രിക്കലും നനയാത്ത കണ്ണുകളുടെ ഉടമയാണ് ശനീചരി. തന്റേത് മാത്രം എന്ന ഉറപ്പുള്ളപ്പോഴും, തൊട്ടശുദ്ധമാക്കാതെ നിശ്ചിതമായ ഒരകലത്തില്‍ മാറ്റി നിര്‍ത്തിയ പ്രണയമാണു 'രുദാലി'എന്ന മനോഹര സിനിമ വരച്ചിടുന്നത്. പെയ്യാനാകാതെ കെട്ടി നിര്‍ത്തിയ മേഘക്കൂട്ടങ്ങളുടെ പൊരിച്ചിലുകളെ മുഴുവന്‍ മിഴികളിലെ വിഹ്വലതകളാക്കി മാറ്റി 'ദില്‍ ഹും ഹും കരേ' എന്ന് ശനീചരി പാടിയപ്പോള്‍ ഇന്ത്യന്‍ സംഗീതരംഗത്ത് ഒരു ഇതിഹാസം ജനിക്കുകയായിരുന്നു. ലതാ മങ്കേഷ്‌കറിന്റേയും, ഭൂപന്‍ ഹസാരികയുടേയും മാസ്മര ശബ്ദത്തില്‍ ഒഴുകിപ്പരന്ന ആ ഗാനം തൊട്ടുലയ്ക്കാത്ത മനസ്സുകള്‍ ഇല്ല.

ഹൃദയമിടിപ്പിനു സാധാരണഗതിയില്‍ ഉപയോഗിക്കുന്ന ഹിന്ദി വാക്കായ 'ധക് ധക്' നു പകരം അസമീസ് ഭാഷയില്‍ നിന്നും കടം എടുത്ത 'ഹും ഹും' എന്നുപയോഗിച്ചത് ഗാനരചയിതാവും, മഹാപ്രതിഭയുമായ ഗുത്സാറിന്റെ ബുദ്ധിയായിരുന്നു. തടകെട്ടി നിര്‍ത്തിയ ദുഃഖങ്ങളുടെ ചൂടില്‍ കിടന്നു പൊട്ടിപ്പൊരിയുന്ന പ്രണയവും, ദുഃഖവുമെല്ലാം ഒരു പക്ഷിക്കുഞ്ഞിന്റെ നിസ്സഹായമായ നോട്ടത്തില്‍ ഒതുക്കി ഭൂമിയോളം താഴുന്ന ശനീചരിയുടെ ഹൃദയത്തിന്റെ താളത്തിനു ഏറ്റവും അനുയോജ്യമായ സ്വരവും, സംഗീതവും തന്നെയായിരുന്നു അത്. ഉയരങ്ങളിലേയ്ക്ക് പറക്കുമോ എന്ന ഭയത്തില്‍ ചിറകുകള്‍ മുറിച്ച് കളഞ്ഞവളുടെ നിസ്സഹായതയുടെ മിടിപ്പുകളായി ആസ്വാദക ലോകം അവയെ നെഞ്ചിലേറ്റി. ജാതിയുടേയും, സ്ഥാനമാനങ്ങളുടെയും വിലക്കുകളില്‍ കരിഞ്ഞുപോയ സ്വപ്നങ്ങള്‍ ശനീചരി കയ്യില്‍ സൂക്ഷിക്കുന്നത് എപ്പോള്‍ വേണമെങ്കിലും അവയെ പച്ചയിലേയ്ക്ക് നടത്താവുന്ന ഒരു മാജിക് വാന്‍ഡ് മടിയില്‍ ഇരിക്കുന്നതിന്റെ സുരക്ഷിത ബോധത്തിലാണ്.

രാജസ്ഥാന്‍ മരുഭൂമിയുടെയും, ശനീചരിയുടെ കണ്ണുകളുടേയും ചൂടിന്റെ പശ്ചാത്തലത്തില്‍ നമ്മള്‍ കണ്ടും കേട്ടും പരിചയിച്ച ആ ഗാനത്തിന്റെ മാജിക്,  വര്‍ഷങ്ങള്‍ക്കു ശേഷം നമ്മളിലേയ്ക്ക് മറ്റൊരു രീതിയില്‍ എത്തിയ്ക്കുകയാണ് അനുഗ്രഹീത ഗായിക രേണുകാ അരുണ്‍. തനതു ആലാപന ശൈലിയില്‍, വ്യത്യസ്തമായ ട്രീറ്റ്‌മെന്റ് കൊണ്ട് ഈ ഗാനത്തിനെ ആത്മാവ് നഷ്ടപ്പെടാതെ മറ്റൊരു തലത്തില്‍ അനുഭവിപ്പിയ്ക്കുവാന്‍ രേണുകയുടെ മനോഹര ശബ്ദത്തിനാകുന്നുണ്ട്.

renuka
Image: Renuka 

വര്‍ത്തമാനത്തിന്റെ ഉച്ചച്ചൂടില്‍ നിന്ന് മറന്നുവച്ച വേരുകളുടെ പശ്ചാത്തലത്തിലേയ്ക്കുള്ള രക്ഷപ്പെടലാണ് വ്യത്യസ്തമായി ചിത്രീകരിച്ച ഈ ആല്‍ബത്തിലുള്ളത്. ജനിച്ചുവളര്‍ന്ന ഇടത്തിന്റെ നന്മയേയും, പച്ചപ്പിനേയും അല്പം പോലും അസ്വസ്ഥമാക്കാതെ, പഴയ കാല ഓര്‍മ്മകളിലൂടെ നടന്നു അവയെയെല്ലാം തൊട്ടു നോക്കിയശേഷം, പറന്നു തളരുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും തിരികെ അണയാവുന്ന തണലുകളുടെയും പച്ചയുടലുകളുടെയും ഉറപ്പിന്റെ സുരക്ഷിത ബോധത്തില്‍ വെയിലിലേയ്ക്ക് തിരികെ നടന്നകലുന്നവളാണ് ഇപ്പോള്‍ ഈ ഗാനത്തിന്റെ പശ്ചാത്തലത്തില്‍.

അനശ്വരമായ ഒരു ഗാനം പുനരാവിഷ്‌കരിക്കുമ്പോള്‍ പാലിയ്‌ക്കേണ്ട ഒരു നൈതിക ബോധം ഈ പുതുപതിപ്പില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. സംഗീത ജീവിതത്തില്‍ എഴുപത്തിയഞ്ചുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ലത മങ്കേഷ്‌കര്‍ക്കും, അസമിന്റെ തനത് സംഗീതത്തെ ലോകത്തിനു പരിചയപ്പെടുത്തിയ ഭൂപെന്‍ ഹസാരികയ്ക്കും ഗാനം സമര്‍പ്പിക്കുകയാണ് രേണുക അരുണ്‍. 

ഗിറ്റാറും (സുമേഷ് പരമേശ്വര്‍)ഫ്‌ലൂട്ടും സാക്‌സഫോണും(ജോസി ആലപ്പുഴ)ഗാനത്തിനൊപ്പം സഞ്ചരിക്കുകയാണ്. ഓര്‍മ്മകളിലൂടെ കടന്നു പോകുന്നത് ഒരു കുട്ടിയുടെ കണ്ണിലൂടെ ആകുമ്പോള്‍ കുസൃതിയും കൗതുകവും അമ്പരപ്പും കൂടിച്ചേര്‍ന്ന ദൃശ്യങ്ങള്‍ ആലാപനത്തിനോട് ചേര്‍ന്നു നില്‍ക്കുന്നു.

ഗാനം കാണുവാനായി ലിങ്ക് നോക്കാം