മാതൃത്വം തന്നിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് നിരന്തരം പങ്കുവെക്കാറുള്ള താരമാണ് ബോളിവു‍ഡ് നടി ദിയ മിർസ. കഴിഞ്ഞ ഏപ്രിലിലാണ് ദിയ അമ്മയാകാൻ പോവുകയാണെന്ന വിവരം പങ്കുവെച്ചത്. കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങളും ദിയ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ​ഗർഭകാലത്ത് താൻ കടന്നുപോയ പ്രതിസന്ധിയെക്കുറിച്ചും മരണത്തിൽ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് ദിയ. 

അഞ്ചുമാസം ​ഗർഭിണിയായിരിക്കെ നേരിട്ട പ്രതിസന്ധിയെക്കുറിച്ചാണ് ദിയ പങ്കുവെക്കുന്നത്. അഞ്ചാം മാസത്തിൽ തനിക്ക് അപ്പെൻ‍ഡിസൈറ്റിസ് സർജറിയിലൂടെ കടന്നുപോവേണ്ടി വന്നു. ബാക്റ്റീരിയൽ ഇൻഫെക്ഷൻ മൂലം തുടർച്ചയായി ആശുപത്രിയിൽ വന്നും പോയും ഇരിക്കുകയായിരുന്നു. ആറുമാസം ആയപ്പോഴേക്കും രക്തസ്രാവം മൂലം കുഞ്ഞിനെ പുറത്തെടുക്കേണ്ട ഘട്ടമായി. തന്റെയും കുഞ്ഞിന്റെയും ജീവിതം രക്ഷിച്ചതിൽ ​ഗൈനക്കോളജിസ്റ്റിന് നന്ദി പറയുന്നുവെന്നും ദിയ.

അടുത്തിടെ പൂർണ വളർച്ചയെത്തും മുമ്പുണ്ടായ കുഞ്ഞിന്റെ ജനനത്തെക്കുറിച്ച് ദിയ പങ്കുവെച്ചിരുന്നു. പുതുവർഷത്തോട് അനുബന്ധിച്ച് പങ്കുവെച്ച കുറിപ്പിലാണ് മാതൃത്വത്തെക്കുറിച്ചും ഒപ്പം കടന്നുപോയ കഠിനകാലത്തെക്കുറിച്ചും ദിയ പങ്കുവെച്ചത്. മാതൃത്വത്തെ വരവേറ്റതിനെക്കുറിച്ചും അവ്യാൻ എന്ന കുഞ്ഞുരാജകുമാരന്റെ അമ്മയായതിനെക്കുറിച്ചുമൊക്കെയാണ് ദിയയുടെ കുറിപ്പ്.

2021ന് നന്ദി, എന്നെ ഒരു അമ്മയാക്കിയതിന്. അവിശ്വസനീയമായ ആഹ്ലാദങ്ങളാൽ നിറഞ്ഞ വർഷമായിരുന്നു കഴിഞ്ഞതെന്ന് ദിയ കുറിച്ചു. ഒപ്പം മരണത്തിനടുത്തെത്തി തിരികെ വന്ന അനുഭവമുണ്ടായെന്നും പൂർണവളർച്ചയെത്തും മുമ്പുള്ള കുഞ്ഞിന്റെ ജനനത്തെക്കുറിച്ചും ഉൾപ്പെടെയുള്ള പരീക്ഷണകാലത്തെക്കുറിച്ചും ദിയ കുറിച്ചു. 

നിരവധി കാര്യങ്ങൾ പഠിച്ചു. കഠിനമായ സമയങ്ങൾ ദീർഘകാലം ഉണ്ടാകില്ലെന്ന പാഠമാണ് ഏറ്റവും വലുത്. കൃതജ്ഞതയുളളവരാവുക. ഓരോ ദിനവും ആസ്വദിക്കുക- ദിയ കുറിച്ചു. 

അവ്യാൻ പിറന്ന് നാലുമാസമായതോടെ ഷൂട്ടിങ് തിരക്കുകളിലേക്കും മറ്റും താൻ തിരിച്ചു വന്നുവെന്ന് ദിയ നേരത്തേ പറഞ്ഞിരുന്നു. നാലുമണിക്കൂർ പോലും അവ്യാനിൽ നിന്ന് മാറിനിൽ‌ക്കുക പ്രയാസമാണ് എന്നാണ് അന്ന് ദിയ പറഞ്ഞത്. അമ്മ ജോലി ചെയ്യും എന്നും കാരണം അമ്മയ്ക്ക് അവ്യാനു വളരാനായി ലോകത്ത് നല്ലൊരു ഇടം സൃഷ്ടിക്കണമെന്നും ദിയ പറഞ്ഞിരുന്നു. 

Content Highlights: dia mirza death experience, fifth month of pregnancy, motherhood, diya miza baby