തിനാറാം വയസ്സിലാണ് നടിയും മോഡലുമായ ദിയ മിര്‍സയെ ഒരു മോഡലിങ് ഏജന്റ് കണ്ടെത്തുന്നത്. അവിടെ നിന്നുള്ള യാത്ര ദിയയെ എത്തിച്ചത് 18-ാം വയസ്സില്‍ ഏഷ്യ പസഫിക്ക് ഇന്റര്‍നാഷണല്‍ കിരീടത്തിലേക്കാണ്. ഫിലിപ്പീൻസില്‍ നടന്ന ആ മത്സരം ദിയയുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ചു. താര ആന്‍ ഫോന്‍സെസയാണ് ദിയക്ക് മുമ്പ് ഈ കിരീടം നേടിയ മറ്റൊരു ഇന്ത്യക്കാരി. അതും 27 വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഏഷ്യ പസഫിക്ക് ഇന്റര്‍നാഷണല്‍ പേഗന്റ് എന്ന പദവി തന്റെ ലോകത്തെ മുഴുവന്‍ മാറ്റി മറിച്ചെന്ന് പറയുകയാണ് ദിയ പുതിയ ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ. 

സൗന്ദര്യകിരീടം നേടിയതിന്റെ ഇരുപതാംവാര്‍ഷിക ദിനത്തിലാണ് ദിയയുടെ ഈ കുറിപ്പ്. ' മിസ് ഏഷ്യ പസഫിക്ക് ഇന്റര്‍നാഷണല്‍ കിരീടം നേടുമ്പോള്‍ ഞാന്‍ ഒരു സാധാരണ പതിനെട്ടുകാരിയായിരുന്നു. എന്നാല്‍ ആ നിമിഷം മുതല്‍ എന്റെ ലോകം ആകെ മാറി മറിഞ്ഞു. ' ദിയ കുറിച്ചു. ' ഞാന്‍ അപ്പോഴും പഴയപോലെയായിരുന്നു. എങ്കിലും ആ വിജയം എന്നെ പുതിയൊരു ജീവിതത്തിലേക്ക് മാറ്റുകയായിരുന്നു. എല്ലാം സംഭവിക്കാനുള്ളതു തന്നെയായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു.' 

മത്സരസമയത്ത് ദിയയുടെ അച്ഛന്‍ റോബര്‍ട്ട് ഫ്രോസ്റ്റിന്റെ സ്റ്റോപ്പിംഗ് വുഡ്‌സ് സ്‌നോയി ഈവനിംഗ് എന്ന കവതയിലെ വരികള്‍ കുറിച്ച ഒരു കാര്‍ഡ് അവള്‍ക്ക് നല്‍കിയിരുന്നു. ഉറങ്ങുന്നതിന് മുമ്പ് ദൂരങ്ങള്‍ ഏറെ താണ്ടാനുണ്ട്.. എന്നു തുടങ്ങുന്ന ആ വരികള്‍ എല്ലാ രാത്രിയിലും താന്‍ വായിച്ചിരുന്നെന്നും അത് നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നുവെന്നും ദിയ.

Content Highlights: Dia Mirza on completing 20 years of winning Miss Asia Pacific title