Dhanyaസംഗീതപഠനത്തിന്റെയും കച്ചേരികളുടെയും ആദ്യഘട്ടത്തിൽ തന്നെ ധന്യയ്ക്ക് ലഭിച്ചത് സംസ്ഥാന സർക്കാറിന്റെ മികച്ച പുരസ്‌കാരം. കർണാടകസംഗീതം ശാസ്ത്രീയമായി അഭ്യസിക്കുന്ന, 30 വയസ്സിൽ കുറവായവർക്ക് സർക്കാർ നൽകുന്ന ചെമ്പൈ പുരസ്‌കാരമാണ് ഒരാഴ്ച മുമ്പ്‌ ധന്യയ്ക്ക് ലഭിച്ചത്. 

കരമന തളിയൽ ചെല്ലത്തിൽ പി.ധന്യയ്ക്ക് സംഗീതം കൂടപ്പിറപ്പായിരുന്നു. സ്വാതിതിരുനാൾ സംഗീതകോളേജിൽനിന്ന് വിരമിച്ച സംഗീത പ്രൊഫസറായ അമ്മ എം.എൻ.സാവിത്രിയാണ് ധന്യയെ സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചത്. പ്ലസ് ടു പഠനത്തിനു ശേഷം പാൽക്കുളങ്ങര കെ.അംബികാദേവിയിൽ നിന്നു ശാസ്ത്രീയസംഗീതം ചിട്ടയോടെ അഭ്യസിച്ചു. 

സംഗീതരംഗത്തെ പ്രഗത്ഭരായ പാറശ്ശാല പൊന്നമ്മാൾ, മാവേലിക്കര പ്രഭാകരവർമ, ഡോ. കെ.ഓമനക്കുട്ടി, ജി.സീതാലക്ഷ്മി, ഡോ. സീതാരാജൻ, രാമവർമ എന്നിവരുടെ ക്ലാസുകളിൽ ഇതിനിടയിൽ പങ്കെടുക്കാൻ കഴിഞ്ഞത് ധന്യയിലെ സംഗീതവിദ്യാർഥിക്ക് വേറിട്ട പരിശീലനം നൽകി. അഞ്ചു കൊല്ലത്തോളം ജി.ബാലാംബാളുടെ ശിഷ്യത്വത്തിൽ വീണയും അഭ്യസിച്ചു. പാരമ്പര്യവും അഭ്യസനവും ഒരുമിച്ചപ്പോൾ ധന്യയുടെ സംഗീതപഠനം ഒന്നാംനിരയിലേക്ക് ഉയർന്നു. 

ഗവ. വിമെൻസ് കോളേജിൽ നിന്ന് ബി.എ. മ്യൂസിക്‌ ഒന്നാം റാങ്കോടെ പാസായ ധന്യ കേരള യൂണിവേഴ്‌സിറ്റിയുടെ സംഗീതവിഭാഗത്തിൽനിന്ന് രണ്ടാം റാങ്കോടെ എം.എ.യും നേടി. ഇപ്പോൾ ഡോ. ബി.അരുന്ധതിയുടെ കീഴിൽ സംഗീതത്തിൽ ഗവേഷണം നടത്തുകയാണ്.     സംഗീതക്കച്ചേരികൾക്ക് പ്രസിദ്ധമായ നിരവധി ക്ഷേത്രങ്ങളിലും സഭകളിലും ധന്യ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. ആകാശവാണിയിൽ ബി. ഗ്രേഡ് ആർട്ടിസ്റ്റാണ്. ജില്ലാ-ഉപജില്ലാ തലത്തിൽ നിരവധി മത്സരങ്ങളിൽ സമ്മാനാർഹയായ ധന്യയ്ക്ക് വിവിധ സംഘടനകളുടെ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം മ്യൂസിക്‌ കോളേജ്, പാലക്കാട് ചെമ്പൈ സ്മാരക ഗവ. മ്യൂസിക്‌ കോളേജ് എന്നിവിടങ്ങളിൽ ഗസ്റ്റ് ലക്ചറർ ആയും കോട്ടൺഹിൽ സ്‌കൂളിൽ സംഗീതാധ്യാപികയായും ജോലി ചെയ്തിരുന്നു.    സംഗീതവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിലെ റിട്ട. ഉദ്യോഗസ്ഥൻ പരേതനായ എം.പരമേശ്വരൻ പോറ്റിയാണ് അച്ഛൻ. ഭർത്താവ് അരുൺലാൽ രാമചന്ദ്രൻ തിരക്കഥാകൃത്താണ്. മൂന്നു വയസ്സുകാരൻ ധ്രുവൻ മകനാണ്.