്. 

സ്ഥിരം വധൂ സങ്കൽപങ്ങളെ തിരുത്തിയ നിയതി വിമർശനങ്ങളും നേരിടുകയുണ്ടായി. ഇത്ര അണിഞ്ഞൊരുങ്ങിയിട്ടും എന്തുകൊണ്ട് നിയതി നര മറച്ചില്ല എന്നും വിവാഹ​ദിനത്തിലെങ്കിലും മുടി കളർ ചെയ്യാമായിരുന്നു എന്നും ഇപ്പോൾ കണ്ടാൽ വധുവിന്റെ അമ്മയെപ്പോലെ ഉണ്ട് എന്നുമൊക്കെ കമന്റുകൾ ഉയർന്നു. 

എന്നാൽ വിമർശകർക്കൊപ്പം നിയതിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നവരും ഉണ്ട്. മനോഹരമായ ചിത്രങ്ങൾ എന്നും നര മറയ്ക്കാതെ ന്യൂനതകളെ പുൽകിയതിന് നന്ദി എന്നും അവനവനിൽ‌ വിശ്വസിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക എന്നതാണ് യഥാർഥ സൗന്ദര്യമെന്ന് നിയതി തെളിയിച്ചു എന്നും ആളുകൾ എന്തു വിചാരിക്കുമെന്ന് ആകുലപ്പെടാത്തവർ ഇന്നും ഉണ്ട് എന്നതിൽ അഭിമാനിക്കുന്നു എന്നുമൊക്കെ പോകുന്നു അനുകൂലിക്കുന്നവരുടെ കമന്റുകൾ. 

Content Highlights: dilip joshi daughter niyati wedding, grey hair on wedding, breaking stereotypes